ബിജെപിയ്‌ക്കെതിരേ യുദ്ധം ചെയ്യാന്‍ കോണ്‍ഗ്രസ്; പാര്‍ട്ടി വിട്ടുപോയവരെ ഒന്നിപ്പിക്കാന്‍ ശ്രമം

പ്രാദേശികപാര്‍ട്ടികളായി പിരിഞ്ഞു പോയവരെ കൂട്ടിച്ചേര്‍ത്ത് കോണ്‍ഗ്രസ്സിന്‌റെ നേതൃത്വത്തില്‍ മുന്നണിയുണ്ടാക്കാനാണ് ശ്രമം. പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സില്‍ ലയിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെങ്കില്‍ ബിജെപി ഇതര പാര്‍ട്ടികളുടെ സഖ്യം രൂപീകരിച്ച് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പറഞ്ഞു.

ബിജെപിയ്‌ക്കെതിരേ യുദ്ധം ചെയ്യാന്‍ കോണ്‍ഗ്രസ്; പാര്‍ട്ടി വിട്ടുപോയവരെ ഒന്നിപ്പിക്കാന്‍ ശ്രമം

ബിജെപിയുടെ തേരോട്ടത്തിനു കടിഞ്ഞാണിടാന്‍ കോണ്‍ഗ്രസ്സില്‍ നിന്നും വേര്‍പിരിഞ്ഞു പോയ നേതാക്കളെ തിരിച്ചു വിളിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നെന്ന് ല്യൂട്ടന്‍സ് ഡല്‍ഹിയിലെ രാഷ്ട്രീയനിരീക്ഷകര്‍ ആഭിപ്രായപ്പെടുന്നു. പ്രാദേശികപാര്‍ട്ടികളായി പിരിഞ്ഞു പോയവരെ കൂട്ടിച്ചേര്‍ത്ത് കോണ്‍ഗ്രസ്സിന്‌റെ നേതൃത്വത്തില്‍ മുന്നണിയുണ്ടാക്കാനാണ് ശ്രമം എന്നറിയുന്നു. തിരിച്ചെത്തുന്നവര്‍ക്കു ദേശീയതലത്തിലുള്ള സ്ഥാനങ്ങള്‍ നല്‍കാനിടയുണ്ടെന്നും പറയപ്പെടുന്നു.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ അനാരോഗ്യം കാരണം പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനം പോലും ഇവരിലാര്‍ക്കെങ്കിലും ലഭിക്കാന്‍ ഇടയുണ്ട്. പദ്ധതികള്‍ ആസൂത്രണം ചെയ്തു വരുന്നതിനാല്‍ ഇപ്പോള്‍ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സ്രോതസ്സ് അറിയിച്ചു.

വൈഎസ് ആര്‍ കോൺഗ്രസ് തലവന്‍ ജഗന്‍മോഹന്‍ റെഡ്ഡി, നിലവിലെ ബിജെപി എംപി ആയ വരുണ്‍ ഗാന്ധി, എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍, വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

പാര്‍ട്ടികള്‍ കോണ്‍ഗ്രസ്സില്‍ ലയിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെങ്കില്‍ ബിജെപി ഇതര പാര്‍ട്ടികളുടെ സഖ്യം രൂപീകരിച്ച് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പറഞ്ഞു.

'ശരത് പവാര്‍, മമത ബാനര്‍ജി, ജഗന്‍ മോഹന്‍ റെഡ്ഡി തുടങ്ങിയ എല്ലാ പഴയ കോണ്‍ഗ്രസ്സുകാരും ദേശീയതലത്തില്‍ ബിജെപിയ്‌ക്കെതിരായി ഞങ്ങളോടൊപ്പം ചേരണം. നല്ല വഴി എല്ലാവരും കോണ്‍ഗ്രസില്‍ ലയിക്കുന്നതായിരിക്കും,' കെ വി തോമസ് പറഞ്ഞു.

ജനാധിപത്യമൂല്യങ്ങളിലും സെക്യുലറിസത്തിലും വിശ്വസിക്കുന്ന എല്ലാവരും കാവിരാഷ്ട്രീയത്തിനെതിരെ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ എത്തണമെന്നും തോമസ് പറഞ്ഞു.

പണ്ട് ഇടതുപക്ഷവും തങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിരുന്നെന്നും ഇപ്പോള്‍ കേരളത്തില്‍ അവര്‍ പ്രധാന എതിരാളിയാണെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ദേശീയതലത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമത ബാനര്‍ജി ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിനെ നയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും അഭ്യൂഹങ്ങളുണ്ട്. മമതയുടെ കോണ്‍ഗ്രസ്സുമായുള്ള അടുപ്പവും ഈ സാധ്യതയ്ക്ക് ആക്കം കൂട്ടുന്നു. ശരത് പവാര്‍ സോണിയ ഗാന്ധിയുടെ നേതൃത്വവുമായി പിണങ്ങി പാര്‍ട്ടി വിട്ടതാണെങ്കിലും തിരിച്ച് വന്ന് ഒരു സ്ഥാനം നേടിയെടുക്കാന്‍ പ്രയാസമുണ്ടാവില്ലെന്ന് അറിയുന്നു.

പിതാവായ വൈ എസ് രാജശേഖര റെഡ്ഡിയുടെ പിന്‍ഗാമിയായി കോണ്‍ഗ്രസ് വിട്ടു പോയ ജഗന്‍ മോഹന്‍ റെഡ്ഡിയെ വിട്ടു കളഞ്ഞതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു ഇപ്പോള്‍ പശ്ചാത്താപം ഉണ്ടെന്നും പറയപ്പെടുന്നുണ്ട്.

ബിജെപിയ്‌ക്കെതിരായി ആരുമായും സഖ്യത്തിനു തയ്യാറാണെന്ന് ഉത്തര്‍ പ്രദേശിലെ മായാവതിയും അഖിലേഷ് യാദവും തുറന്നു പറഞ്ഞതിന്‌റെ പിന്നാലെയാണ് കോണ്‍ഗ്രസ്സിലെ ഈ പുതിയ നീക്കങ്ങള്‍ എന്നതും ശ്രദ്ധേയമാണ്.

Read More >>