'സോണിയയ്ക്കും രാഹുലിനും കോണ്‍ഗ്രസിനെ എറിഞ്ഞുകൊടുത്തവര്‍ക്ക് ഇന്ത്യന്‍ ജനത മാപ്പു നല്‍കില്ല'; നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ. കെ എസ് രാധാകൃഷ്ണന്‍

"മുഖസ്തുതിക്കാരായ അവസരവാദികളാല്‍ അവരോധിക്കപ്പെടുന്ന എ ഐ സി സി പ്രസിഡന്റിനേക്കാള്‍ എത്രയോ കരുത്തുള്ളതും അന്തസുള്ളതുമായിരിക്കും വിമര്‍ശകരായ അണികളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന എ ഐ സി സി പ്രസിഡന്റ്. തന്‍വാക്കുകള്‍ക്ക് മറുവാക്ക് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത ഹൈക്കമാന്റും മുഖസ്തുതി മാത്രം പറഞ്ഞു ശീലിച്ച അവസരവാദികളായ നേതാക്കളും അവരുടെ ഒടുങ്ങാത്ത ആര്‍ത്തി ശമിപ്പിക്കാനുള്ള ഒളിസങ്കേതമായി കോണ്‍ഗ്രസ്സിനെ മാറ്റിയിരിക്കുന്നു" -കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ. കെ എസ് രാധാകൃഷ്ണന്‍

സോണിയയ്ക്കും രാഹുലിനും കോണ്‍ഗ്രസിനെ എറിഞ്ഞുകൊടുത്തവര്‍ക്ക് ഇന്ത്യന്‍ ജനത മാപ്പു നല്‍കില്ല; നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ. കെ എസ് രാധാകൃഷ്ണന്‍

പുത്ര വാത്സല്യം കൊണ്ട് കണ്ണും മനസ്സും കെട്ടുപോയ ഒരമ്മയുടെയും അവരുടെ തന്നിഷ്ടക്കാരനായ മകന്റെയും ഇഷ്ട്ടാനിഷ്ടങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ എറിഞ്ഞു കൊടുത്ത കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഇന്ത്യന്‍ ജനത ഒരിക്കലും മാപ്പു നല്‍കില്ലെന്ന് മുന്‍ പി എസ് എസി ചെയര്‍മാനും കോണ്‍ഗ്രസ് അനുഭാവിയുമായ ഡോ കെ എസ് രാധാകൃഷ്ണന്‍. 'കേരളന്യൂസ് നെറ്റ്‌വർക്ക് ഡോട്ട് കോമി'ൽ 'സമീക്ഷ' എന്ന പ്രതിവാര പംക്തിയിലാണ് കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന കെ എസ് രാധാകൃഷ്ണന്റെ ലേഖനമുള്ളത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സന്ധിബന്ധമറ്റ് ഇന്ത്യയിലാകെ ചിതറിക്കിടക്കുന്നു.ആധുനിക ഇന്ത്യയുടെ ഭൂപടം വരച്ചുണ്ടാക്കിയ മഹാപ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്. ഊര്‍ജം പകര്‍ന്ന് സന്ധിബന്ധങ്ങളെയെല്ലാം ചേര്‍ത്ത് ജീവസുറ്റ ഒരു പ്രസ്ഥാനമാക്കി കോണ്‍ഗ്രസിനെ മാറ്റാന്‍ കെല്‍പ്പുള്ള നേതൃത്വം ഇന്ന് കോണ്‍ഗ്രസ്സിനില്ല.കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധിക്കും അതിനുള്ള കരുത്തില്ല. ഇക്കാര്യം പക്ഷെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും എ കെ ആന്റണിക്കും ഒന്നുകില്‍ അറിയില്ല അല്ലെങ്കില്‍ അവര്‍ അറിഞ്ഞ ഭാവം നടിക്കുന്നില്ല. ഇന്ത്യന്‍ ജനതയോടും ഇന്ത്യന്‍ സംസ്‌കാരത്തോടും ഈ നേതാക്കള്‍ നടത്തുന്നത് മാപ്പര്‍ഹിക്കാത്ത ക്രൂരതയാണ്. മഹത്തായ ഒരു രാഷ്ട്രീയ സംസ്‌കാരത്തെ നശിപ്പിച്ചതിന് ചരിത്രം അവരോട് കണക്ക് ചോദിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എ ഐ സി സി പ്രസിഡന്റ് അടക്കമുള്ള നേതാക്കളുടെയോ ആ പ്രസ്ഥാനം വഴി ജനപ്രതിനിധികളാകാന്‍ സൗഭാഗ്യം സിദ്ധിച്ചവരുടെയോ പൊതു സ്വത്തല്ല; കോണ്‍ഗ്രസ്സ് അംഗങ്ങളുടെയും സ്വകാര്യ സ്വത്തല്ല. ഒന്നിനും വേണ്ടിയല്ലാതെ ഈ പ്രസ്ഥാനത്തിന് വേണ്ടി വോട്ട് ചെയ്യുകയും ഊര്‍ജം നല്‍കുകയും ചെയ്ത കോടാനുകോടി സാധാരണ മനുഷ്യര്‍ക്ക് കൂടി അവകാശമുള്ള പ്രസ്ഥാനമാണിത്. ഇന്ത്യക്കാരനുഭവിച്ച ജന്മാവകാശങ്ങളിലൊന്നാണത്. ജനാതിപത്യ മതേതര സമത്വബോധത്തിന്റെ ഇന്ത്യന്‍ മാതൃക സൃഷ്ടിച്ച പ്രസ്ഥാനമാണത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അംഗീകൃത പ്രതിപക്ഷമാകാന്‍ പോലുമുള്ള അംഗബലം കോണ്‍ഗ്രസ്സിന് ലഭിച്ചില്ല. തുടര്‍ന്ന് വന്ന മുഴുവന്‍ തെരഞ്ഞെടുപ്പുകളിലും ദയനീയമായി തോറ്റു. എന്ത് കൊണ്ടാണ് കോണ്‍ഗ്രസ്സിന് ഈ ദുര്‍ഗതി വന്നത് എന്ന് പരിശോധിക്കാന്‍ വരെ എ ഐ സി സി യോഗം ചേര്‍ന്നിട്ടില്ല. തുണിയുടുക്കാത്ത രാജാവിന്റെ അംഗവസ്ത്രങ്ങളെക്കുറിച്ച് അലങ്കാര ഭാഷയില്‍ കാവ്യം ചമയ്ക്കുന്ന ആര്‍ത്തി പണ്ടാരങ്ങളായ കവികളെപ്പോലെ, നിലവിലുള്ള എ ഐ സി സി നേത്രത്വത്തിന്റെ മഹത്വം വിളമ്പി പട്ടും വളയും കരസ്ഥമാക്കുന്ന അവസരവാദികളുടെ അഭയസങ്കേതമായി എ ഐ സി സി ഓഫീസും പരിസരവും മാറിയിരിക്കുന്നെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

