കേരളത്തിലെ സിപിഐഎം ഇപ്പോഴും 'ഫ്‌ളക്‌സ്‌ പാർട്ടി'; ​ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കാൻ തയ്യാറാവാത്തതിന്റെ ലക്ഷ്യം സ്വയം മഹത്വവൽക്കരണം

പലയിടത്തും രക്തസാക്ഷികളുടെ ചിത്രങ്ങളെക്കാളും പ്രാധാന്യത്തോടെയാണ് നേതാക്കളുടെ ചിത്രങ്ങളുള്ള ഫ്‌ളക്‌സ്‌ ഉയരുന്നത്. ഇതിനെതിരെ സമ്മേളനങ്ങളിൽ തന്നെ വിമർശനങ്ങൾ ഉയരാനുള്ള സാഹചര്യമുണ്ട്. രക്തസാക്ഷിയെക്കാളും പ്രാധാന്യം നേതാക്കന്മാർക്ക് നൽകുന്നത് പാർട്ടിയുടെ യഥാർത്ഥ കേഡർമാരുടെ ഇടയിൽ വലിയ എതിർപ്പാണ് ഉയർത്തുന്നത്.

കേരളത്തിലെ സിപിഐഎം ഇപ്പോഴും ഫ്‌ളക്‌സ്‌ പാർട്ടി; ​ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കാൻ തയ്യാറാവാത്തതിന്റെ ലക്ഷ്യം സ്വയം മഹത്വവൽക്കരണം

സിപിഐഎം സമ്മേളനങ്ങൾ ​ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാനുള്ള തീരുമാനം പാർട്ടി നേതൃത്വം തന്നെ ലംഘിക്കുന്നു. വിശാഖപട്ടണത്ത് നടന്ന 21ാം പാർട്ടി കോ​ൺ​ഗ്രസിലാണ് സിപിഐഎം സമ്മേളനങ്ങളിൽ പൂർണമായി ​ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാനുള്ള തീരുമാനമെടുത്തത്. എന്നാൽ അടുത്ത പാർട്ടി കോൺ​ഗ്രസ് എത്തിയിട്ടും ഇതുവരെ ​ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുവാൻ പാർട്ടി തയ്യാറായിട്ടില്ല. 22ാം പാർട്ടി കോൺ​ഗ്രസിന് മുന്നോടിയായിട്ടുള്ള വാർത്താസമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമ്മേളനങ്ങൾ പൂർണമായും ​ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാവുമെന്ന് അവകാശപ്പെട്ടിരുന്നു.

എന്നാൽ പാർട്ടി തീരുമാനങ്ങളെല്ലാം തന്നെ കേവലം പ്രഖ്യാപനങ്ങളിൽ ഒതുങ്ങുകയാണ്. ഫ്‌ളക്‌സ്‌ ഉപയോ​ഗം നിർത്തേണ്ടി വരുമെന്നതാണ് സിപിഐഎം ഇതിനെ വേണ്ട വിധം പരി​ഗണിക്കാതെയിരിക്കുന്നതിന്റെ പ്രധാന കാരണം. ​ഫ്‌ളക്‌സ്‌ ഇല്ലാതെയാവുന്നതോടെ നേതാക്കന്മാരുടെ സ്വയം മഹത്വവൽക്കരണം നടത്താനാവില്ല. സിപിഐഎമ്മിന്റെ സംഘടനാ രീതികളെ തള്ളിക്കളഞ്ഞാണ് കേരളത്തിൽ കുറച്ച് കാലമായി നേതാക്കന്മാരുടെ പാടിപുകഴ്ത്തലുകൾക്ക് പാർട്ടി പരിപാടികൾ വേദിയാകുന്നത്. ഇതിനു തടയിടാനുള്ള ഒരു പ്രധാന വഴി കൂടിയായാണ് കേന്ദ്ര നേതൃത്വം ​ഗ്രീൻ പ്രോട്ടോക്കോളിനെ കണ്ടത്. പരിസ്ഥിതി സൗഹാർദപരമായി പാർട്ടി സമ്മേളനങ്ങൾ നടക്കുമെന്നതിനൊപ്പം തന്നെ അനാവശ്യമായി നേതാക്കളുടെ പടങ്ങൾ വെച്ച് നടത്തുന്ന പ്രചരണങ്ങളും ഇതിലൂടെ ഒഴിവാക്കാൻ കഴിയുമെന്നും പാർട്ടി നേതൃത്വം കരുതിയിരുന്നു.

