മഹാസഖ്യം വന്നാൽ ബിജെപിക്ക് തോൽവി; മറ്റു സഖ്യങ്ങൾ പൊളിച്ചടുക്കാൻ ബിജെപി കർമ്മപദ്ധതി

മഹാസഖ്യം വന്നാൽ മോദി തോൽക്കുമോ എന്ന നില പരിശോധിച്ച് ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം. മറ്റു സഖ്യങ്ങൾ പൊളിച്ചടുക്കാൻ ബിജെപിയുടെ പ്രധാന കർമ്മപദ്ധതിക്ക് രൂപമായി.

മഹാസഖ്യം വന്നാൽ ബിജെപിക്ക് തോൽവി; മറ്റു സഖ്യങ്ങൾ പൊളിച്ചടുക്കാൻ ബിജെപി കർമ്മപദ്ധതി

ബിജെപി വിരുദ്ധ മഹാസഖ്യം മുളയിലേ നുള്ളിയില്ലെങ്കിൽ പൊതുതെരഞ്ഞെടുപ്പിൽ കഷ്ടപ്പെടും എന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം. അതിനാൽ കരുതൽ നടപടികളുമായി മുന്നോട്ടു പോകാൻ യോഗം തീരുമാനിച്ചു. 'മഹാഗഡ്‌ബന്ധൻ' അഥവാ പ്രതിപക്ഷ മഹാസഖ്യത്തെ ജനമനസ്സിൽ ഇകഴ്ത്തിക്കെട്ടാനുള്ള പ്രചാരണങ്ങൾക്ക് ഇന്ന് സമാപിക്കുന്ന യോഗത്തിൽ അന്തിമ രൂപമാകും.

ബിജെപി വിരുദ്ധ മഹാസഖ്യം എന്ന ആശയത്തിൽ ഊന്നിയാണ് മാധ്യമങ്ങളും ഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും മഹാഗഡ്‌ബന്ധൻ-മഹാസഖ്യം പ്രചരിപ്പിക്കുന്നത്. അതിനാൽ എൻഡിഎയ്ക്ക് ബദൽ ഇല്ല എന്ന നിലവിലെ ചിന്തയ്ക്കു മാറ്റമുണ്ടാവാം- യോഗം വിലയിരുത്തി.

എൻഡിഎയ്ക്ക് ബദൽ ഉണ്ട് എന്ന രീതിയിൽ വോട്ടർമാരുടെ ചിന്ത മാറിയാൽ ഭരണത്തുടർച്ച നഷ്ടപ്പെട്ടു എന്ന് വരാം. അതിനാൽ ജനമനസ്സിൽ മഹാസഖ്യത്തെ ഇകഴ്ത്തിക്കെട്ടാനുള്ള പ്രചാരണം അനിവാര്യമാണ് എന്ന സന്ദേശം ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ നൽകി.

'ഇതിനെതിരെ കരുതൽ നടപടി എന്ന രീതിയിൽ ജാഗ്രത പാലിക്കണം. മഹാസഖ്യം രൂപീകരിച്ചിട്ടില്ല. അതിന് കൺവീനർ അല്ലെങ്കിൽ സഖ്യ നേതാവ് ആര് എന്ന ധാരണയുമായിട്ടില്ല. ആരെയൊക്കെ കൂട്ടണമെന്ന് തീരുമാനിച്ചിട്ടുമില്ല.തീരുമാനിക്കാൻ പ്രയാസവുമാണ്. അതിനാൽ രൂപീകരിക്കാനും പോകുന്നില്ല.' ഈ തരത്തിൽ പ്രതിപക്ഷ മഹാസഖ്യത്തെ ജനമനസ്സിൽ ഇകഴ്ത്തിക്കെട്ടാനാണു ശ്രമിക്കേണ്ടതെന്നും യോഗം നിർദേശിച്ചു.

രാജ്യത്തിന്റെ വിവിധയിടങ്ങളിൽ 10,000 റാലി നടത്താനും തീരുമാനിച്ചു. റാലികളിൽ പ്രധാന നേതാക്കളെയെല്ലാം അണിനിരത്തി പ്രചാരണങ്ങൾ നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. എൻഡിഎ അല്ലാത്ത മറ്റു സഖ്യങ്ങൾ പൊളിച്ചടുക്കാനും തന്ത്രങ്ങൾ ഒരുക്കും. വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഉന്നത നേതാക്കൾക്കാണ് ഇതിന്റെ ചുമതല.

"സുസ്ഥിര ഭരണം ഉണ്ടെങ്കിലേ നാട് രക്ഷപ്പെടൂ. അതിനു നിലവിൽ ഒരു ശക്തി മാത്രം- എൻഡിഎ."- ഇതായിരിക്കും ബിജെപി ഉയർത്താൻ പോകുന്ന പ്രചാരണങ്ങളിൽ ഒന്ന്.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് പോലെയാകില്ല ഇത്തവണ. പ്രതിപക്ഷ പാർട്ടികളുടെ ഒറ്റക്കെട്ടായ ഏറ്റുമുട്ടൽ ഉണ്ടാകും. അതിനാൽ മഹാസഖ്യം രൂപീകരിക്കുന്നതിനു തുരങ്കം വയ്ക്കാൻ ആവുന്നതെല്ലാം ചെയ്യാനുള്ള നീക്കത്തിലാണ് ബിജെപി നേതൃത്വം. അതിനുള്ള ശ്രമം വിജയിക്കാത്ത പക്ഷം അത് ബിജെപിയുടെ തോൽവി തന്നെയായി കണക്കാക്കേണ്ടി വരും. അതാണ് അമിത് ഷാ നൽകുന്ന സന്ദേശം.

Read More >>