ദളിതരോട് അവ​ഗണന; യുപി ബിജെപി എംപി സാവിത്രി ഭായ്​ ഫൂലെ പാർട്ടി വിട്ടു

ദളിതുകൾക്കെതിരെയും അവരുടെ അവകാശങ്ങൾക്കെതിരെയും വലിയ ​ഗൂഡാലോചനയാണ് ബിജെപിയിൽ നടക്കുന്നത്- സാവിത്രി ഭായ്​ ഫൂലെ പറഞ്ഞു.

ദളിതരോട് അവ​ഗണന; യുപി ബിജെപി എംപി സാവിത്രി ഭായ്​ ഫൂലെ പാർട്ടി വിട്ടു

ദളിത് അവ​ഗണനയിൽ പ്രതിഷേധിച്ച് യുപിയിലെ ബഹ്റൈച്ചിലെ ബിജെപി എംപി സാവിത്രി ഭായ് ഫൂലെ പാർട്ടി വിട്ടു. ബിജെപി സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ഭരണഘടനാ ശിൽപി ഡോ. ബി ആർ അം​ബേദ്കറുടെ ചരമവാർഷിക ദനിത്തിൽ ബിജെപിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് താൻ രാജി വയ്ക്കുകയാണെന്നും ഇന്നു മുതൽ ബിജെപിക്കു വേണ്ടി താൻ ഒന്നും ചെയ്യില്ലെന്നും സാവിത്രി വ്യക്തമാക്കി.

താനൊരു ദളിത് സ്ത്രീ ആയതിനാൽ പാർട്ടിക്കകത്ത് തന്റെ ശബ്ദം അവ​ഗണിക്കപ്പെട്ടു. ദളിതുകൾക്കെതിരെയും അവരുടെ അവകാശങ്ങൾക്കെതിരെയും വലിയ ​ഗൂഡാലോചനയാണ് ബിജെപിയിൽ നടക്കുന്നത്. ദളിതർക്കും പിന്നാക്കക്കാർക്കും വേണ്ടിയുള്ള സംവരണം പതിയെ ഒഴിവാക്കപ്പെടുകയാണ്. ഭരണഘടനയ്ക്കു വേണ്ടിയുള്ള തന്റെ പോരാട്ടം തുടരുമെന്നും ജനുവരി 23ന്​ ലഖ്​നോവിൽ മഹാറാലി സംഘടിപ്പിക്കുമെന്നും സാവിത്രി ഭായ്​ ഫൂലെ പറഞ്ഞു.

ദളിത് വിഷയങ്ങൾ ഉന്നയിച്ച് നിരന്തരം പാർട്ടിക്കകത്ത് വിമർശനങ്ങൾ ഉന്നയിച്ചിരുന്ന നേതാവിയിരുന്നു സാവിത്രി. നേരത്തെ, വോട്ട്​ ബാങ്ക്​ ലക്ഷ്യം വെച്ച്​ ഹനുമാൻ ദളിതനായിരുന്നെന്ന​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​ന്റെ പരാമർശത്തിനെതിരെ സാവിത്രി ഭായ്​ ഫൂലെ രംഗത്തു വന്നിരുന്നു. ഹനുമാൻ ദളിതനാ​യിരുന്നെങ്കിൽ ഹനുമാൻ ക്ഷേത്രങ്ങളിൽ ദളിതരെ പൂജാരികളാക്കണമെന്നായിരുന്നു യോഗിയുടെ പരാമർശത്തോട്​ സാവിത്രി ഭായിയുടെ പ്രതികരണം.