നേതൃത്വത്തിന്റെ ഇഷ്ട്ടഗാനങ്ങള്‍ക്ക് ഒപ്പം ചുവടുവയ്ക്കും എന്നുറപ്പുള്ള കപികുഞ്ജരന്മാരെ ഓരോ സംസ്ഥാനത്തും പി സി സി ഭാരവാഹികളും എ ഐ സി സി ഭാരവാഹികളുമാക്കി അദൃശ്യമായ ഹൈകമാന്റ് വിരാജിക്കുന്നു. പണ്ട് ബ്രിട്ടീഷുകാരും ഇതു തന്നെയാണ് പറഞ്ഞത്. എലിസബത്ത് മഹാറാണി തൃക്കണ്‍പാര്‍ത്തില്ലെങ്കില്‍ ഇന്ത്യക്കാര്‍ തമ്മിലടിച്ചു മരിക്കുമെന്നാണ് അവര്‍ പ്രചരിപ്പിച്ചിരുന്നത്. ഈ അവസരസേവാവൃന്ദം ഒന്ന് മനസ്സിലാക്കണം; ജനാധിപത്യ സംവിധാനങ്ങളിലെ പ്രശ്നങ്ങള്‍ക്ക് ഏകാധിപത്യ രീതിയല്ല പരിഹാരമാര്‍ഗം.

മുഖസ്തുതിക്കാരായ അവസരവാദികളാല്‍ അവരോധിക്കപ്പെടുന്ന എ ഐ സി സി പ്രസിഡന്റിനേക്കാള്‍ എത്രയോ കരുത്തുള്ളതും അന്തസുള്ളതുമായിരിക്കും വിമര്‍ശകരായ അണികളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന എ ഐ സി സി പ്രസിഡന്റ്. തന്‍വാക്കുകള്‍ക്ക് മറുവാക്ക് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത ഹൈക്കമാന്റും മുഖസ്തുതി മാത്രം പറഞ്ഞു ശീലിച്ച അവസരവാദികളായ ഈ നേതാക്കളും അവരുടെ ഒടുങ്ങാത്ത ആര്‍ത്തി ശമിപ്പിക്കാനുള്ള ഒളിസങ്കേതമായി കോണ്‍ഗ്രസ്സിനെ മാറ്റിയിരിക്കുന്നു. ഇതും ഇന്ത്യ നേരിടുന്ന വെല്ലുവിളിയാണെന്ന് പറഞ്ഞുകൊണ്ടാണ് കെ എസ് രാധാകൃഷ്ണന്‍ ലേഖനം അവസാനിപ്പിക്കുന്നത്.

Read More >>