'മലപ്പുറത്ത് പിഴച്ചു'; കുമ്മനത്തിനെതിരെ കടുത്ത വിമർശനം; അമിത്ഷാ നേതാക്കളെ വിളിപ്പിച്ചു

കുമ്മനം രാജശേഖരന്റെ നിയമനത്തിൽ അസംതൃപ്തരായിരുന്ന സംസ്ഥാനത്തെ ചില നേതാക്കൾ മലപ്പുറം തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. ഇതിനിടെയിലാണ് കുമ്മനം അടക്കമുള്ള നേതാക്കളെ അമിത്ഷാ ഡൽഹിക്ക് വിളിപ്പിച്ചിട്ടുള്ളത്.

മലപ്പുറത്ത് പിഴച്ചു; കുമ്മനത്തിനെതിരെ കടുത്ത വിമർശനം; അമിത്ഷാ നേതാക്കളെ വിളിപ്പിച്ചു

മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ മങ്ങിയ പ്രകടനത്തെക്കുറിച്ച് പാലക്കാട് ചേർന്ന ബിജെപി കോർകമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. ഒരു വിഭാഗം നേതാക്കൾ കുമ്മനം രാജശേഖരനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു. എന്നാൽ മലപ്പുറം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കടുത്ത പരാജയം ഉണ്ടായിട്ടില്ലെന്നും ഇടതു വലതു മുന്നണികൾ സൗഹൃദ മത്സരം നടത്തുകയാണ് ഉണ്ടായതെന്നുമാണ് കുമ്മനം നൽകിയ വിശദീകരണമെന്നറിയുന്നു.

ഇതിനിടെയിൽ കുമ്മനം അടക്കമുള്ള കേരളത്തിലെ മുതിർന്ന നേതാക്കളെ അമിത്ഷാ അടിയന്തരമായി ഡൽഹിക്കു വിളിപ്പിച്ചു. മലപ്പുറം തെരഞ്ഞെടുപ്പിലെ ദുർബലമായ പ്രകടനത്തെക്കുറിച്ച് വിശദീകരണം ചോദിക്കാനായുള്ള പ്രത്യേക യോഗം വ്യാഴാഴ്ച രാവിലെ നടക്കും. മലപ്പുറത്ത് രണ്ടു ലക്ഷം വോട്ടുകൾ ബിജെപി സ്ഥാനാർഥി നേടുമെന്നാണ് സംസ്ഥാനനേതൃത്വം കേന്ദ്ര നേതാക്കളെ ധരിപ്പിച്ചിരുന്നത്. എന്നാൽ ദയനീയപരാജയം സംഭവിക്കുകയും അത് ദേശീയ മാധ്യമങ്ങളിലുൾപ്പെടെ വാർത്തയാവുകയും ചെയ്ത സാഹചര്യത്തിൽ ദേശീയ നേതൃത്വം കടുത്ത അസംതൃപ്തിയിലാണെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ ആർഎസ്എസിൽ നിന്നും കുമ്മനം രാജശേഖരൻ ബിജെപിയിലെത്തിയ സാഹചര്യത്തിൽ അസംതൃപ്തരായ ചില സംസ്ഥാന നേതാക്കൾ തെരഞ്ഞെടുപ്പ് കുമ്മനത്തെ വിമർശിക്കാനായി നിലവിലെ സന്ദർഭം പ്രയോജനപ്പെടുത്തുകയാണ്. മലപ്പുറം തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ആസൂത്രണം, പ്രചാരണരീതികൾ എന്നിവയിൽ പിഴവികൾ സംഭവിച്ചിട്ടുണ്ടെന്നും പാലക്കാട് യോഗത്തിൽ വിമർശനം ഉയർന്നിരുന്നു.

Read More >>