ഹിന്ദു വോട്ട് അടുപ്പിക്കൽ; കർക്കിടക മാസത്തിൽ രാമായണ പാരായണവും പഠനവും നടത്താനൊരുങ്ങി സിപിഐഎം

രാമായണ മാസാചരണത്തോട് അനുബന്ധിച്ച് അധ്യാപകരെയും സംസ്കൃത പണ്ഡിതരേയും വച്ച് തൽപരരായ പാർട്ടി അം​ഗങ്ങൾക്ക് രാമായണത്തിലും ഹിന്ദു പുരാണത്തിലും പരിശീലനം നൽകും.

ഹിന്ദു വോട്ട് അടുപ്പിക്കൽ; കർക്കിടക മാസത്തിൽ രാമായണ പാരായണവും പഠനവും നടത്താനൊരുങ്ങി സിപിഐഎം

ആർഎസ്എസിനു സമാനമായി ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ശോഭായാത്രയും ​ഗണേശോത്സവവും സംഘടിപ്പിച്ച സിപിഐഎം പുതിയ പരിപാടിയുമായി രം​ഗത്ത്. കർക്കിടക മാസത്തിൽ രാമായണ പാരായണവും പഠനവും നടത്താനാണ് സിപിഐഎമ്മിന്റെ പുതിയ നീക്കം. ഹിന്ദു സമുദായത്തെ കൂടുതലായി പാർട്ടിയിലേക്ക് അടുപ്പിക്കുകയാണ് ഇതുവഴി സിപിഐഎം ലക്ഷ്യമിടുന്നത്. സംസ്ഥാനമൊട്ടാകെ രാമായണ പാരായണം നടത്തും. ഇതിന്റെ ഭാ​ഗമായാണ് രാമായണ പഠനവും നടത്തുക.

ഈ മാസം 25ന് സംസ്ഥാനതല കൺവൻഷനോടെയായിരിക്കും സിപിഐഎമ്മിന്റെ ഹിന്ദു പുരാണങ്ങളിലേക്കുള്ള ചുവടുവയ്പ്. ഇതോടൊപ്പം രാമായണത്തിന്റെ സാമൂഹിക പശ്ചാത്തലം വിശദമാക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. ഹിന്ദു പുരാണങ്ങൾ ആർഎസ്എസ് കൈയടക്കി വച്ചിരിക്കുകയാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ പുതിയ കാൽവയ്പ്. ക്ഷേത്രങ്ങള്‍ കൈയടക്കാനുള്ള ബിജെപി ശ്രമം തടയാന്‍ അമ്പലക്കമ്മറ്റിക്കാരുടെ യോഗം വിളിക്കാനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്.

എന്നാൽ സിപിഐഎം നേരിട്ടല്ല ഈ പരിപാടി നടത്തുന്നത്. പാര്‍ട്ടിയുടെ ഭാഗമായുള്ള സംസ്‌കൃത സംഘത്തിന്റെ നേതൃത്വത്തിലാണ് രാമായണ മാസാചരണം സംഘടിപ്പിക്കുന്നത്. എസ്എഫ്ഐയുടെ മുൻ അഖിലേന്ത്യാ പ്രസി‍ഡന്റും ഇപ്പോൾ സിപിഐഎം സംസ്ഥാന കമ്മിറ്റിയം​ഗവുമായ ശിവദാസനാണ് പദ്ധതിയുടെ ചുമതല. സാമൂഹിക സാഹചര്യം വിലയിരുത്തി പാര്‍ട്ടി സ്വയം മാറുന്നതിന്റെ തെളിവാണ് രാമായണ മാസാചരണവും പരിപാടികളുമെന്നാണ് പാർട്ടിയുടെ വാദം. രാമായണം കഴിഞ്ഞും തുടർ പദ്ധതിയായി ഇത് മുന്നോട്ടുകൊണ്ടുപോകും. 25ലെ സെമിനാറിനു ശേഷം എല്ലാ ജില്ലകളിലും പ്രഭാഷണങ്ങളും ചര്‍ച്ചകളും നടക്കും. ആലപ്പുഴയിലെ സെമിനാറില്‍ സുനില്‍ പി ഇളയിടമാണ് മുഖ്യപ്രഭാഷകന്‍.

രാമായണ മാസാചരണത്തോട് അനുബന്ധിച്ച് അധ്യാപകരെയും സംസ്കൃത പണ്ഡിതരേയും വച്ച് തൽപരരായ പാർട്ടി അം​ഗങ്ങൾക്ക് രാമായണത്തിലും ഹിന്ദു പുരാണത്തിലും പരിശീലനം നൽകും. രാമായണത്തിന്റെ വിവിധ വ്യാഖ്യാനങ്ങൾ കൂടി ഉൾക്കൊള്ളിച്ച് ചർച്ചാ ക്ലാസുകൾ സംഘടിപ്പിക്കും. പുരോ​ഗമന പ്രസ്ഥാനമായ സിപിഐഎം ഹിന്ദു പുരാണങ്ങളെ അം​ഗീകരിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്നു വ്യക്തമായതോടെയാണ് ഇത്തരം പദ്ധതികളുമായി രം​ഗത്തിറങ്ങുന്നതെന്നാണ് വിലയിരുത്തൽ.

നേരത്തെ, അഷ്ടമിരോഹിണി ദിനത്തില്‍ ശോഭായാത്രയും ​ഗണേശോത്സവും അടക്കമുള്ള ഹിന്ദു ആഘോഷങ്ങൾ നടത്തിയിട്ടുള്ള സിപിഐഎം ഇതാദ്യമായാണ് രാമായണ മാസാചരണത്തിലേക്ക് കടക്കുന്നത്. സിപിഐഎമ്മിന്റെ ഇരട്ടത്താപ്പാണ് ഇതെന്നും ഹിന്ദു സമുദായത്തിന്റെ ഇടയിൽ കൂടുതൽ ശ്രദ്ധ കിട്ടാനുള്ള പുതിയ നീക്കം പാർട്ടിയുടെ മതേതരത്വ- പുരോ​ഗമനവാദ മുഖം വീണ്ടും നഷ്ടപ്പെടുത്തുന്നതാണെന്നുമുള്ള വിമർശനം വിവിധ കോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു.

Read More >>