ലാല്‍സലാം ഡിവൈഎഫ്‌ഐ; ട്രാന്‍സ്‌ജെന്‍ഡര്‍ യൂണിറ്റിട്ട് രാജ്യത്തിന് മാതൃക

ചരിത്രപരമായ തീരുമാനമെടുത്ത് ഡിവൈഎഫ്‌ഐ; രാജ്യത്ത് ആദ്യമായി രാഷ്ട്രീയ യുവജനസംഘടന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മാത്രമായി യൂണിറ്റിട്ടു. സംസ്ഥാനമൊട്ടാകെ ട്രാന്‍സ്‌ജെന്‍ഡര്‍ യൂണിറ്റുകള്‍ വരും

ലാല്‍സലാം ഡിവൈഎഫ്‌ഐ; ട്രാന്‍സ്‌ജെന്‍ഡര്‍ യൂണിറ്റിട്ട് രാജ്യത്തിന് മാതൃക

രാജ്യത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അംഗത്വം നല്‍കി രാഷ്ട്രീയ യുവജന സംഘടന. ഡിവൈഎഫ്‌ഐയാണ് ചരിത്രപരമായ തീരുമാനത്തിലൂടെ ലൈംഗിക ന്യൂനപക്ഷത്തിന് ലാല്‍സലാം പ്രഖ്യാപിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ ക്വീന്‍ ശ്യാമ, ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് സംസ്ഥാനസമിതിയംഗം സൂര്യ അഭിലാഷ് തുടങ്ങിയവര്‍ക്കാണ് ഡിവൈഎഫ്‌ഐ അംഗത്വം. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ സംഘടനയായ ഒയാസിസ് വൈസ് പ്രസിഡന്റും പാചകവിദഗ്ധയുമായ സന്ധ്യരാജേഷ്, ഒയാസിസ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ അലീന, അസ്മ, മിമിക്രി ആര്‍ട്ടിസ്റ്റ് വൈഷ്ണവി തുടങ്ങിയവര്‍ക്കാണ് ഡിവൈഎഫ്‌ഐ അംഗത്വം വിതരണം ചെയ്തത്. സംസ്ഥാനമൊട്ടാകെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് അംഗത്വം നല്‍കാനാണ് ഡിവൈഎഫ്‌ഐ തീരുമാനം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം പിഎംജി യൂണിറ്റ് രൂപീകരിച്ചു. പതിനൊന്നുപേര്‍ ഇതില്‍ അംഗങ്ങളാകും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍, സര്‍ക്കാര്‍ തലത്തില്‍ കിട്ടേണ്ട ആനുകൂല്യങ്ങള്‍, സഹായങ്ങള്‍ തുടങ്ങിയവ ഇനി ഡിവൈഎഫ്‌ഐയുടെ മുദ്രാവാക്യങ്ങളുമാകും.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഡിവൈഎഫ്‌ഐ അംഗീകരിച്ചത് ഏറെ അഭിമാനകരമാണ്. ഡിവൈഎഫ്‌ഐയുടെ മാതൃകയില്‍ എല്ലാ രാഷ്ട്രീയ സംഘടനകളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍പ്പെടുത്തണം- ഒയാസിസിന്റെ സെക്രട്ടറിയും സിഡിഎസ് ആര്‍ക്കൈവ് അസിസ്റ്റന്റുമായ ശ്രീമയി നാരദാന്യൂസിനോട് പറഞ്ഞു. ശ്രീമയി അംഗത്വം എടുത്തിട്ടില്ല. അതേസമയം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് രാഷ്ട്രീയ സംഘടനകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ശ്രീമയി പിന്തുണ പ്രഖ്യാപിക്കുന്നു. ഈ തീരുമാനമെടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മറ്റ് പാര്‍ട്ടികള്‍ക്കും പ്രചോദനമാകട്ടെ. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പി എസ് സി ഇനിയും അംഗീകരിച്ചിട്ടില്ല. അതെല്ലാം ഡിവൈഎഫ്‌ഐയും ഉന്നയിക്കുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ടാകും എന്ന ശുഭസൂചനയാണ് ഈ അംഗത്വത്തിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്- ശ്രീമയി പറഞ്ഞു.

ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് ശ്രീമയി

രാജ്യത്ത് ആദ്യമായി നടന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രചോദനാത്മകമായി പ്രസംഗിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍നിന്ന് എംഎല്‍എമാരും മന്ത്രിമാരുമുണ്ടാകണമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. സെക്രട്ടറിയുടെ വാക്കുകള്‍ പാര്‍ട്ടിയുടെ യുവജന സംഘടന പ്രാവര്‍ത്തികമാക്കി എന്നത് ഡിവൈഎഫ്‌ഐക്ക് ഏറെ അഭിമാനകരമാണ്.

സംസ്ഥാനതലത്തില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വിപുലമായ ട്രാന്‍സ്‌ജെന്‍ഡര്‍ കണ്‍വെന്‍ഷനും വൈകാതെ നടക്കും. ഡിവൈഎഫ്‌ഐ നേതാവും എംപിയുമായ എംബി രാജേഷ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പൊലീസ് നിലവില്‍ വരണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

Read More >>