മഹാരാഷ്ട്രയിലെ നന്ദേഡ് കോർപറേഷൻ തെരഞ്ഞെടുപ്പ് തൂത്തുവാരി കോൺഗ്രസ്; ഫലം വന്ന 74ൽ 69ലും വിജയം

മൂന്നു സീറ്റാണ് ബിജെപിക്കു നേടാനായത്. സർക്കാരിൽ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയ്ക്കു ലഭിച്ചത് കേവലം ഒരു സീറ്റാണ്. കഴിഞ്ഞ തവണ 41 സീറ്റാണ് കോൺഗ്രസിനുണ്ടായിരുന്നത്

മഹാരാഷ്ട്രയിലെ നന്ദേഡ് കോർപറേഷൻ തെരഞ്ഞെടുപ്പ് തൂത്തുവാരി കോൺഗ്രസ്; ഫലം വന്ന 74ൽ 69ലും വിജയം

ബിജെപി സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിലെ നന്ദേഡ്- വഘാല കോർപറേഷൻ തെരഞ്ഞെടുപ്പ് കോൺഗ്രസ് തൂത്തുവാരി. 81ൽ ഫലം വന്ന 74 സീറ്റുകളിൽ 69 സീറ്റും സ്വന്തമാക്കിയാണ് കോർപറേഷൻ ഭരണം കോൺഗ്രസ് നിലനിർത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 41 സീറ്റുണ്ടായിരുന്ന കോൺഗ്രസാണ് ഇത്തവണ ഏതാണ്ട് എല്ലാ സീറ്റുകളിലേക്കും വിജയിച്ചത്. മൂന്നു സീറ്റാണ് ബിജെപിക്കു നേടാനായത്. കഴിഞ്ഞ തവണ 14 സീറ്റു നേടിയ ശിവസേന കേവലം ഒരു സീറ്റിലേക്കു ചുരുങ്ങി.

കോൺഗ്രസിന്റെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമാണ് നന്ദേഡ്. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാന്റെ സ്വദേശവുമാണിത്. രണ്ടു പതിറ്റാണ്ടു മുൻപ് രൂപീകരിക്കപ്പെട്ട സമയം മുതൽ കോൺഗ്രസിനു മുൻതൂക്കമുള്ള മുനിസിപ്പൽ കോർപറേഷനാണ് നന്ദേഡ്.

പാർലമെന്റ്- നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വലിയ വിജയത്തിനു പിന്നാലെ നന്ദേഡ് പിടിച്ചടക്കുമെന്നായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. എന്നാൽ ഫലം വന്നപ്പോൾ ബിജെപിയുടെ അവകാശവാദങ്ങളെല്ലാം പൊളിയുകയായിരുന്നു. സഖ്യത്തിലുള്ള ബിജെപിയും ശിവസേനയും തമ്മിലുള്ള തമ്മിലടി വെളിവാക്കുന്ന തെരഞ്ഞെടുപ്പു കൂടിയായിരുന്നു നന്ദേഡിലേത്.

11 കോർപറേറ്റർമാർ ഉണ്ടായിരുന്ന അസസുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം തെരഞ്ഞെടുപ്പിൽ പൂർണമായും പരാജയപ്പെട്ടു. എൻസിപിക്ക് പത്തു സീറ്റായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നത്.

Read More >>