കർഷകരുടെ കടം എഴുതിത്തള്ളുന്നത് വരെ മോദിയെ ഉറങ്ങാൻ സമ്മതിക്കില്ല: രാഹുൽ ​

മോദി നാലര വർഷം ഭരിച്ചിട്ടും കർഷകർക്ക് ഒന്നും നൽകിയില്ല. കര്‍ഷകരുടെ വായ്പയില്‍ നിന്ന് ഒരു രൂപ പോലും എഴുതിത്തള്ളാന്‍ തയ്യാറായിട്ടില്ല.

കർഷകരുടെ കടം എഴുതിത്തള്ളുന്നത് വരെ മോദിയെ ഉറങ്ങാൻ സമ്മതിക്കില്ല: രാഹുൽ ​

രാജ്യത്തെ കർഷകരുടെ കടങ്ങളെല്ലാം എഴുതിത്തള്ളുന്നത് വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉറങ്ങാൻ സമ്മതിക്കില്ലെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. മധ്യപ്രദേശിലും ചത്തീസ്​ഗഢിലും കോൺ​ഗ്രസ് സർക്കാർ അധികാരമേറ്റ് മണിക്കൂറുകൾക്കുള്ളിൽ തന്നെ കാർഷിക കടം എഴുതിത്തള്ളിയതിനു പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.

മോദി നാലര വർഷം ഭരിച്ചിട്ടും കർഷകർക്ക് ഒന്നും നൽകിയില്ല. കര്‍ഷകരുടെ വായ്പയില്‍ നിന്ന് ഒരു രൂപ പോലും എഴുതിത്തള്ളാന്‍ തയ്യാറായിട്ടില്ല. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്തു വരണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കോൺഗ്രസിന്‍റെ ഭരണത്തിലുള്ള രണ്ട് സംസ്ഥാനങ്ങൾ ആറു മണിക്കൂറിനുള്ളിലാണ് കാർഷിക കടം എഴുതിത്തള്ളിയത്. രാജസ്ഥാനിലും കോൺഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഇത് ഉടൻ നടപ്പാക്കുമെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.

കാർഷിക കടം എഴുതിത്തള്ളുമെന്നതിനാണ് 2019ലെ കോൺ​ഗ്രസ് പ്രകടന പത്രിക ഊന്നൽ നൽകുന്നത്. മോദി കാർഷിക കടം എഴുതിത്തള്ളിയില്ലെങ്കിൽ രാജ്യത്തെ 100 ശതമാനം കാർഷിക കടങ്ങളും കോൺ​ഗ്രസ് എഴുതിത്തള്ളുമെന്നും രാഹുൽ അറിയിച്ചു.

നോട്ടുനിരോധനം, റാഫേൽ അടക്കമുള്ള കള്ളത്തരങ്ങളെല്ലാം ഉടന്‍ വെളിപ്പെട്ടു വരും. കര്‍ഷകരും ചെറുകിട കച്ചവടക്കാരും കൊള്ളയടിക്കപ്പെട്ടു. ലോകത്തിലെ വലിയ അഴിമതിയാണ് നോട്ടുനിരോധനമെന്നും അദ്ദേഹം പറഞ്ഞു. 1984-ലെ സിഖ് വിരുദ്ധ കലാപത്തെ കുറിച്ച് തന്റെ നിലപാട് മുമ്പ് വളരെ വ്യക്തമായി പറഞ്ഞതാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി രാഹുല്‍ പ്രതികരിച്ചു.