കഴക്കൂട്ടത്തും നേമത്തും സിപിഐഎം നേതാക്കള്‍ വോട്ടിന് വേണ്ടി സമീപിച്ചിരുന്നതായി എസ്ഡിപിഐ; മലപ്പുറത്തും നീക്കുപോക്കുകളുണ്ടെന്ന് അബ്ദുല്‍ മജീദ് ഫൈസി

കടകംപള്ളി സുരേന്ദ്രന്‍ ജയിച്ച തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തിലും നേമത്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ വോട്ടഭ്യര്‍ഥിച്ച് സിപിഐഎം നേതാക്കള്‍ സമീപിച്ചിരുന്നതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നാരദാ ന്യൂസിനോട് പറഞ്ഞു. കടകംപള്ളി നേരിട്ട് സമീപിച്ചില്ലെങ്കിലും ജില്ലയിലെ പ്രമുഖ സിപിഐഎം നേതാക്കള്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നു

കഴക്കൂട്ടത്തും നേമത്തും സിപിഐഎം നേതാക്കള്‍ വോട്ടിന് വേണ്ടി സമീപിച്ചിരുന്നതായി എസ്ഡിപിഐ; മലപ്പുറത്തും നീക്കുപോക്കുകളുണ്ടെന്ന് 
അബ്ദുല്‍ മജീദ് ഫൈസി

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിക്കാന്‍ കാരണം ന്യൂനപക്ഷ വര്‍ഗീയ ധ്രുവീകരണമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ എസ്ഡിപിഐ രംഗത്ത്. കടകംപള്ളി സുരേന്ദ്രന്‍ ജയിച്ച തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തിലും നേമത്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ടഭ്യര്‍ഥിച്ച് സിപിഐഎം നേതാക്കള്‍ സമീപിച്ചിരുന്നതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി നാരദാ ന്യൂസിനോട് പറഞ്ഞു.

കടകംപള്ളി നേരിട്ട് സമീപിച്ചില്ലെങ്കിലും ജില്ലയിലെ പ്രമുഖ സിപിഐഎം നേതാക്കള്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നു. ഇവിടങ്ങളില്‍ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അപ്പോഴൊന്നും എതിര്‍പ്പ് പറയാതിരുന്ന സിപിഐഎം ഇപ്പോള്‍ എസ്ഡിപിഐ വര്‍ഗീയ കക്ഷിയാണെന്നും മലപ്പുറത്ത് മുസ്ലിംലീഗിനെ സഹായിച്ചെന്നും പറയുന്നത് കാപട്യമാണെന്ന് മജീദ് ഫൈസി പറഞ്ഞു.

കഴക്കൂട്ടത്തും നേമത്തും ബിജെപിയ്ക്ക് സ്വാധീനമുള്ള സ്ഥലങ്ങളായതിനാലാണ് തങ്ങള്‍ ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയതെന്നും മജീദ് ഫൈസി പറയുന്നു. ഈ രണ്ട് മണ്ഡലങ്ങളിലും തങ്ങള്‍ക്ക് അത്യാവശ്യം വോട്ടുകളുള്ള സ്ഥലങ്ങളാണ്. കൂടാതെ മലപ്പുറത്തും എല്‍ഡിഎഫുമായി നീക്കുപോക്കു തുടരുന്നതായി അദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ പറപ്പൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണസമിതിയില്‍ എസ്ഡിപിഐയും ഉണ്ട്. കൂടാതെ യുഡിഫ് ഭരിക്കുന്ന കൊണ്ടോട്ടി നഗരസഭയില്‍ പ്രതിപക്ഷത്തുള്ള ജനകീയ മുന്നണിയില്‍ സിപിഐഎമ്മിനൊപ്പമാണ് എസ്ഡിപിഐയും പ്രവര്‍ത്തിക്കുന്നത്.

സാഹചര്യമനുസരിച്ചാണ് ഇടതുപക്ഷത്തിന് പിന്തുണ നല്‍കുന്നത്. ഒരേ സമയം പിന്തുണ വാങ്ങിക്കുകയും പിന്നീട് വര്‍ഗീയ കക്ഷികളെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്യുന്ന സിപിഐഎമ്മിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Read More >>