'മോദി മൂർദാബാദ്' എന്ന് വിളിക്കരുതെന്ന് രാഹുൽ; സ്നേഹത്തിലൂടെ ബിജെപിയെ തോൽപ്പിക്കുമെന്നും വാദം

മോദിയെ സ്നേഹത്താൽ ചോദ്യം ചെയ്യണം. വെറുപ്പ് പ്രചരിപ്പിക്കാതെ സ്നേഹം കൊണ്ടു തന്നെ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

മോദി മൂർദാബാദ് എന്ന് വിളിക്കരുതെന്ന് രാഹുൽ; സ്നേഹത്തിലൂടെ ബിജെപിയെ തോൽപ്പിക്കുമെന്നും വാദം

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മുദ്രാവാക്യം വിളി വിലക്കി കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. 'മോദി മൂർദാബാദ്' എന്ന് വിളിക്കുന്നതിൽ നിന്നാണ് രാഹുൽ പാർട്ടി പ്രവർത്തകരെ വിലക്കിയത്. മൂർദാബാദ് പോലുള്ള വാക്കുകൾ ബിജെപിയും ആർഎസ്എസും ഉപയോ​ഗിക്കുന്നതാണെന്നും അത് അവർക്കു മാത്രമേ ചേരൂവെന്നുമാണ് രാഹുൽ പറഞ്ഞത്.

നമ്മൾ കോൺ​ഗ്രസുകാരാണ്. സ്നേഹത്തിലും വാത്സല്യത്തിലുമാണ് നമ്മൾ വിശ്വസിക്കുന്നത്. അതിലൂടെയാണ് നമ്മള്‍ വിജയം കാണേണ്ടത്. മോദിയെ സ്നേഹത്താൽ ചോദ്യം ചെയ്യണം. വെറുപ്പ് പ്രചരിപ്പിക്കാതെ സ്നേഹം കൊണ്ടു തന്നെ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. ഒഡീഷയിലെ റൂര്‍ക്കേലയിൽ നടന്ന റാലിക്കിടെ പ്രവര്‍ത്തകര്‍ 'നരേന്ദ്രമോദി മൂര്‍ദാബാദ്' എന്ന് വിളിച്ചപ്പോഴായിരുന്നു രാഹുലിന്റെ പ്രതികരണം.

റഫാൽ, കർഷകർക്കും സ്ത്രീകൾക്കും പാവപ്പെട്ട ജനങ്ങൾക്കുമെതിരായ നയങ്ങൾ തുടങ്ങിയവയൊക്കെ നമുക്കു മുന്നിലുണ്ട്. ഇതെല്ലാം കാരണം മോദിയുടെ മുഖഭാവത്തിലും പെരുമാറ്റത്തിലും തന്നെ മാറ്റം വന്നിട്ടുണ്ട്. എല്ലാ ഭാഗത്തുനിന്നും മോദിക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. എല്ലാവരും മോദിയെ ഖരാവോ ചെയ്തിരിക്കുകയാണ്. ഉറപ്പായും മോദിയെ നമ്മള്‍ തോല്‍പ്പിച്ചിരിക്കുമെന്നും രാഹുൽ വിശദമാക്കി.

2018 ജൂണിൽ ലോക്സഭയിൽ നടന്ന ചർച്ചയ്ക്കിടെ രാഹുൽ മോദിയെ കെട്ടിപ്പിടിച്ചത് വാർത്തയായിരുന്നു. എനിക്കു താങ്കളോട് സ്വൽപം പോലും വെറുപ്പില്ല, എന്നാൽ താങ്കളെന്നെ വെറുക്കുന്നു, താങ്കൾക്ക് ഞാൻ പപ്പുവാണ്, എന്നാൽ ഞാൻ താങ്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു, കാരണം ഞാനൊരു കോൺ​ഗ്രസുകാരനാണ് എന്നു പറഞ്ഞായിരുന്നു രാഹുൽ മോദിയെ ആലിം​ഗനം ചെയ്തത്.