കർണാടകത്തിൽ അധികാരം നിലനിർത്താൻ ഒരുങ്ങി കോൺഗ്രസ്; സംസ്ഥാനത്തിന്റെ ചുമതലയിൽ നിന്ന് ദിഗ്‌വിജയ് സിംഗിനെ മാറ്റും; പകരം ചുമതല കെ വി തോമസിനെന്ന് സൂചന

സംസ്ഥാനത്ത് സംഘടനക്കുള്ളിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും മറ്റു രാഷ്ട്രീയ സാഹചര്യങ്ങളും നേരിടാൻ കെ വി തോമസിനെപ്പോലുള്ള ഒരു നേതാവിന് കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര നേതൃത്വം. നേരത്തെ കർണാടകത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പാർട്ടി കേന്ദ്ര നിരീക്ഷകനായി കെ വി തോമസ് സംസ്ഥാനത്തെത്തിയിട്ടുണ്ട്.

കർണാടകത്തിൽ അധികാരം നിലനിർത്താൻ ഒരുങ്ങി കോൺഗ്രസ്; സംസ്ഥാനത്തിന്റെ ചുമതലയിൽ നിന്ന് ദിഗ്‌വിജയ് സിംഗിനെ മാറ്റും; പകരം ചുമതല കെ വി തോമസിനെന്ന് സൂചന

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ദയനീയ തോൽവിക്കും ഗോവയിൽ അധികാരത്തിലെത്താൻ കഴിയാത്ത സാഹചര്യത്തിനും പിന്നാലെ വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ വിജയിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് ശക്തമാക്കുന്നു.

2018 മെയ് മാസത്തിൽ നടക്കാനിരിക്കുന്ന കർണാടക തിരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തനം ശക്തമാക്കാനൊരുങ്ങുകയാണ് പാർട്ടി ഉന്നത നേതൃത്വം. നിലവിൽ ഗോവയുടെ ചുമതലയുള്ള ദിഗ്‌വിജയ് സിംഗിനാണ് കർണാടകത്തിന്റെയും ചുമതല. ഗോവയിലെ രാഷ്ട്രീയനാടകങ്ങളുടെ പേരിൽ ദിഗ്‌വിജയ് സിംഗിനെതിരെ ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് കർണാടകത്തിന്റെ ചുമതലയിൽ നിന്നും ദിഗ്‌വിജയ്‌സിംഗിനെ മാറ്റുന്നത്.

കെ വി തോമസിന് കർണാടകത്തിന്റെ ചുമതല നൽകുമെന്നാണ് സൂചന. സംസ്ഥാനത്ത് സംഘടനക്കുള്ളിൽ നിലനിൽക്കുന്ന പ്രശ്നങ്ങളും മറ്റു രാഷ്ട്രീയ സാഹചര്യങ്ങളും നേരിടാൻ കെ വി തോമസിനെപ്പോലുള്ള ഒരു നേതാവിന് കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര നേതൃത്വം. നേരത്തെ കർണാടകത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പാർട്ടി കേന്ദ്ര നിരീക്ഷകനായി കെ വി തോമസ് സംസ്ഥാനത്തെത്തിയിട്ടുണ്ട്.

ദക്ഷിണേന്ത്യയിൽ ബിജെപി ആദ്യമായി അധികാരത്തിലെത്തിയ കർണാടകയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് അധികാരം തിരിച്ചു പിടിച്ചത്. നിലവിലെ ദേശീയ സാഹചര്യത്തിൽ കർണാടക തിരഞ്ഞെടുപ്പിനെ ഇരു പാർട്ടികളും ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയാലുടൻ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.