സംസ്ഥാനത്ത് ക്രമസമാധാന നില മെച്ചപ്പെട്ടു: മുഖ്യമന്ത്രി

കാസര്‍കോട് കൊലപാതകം പാര്‍ട്ടി ആസൂത്രണം ചെയ്തതല്ല. രാഷ്ട്രീയ ബോധമുള്ളവര്‍ ചെയ്യുന്നതല്ല ഇത്തരം പ്രവര്‍ത്തികളെന്നും പിണറായി അവകാശപ്പെട്ടു.

സംസ്ഥാനത്ത് ക്രമസമാധാന നില മെച്ചപ്പെട്ടു: മുഖ്യമന്ത്രി

സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടെന്ന വാദവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർ​ഗോഡ് രണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സാഹചര്യം നിലനിൽക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇരട്ടക്കൊലപാകത്തെ തുടർന്ന് കേരളത്തിലെ ക്രമസമാധാന നില വീണ്ടും പരുങ്ങലിലായിരിക്കെയും കാസർ​ഗോഡ് ഇപ്പോഴും സംഘർഷ സാധ്യത നിലനിൽക്കെയുമാണ് ഇത്തരമൊരു പ്രതികരണവുമായി മുഖ്യമന്ത്രി തന്നെ രം​ഗത്തെത്തിയിരിക്കുന്നത്.

കാസര്‍കോട് കൊലപാതകം പാര്‍ട്ടി ആസൂത്രണം ചെയ്തതല്ല. രാഷ്ട്രീയ ബോധമുള്ളവര്‍ ചെയ്യുന്നതല്ല ഇത്തരം പ്രവര്‍ത്തികളെന്നും പിണറായി അവകാശപ്പെട്ടു. പെരിയ ഇരട്ടകൊലപാതകത്തിന് പിന്നിലെ പ്രതികളെ പിടികൂടാന്‍ പൊലീസിന് കര്‍ശനനിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളായിട്ടുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. ജാഥ നടക്കുമ്പോള്‍ ഇത്തരം കൊലപാതകങ്ങള്‍ നടക്കുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പെരിയ ഇരട്ടക്കൊലപാതകത്തിൽ സിപിഐഎം ലോക്കൽ കമ്മിറ്റിയം​ഗം എം പിതാംബരൻ ഉൾപ്പെടെ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ പീതാംബരൻ ആണെന്ന് പൊലീസ് പറയുന്നു. ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഐഎം അറിയിച്ചിരുന്നു.

Read More >>