താനൂരിലെത്തിയിട്ടും ആക്രമണമുണ്ടായ വീടുകള്‍ സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി; സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം

സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി വരില്ലെന്ന് പ്രചാരണം ഇറങ്ങിയിരുന്നു. എന്നാല്‍ ഇന്നലെ ഉദ്ദേശിച്ച സമയത്ത് തന്നെ മുഖ്യമന്ത്രിയെത്തി. കോര്‍മന്‍ കടപ്പുറം, ചാപ്പപ്പടി, ആലിന്‍ബാസാര്‍ ഭാഗത്ത് പൊലീസിന്റെ അതിക്രമത്തിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഇവിടെ മുഖ്യമന്ത്രി സന്ദര്‍ശിക്കുമെന്ന് ചില പ്രദേശിക സിപിഐഎം നേതാക്കള്‍ വീട്ടുകാരെ അറിയിച്ചിരുന്നു. വീടും വാഹനങ്ങളും ഉപകരണങ്ങളും പൊലീസ് അഴിഞ്ഞാട്ടത്തില്‍ തകര്‍ന്നിരുന്നു. ഇതെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രദേശവാസികള്‍ തീരുമാനിച്ചെങ്കിലും എം ഇ എസിന്റെ പരിപാടി കഴിഞ്ഞതും മുഖ്യമന്ത്രി നേരെ താനൂര്‍ ടൗണിലേക്ക് മടങ്ങുകയായിരുന്നു

താനൂരിലെത്തിയിട്ടും ആക്രമണമുണ്ടായ വീടുകള്‍ സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി; സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം

സിപിഐഎം-മുസ്ലിംലീഗ് സംഘര്‍ഷത്തെ അടിച്ചമര്‍ത്താനെന്ന വ്യാജേന പൊലീസ് അതിക്രമം നടത്തിയ വീടുകള്‍പോലും സന്ദര്‍ശിക്കാതെ താനൂരെത്തിയ മുഖ്യമന്ത്രി മടങ്ങി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ താനൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കോര്‍മന്‍ കടപ്പുറത്ത് എം ഇ എസിന്റെ വക്കം ഖാദര്‍ സ്തൂപം അനാച്ഛാദനം ചെയ്തശേഷം താനൂര്‍ ടൗണില്‍ പൊതുയോഗത്തില്‍ പങ്കെടുത്തശേഷമാണ് മടങ്ങിയത്.

ലീഗ്-പൊലീസ് ആക്രമണം നടത്തിയ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകളില്‍പ്പോലും മുഖ്യമന്ത്രി പോകാത്തത് പാര്‍ട്ടി പ്രാദേശിക ഘടകത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.താനൂരില്‍ സംഘര്‍ഷം ഉണ്ടാകുന്നതിന് എത്രയോ മുമ്പ് തന്നെ മുഖ്യമന്ത്രിയുടെ പരിപാടി തീരുമാനിച്ചിരുന്നു. സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി വരില്ലെന്ന് പ്രചാരണം ഇറങ്ങിയിരുന്നു. എന്നാല്‍ ഇന്നലെ ഉദ്ദേശിച്ച സമയത്ത് തന്നെ മുഖ്യമന്ത്രിയെത്തി.

കോര്‍മന്‍ കടപ്പുറം, ചാപ്പപ്പടി, ആലിന്‍ബാസാര്‍ ഭാഗത്ത് പൊലീസിന്റെ അതിക്രമത്തിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഇവിടെ മുഖ്യമന്ത്രി സന്ദര്‍ശിക്കുമെന്ന് ചില പ്രദേശിക സിപിഐഎം നേതാക്കള്‍ വീട്ടുകാരെ അറിയിച്ചിരുന്നു. പൊലീസ് നടപടിയുടെ ഭാഗമായി പ്രദേശത്തെ വീടുകളില്‍ നിന്ന് പോയ ആണുങ്ങള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. വീടും വാഹനങ്ങളും ഉപകരണങ്ങളും പൊലീസ് അഴിഞ്ഞാട്ടത്തില്‍ തകര്‍ന്നിരുന്നു. ഇതെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രദേശവാസികള്‍ തീരുമാനിച്ചെങ്കിലും എം ഇ എസിന്റെ പരിപാടി കഴിഞ്ഞതും മുഖ്യമന്ത്രി നേരെ താനൂര്‍ ടൗണിലേക്ക് മടങ്ങുകയായിരുന്നു.

താനൂര്‍ ടൗണില്‍ നടന്ന പാര്‍ട്ടി പൊതുയോഗത്തില്‍ പൊലീസ് നടപടിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ക്രമസമാധാനപ്രശ്‌നം ആരുണ്ടാക്കിയാലും അതിനെ ശക്തമായി നേരിടാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞതല്ലാതെ പൊലീസ് അതിക്രമത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയതുമില്ല. താനൂരിലെ പൊലീസ് അതിക്രമത്തെക്കുറിച്ച് സ്ഥലത്തെ സിപിഐഎം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

അതേസമയം സിപിഐ നേതാവ് ബിനോയ് വിശ്വം പൊലീസ് അതിക്രമമുണ്ടായ ചാപ്പപ്പടിയിലെ വീടുകളില്‍ സന്ദര്‍ശനം നടത്തി. താനൂരില്‍ പൊലീസ് ചെയ്തത് ഇടതുസര്‍ക്കാറിന്റെ നയമല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. പൊലീസ് അതിക്രമങ്ങള്‍ക്കിരയായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് സ്ഥലം സന്ദര്‍ശിച്ച മുന്‍മന്ത്രി ആര്യാടന്‍ മുഹമദ് ആവശ്യപ്പെട്ടു.