കള്ളും കാശും കൊടുത്താൽ വോട്ട് വീഴില്ല; കർണാടകത്തിൽ വീട്ടു സാധനങ്ങളും വസ്ത്രങ്ങളും സ്വർണവും നൽകി വോട്ടർമാരെ സ്വാധീനിക്കാൻ നീക്കം

വീട്ടിലേക്ക് ആവശ്യമുള്ള പ്രഷർ കുക്കറുകൾ, മിക്സി, ഇലക്ട്രിക് - ഗ്യാസ് അടുപ്പുകൾ, പാത്രങ്ങൾ, ടെലിവിഷൻ തുടങ്ങി ലാപ് ടോപ്പുകൾ വരെ വിതരണം ചെയ്യുന്നതായാണ് വിവരം. ജലദൗർലഭ്യം നേരിടുന്ന ഉൾനാടൻ മേഖലകളിൽ വെള്ളം ശേഖരിച്ച് വെക്കാനുള്ള ടാങ്കുകളും നൽകുന്നുണ്ട്.

കള്ളും കാശും കൊടുത്താൽ വോട്ട് വീഴില്ല; കർണാടകത്തിൽ വീട്ടു സാധനങ്ങളും വസ്ത്രങ്ങളും സ്വർണവും നൽകി വോട്ടർമാരെ സ്വാധീനിക്കാൻ നീക്കം

വോട്ടർമാരെ സ്വാധീനിക്കാൻ കള്ളും കാശും നൽകിയാൽ പഴയതുപോലെ ഫലമില്ലെന്ന തിരിച്ചറിവിനാണത്രെ കർണാടകത്തിലെ സ്ഥാനാർത്ഥികളും കക്ഷികളും. കയ്യിലെ കാശും കുടിച്ച മദ്യവും ഇറങ്ങിക്കഴിഞ്ഞാൽ അത് കൊടുത്ത ആളിനോട് ആരും കൂറ് കാണിക്കുന്നില്ലത്രേ. അതുകൊണ്ടുതന്നെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട് മോഡലിൽ വീട്ടു സാധനങ്ങൾ നൽകി വോട്ട് വാങ്ങാനുള്ള നീക്കങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ചെലവാക്കിയ കാശും ഒഴുക്കിയ മദ്യവും ലഭിച്ച വോട്ടുകളും വച്ചുള്ള പഠനത്തിലൂടെയാണ് സ്ഥാനാർത്ഥികളും കക്ഷികളും പുതിയ തീരുമാനത്തിലെത്തിയത് എന്നാണ് വർത്തമാനം.

വീട്ടിലേക്ക് ആവശ്യമുള്ള പ്രഷർ കുക്കറുകൾ, മിക്സി, ഇലക്ട്രിക് - ഗ്യാസ് അടുപ്പുകൾ, പാത്രങ്ങൾ, ടെലിവിഷൻ തുടങ്ങി ലാപ് ടോപ്പുകൾ വരെ വിതരണം ചെയ്യുന്നതായാണ് വിവരം. ജലദൗർലഭ്യം നേരിടുന്ന ഉൾനാടൻ മേഖലകളിൽ വെള്ളം ശേഖരിച്ച് വെക്കാനുള്ള ടാങ്കുകളും നൽകുന്നുണ്ട്. വീട്ടു സാധനങ്ങൾ നല്കുകവഴി പ്രധാനമായും സ്ത്രീകളെ സ്വാധീനിക്കാൻ കഴിയുമെന്നും അതുവഴി കുടുംബത്തിന്റെ മൊത്തം വോട്ടുകൾ ഉറപ്പിക്കാമെന്നും സ്ഥാനാർത്ഥികൾ കരുതുന്നു. പ്രധാനമായും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും വോട്ടുകൾ ലക്ഷ്യമിട്ടാണ് ലാപ് ടോപ് വിതരണം. ഒരു ദിവസത്തേക്ക് കൊടുക്കുന്ന പണത്തിനും മദ്യത്തിനും അപ്പുറം ഇത്തരം സാധനങ്ങൾ കൊണ്ട് വോട്ടർമാരെ ദീർഘകാലത്തേക്ക് സ്വാധീനിക്കാൻ കഴിയുമെന്നും സ്ഥാനാർത്ഥികൾ കരുതുന്നു.

പീനിയ ഇൻഡസ്ട്രിയൽ ഏരിയയിലെ ചെറുകിട ഉത്പാദകർക്ക് കഴിഞ്ഞ മാസം ലഭിച്ചത് രണ്ടു ലക്ഷം പ്രഷർ കുക്കറുകളുടെ ഓർഡർ ആണെന്ന വിവരം ഇതിനോടകം പുറത്ത്‌ വന്നിട്ടുണ്ട്. നോർത്ത് കർണാടകയിലെ പല നിയോജകമണ്ഡലങ്ങളിലും സാരികൾ, ചുരിദാർ എന്നിവയ്‌ക്കൊപ്പം ആയിരം രൂപ വിലവരുന്ന 20 കാരറ്റ് സ്വർണ നാണയങ്ങളും വിതരണം ചെയ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഹമ്മദാബാദ്, പട്ട്യാല തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും യുവതികളെ ലക്ഷ്യമിട്ട് തുണിത്തരങ്ങൾ എല്ലാ പാർട്ടിക്കാരും എത്തിക്കുന്നുണ്ടത്രേ.

ഇത്തരം വസ്തുക്കൾ സംസ്ഥാനത്തെ പല നിയോജകമണ്ഡലങ്ങളിലും വിതരണം ചെയ്യപ്പെടുന്നുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും ജാഗ്രതയിലാണ്. 1,156 ഫ്ളയിങ് സ്ക്വാഡുകളെയും 1,255 സ്ഥിര നിരീക്ഷണ ടീമുകളെയും തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. മൈസൂരു, ഹബ്ബള്ളി, ബെലഗാവി എന്നീ മേഖലകളിൽ നിന്ന് ഇത്തരം സാധനങ്ങളുടെ വലിയ ശേഖരം സ്‌ക്വാഡുകൾ പിടിച്ചെടുത്തിട്ടുണ്ട്.

Read More >>