സിപിഐഎമ്മിൽ കരുത്തരായ കേരള ഘടകം തന്നെ ഇത് ലംഘിച്ചപ്പോൾ കേന്ദ്ര നേതൃത്വത്തിനും കാര്യമായി ഒന്നും ചെയ്യാനായില്ലെന്നതാണ് നിലവിലെ സമ്മേളന പ്രചരണങ്ങൾ നൽകുന്ന സൂചന. ബ്രാഞ്ച് സമ്മേളനങ്ങളും ലോക്കൽ സമ്മേളനങ്ങളും ഒരു പരിധി വരെ ​ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് നടന്നത്. എന്നാൽ ഏരിയ സമ്മേളനങ്ങളിലേയ്ക്ക് കടന്നതോടെ സ്ഥിതി മാറി. ഏരിയ സമ്മേളനങ്ങളുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്നത് സിപിഐഎമ്മിന്റെ സുപ്രധാന നേതാക്കളാണ്. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമെല്ലാം സമ്മേളനത്തിന്റെ ഉദ്ഘാടകനായി എത്തും. ഇൗ സാഹചര്യത്തിലാണ് പലയിടത്തും രക്തസാക്ഷികളുടെ ചിത്രങ്ങളെക്കാളും പ്രധാന്യത്തോടെ നേതാക്കളുടെ ചിത്രങ്ങളുള്ള ഫ്‌ളക്‌സ്‌ ഉയരുന്നത്. ഇതിനെതിരെ സമ്മേളനങ്ങളിൽ തന്നെ വിമർശനങ്ങൾ ഉയരാനുള്ള സാഹചര്യമുണ്ട്. രക്തസാക്ഷിയെക്കാളും പ്രധാന്യം നേതാക്കന്മാർക്ക് നൽകുന്നത് പാർട്ടിയുടെ യഥാർത്ഥ കേഡർമാരുടെ ഇടയിൽ വലിയ എതിർപ്പാണ് ഉയർത്തുന്നത്.

വിഎസ് അച്യൂതാനന്ദനും പിണറായി വിജയനും തമ്മിലുള്ള ഉൾപാർട്ടി പോര് രൂക്ഷമായ സമയത്ത്, ജീവിച്ചിരിക്കുന്ന നേതാക്കന്മാരുടെ ചിത്രങ്ങൾ ഉപയോ​ഗിക്കുന്നതിനെതിരെ ശക്തമായ താക്കീതുമായി പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ രം​ഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ നടന്ന, പിണറായി വിജയൻ നയിച്ച കേരള രക്ഷായാത്രയിൽ ആദ്യമായി വലിയ രീതിയിൽ പിണറായിയുടെ പടം ഉപയോ​ഗിച്ചുള്ള പ്രചരണവും നടത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. പലപ്പോഴും വലിയ കോർപ്പറേറ്റ് കമ്പനികൾ വെക്കുന്നത് പോലെയുള്ള പരസ്യങ്ങളും കട്ട്ഒൗട്ടുകളുമാണ് കേരളത്തിലെ സിപിഐഎം ഉപയോ​ഗിക്കുന്നത്. ഹരിത കേരളം പദ്ധതി നടപ്പാക്കിയ പിണറായി വിജയന്റെ സർക്കാർ തന്നെ ഇത് ലംഘിക്കുകയും ചെയ്യുന്നു.

കേരള സർക്കാരിന്റെ പദ്ധതികളുടെ പ്രചരണത്തിനായി ഫ്‌ളക്‌സ്‌ ഉപയോ​ഗിക്കുന്നുണ്ട്. പിണറായി വിജയനെ ഉയർത്തി കാണിച്ചാണ് ഇൗ ഫ്‌ളക്‌സ്‌ ബോർഡുകൾ മുഴുവൻ സ്ഥാപിച്ചിട്ടുള്ളത്. ഇങ്ങനെ മഹത്വവൽക്കരണം നടത്തുന്ന വലിയ ഫ്‌ളക്‌സ്‌ ബോർഡ് ഉപയോ​ഗിക്കുന്നതും ഏരിയ സമ്മേളനങ്ങൾ മുതൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കും. സിപിഐഎമ്മിന്റെ കേരള ഘടകത്തിനെ പിടിച്ചുകെട്ടാൻ അവസരം നോക്കുന്ന പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർക്ക് ഇപ്പോൾ ഉയരുന്ന വിവാദങ്ങളും സഹായകരമാവും.

Read More >>