മധ്യപ്രദേശിലും ഭരണം പിടിക്കാനൊരുങ്ങി ബിജെപി; കർണാടക ആവർത്തിക്കാതിരിക്കാൻ ജാഗ്രതയോടെ കോൺഗ്രസ്സ്

നിയമസഭയുടെ മൺസൂൺ കാല സമ്മേളനത്തിനിടയിൽ ഭരണപക്ഷ എംഎൽഎമാരോട് തലസ്ഥാന നഗരം വിട്ടുപോകരുത് എന്ന് മുഖ്യമന്ത്രി കമൽനാഥ്‌ ആവശ്യപ്പെട്ടിട്ടുണ്ട്.

മധ്യപ്രദേശിലും ഭരണം പിടിക്കാനൊരുങ്ങി ബിജെപി; കർണാടക ആവർത്തിക്കാതിരിക്കാൻ ജാഗ്രതയോടെ കോൺഗ്രസ്സ്

കർണാടക സർക്കാരിനെ മറിച്ചിട്ടതിനു പിന്നാലെ മധ്യപ്രദേശിലെ കമൽനാഥ്‌ സർക്കാരിനെ ലക്ഷ്യമിട്ട് ബിജെപി. ഭരണപരവും രാഷ്ട്രീയവുമായ വിഷയങ്ങളിൽ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ഭരണപക്ഷ എംഎൽഎമാരെ സ്വന്തം പാളയത്തിലെത്തിക്കാനാണ് ബിജെപി നീക്കം. കർണാടകത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി കമൽനാഥ്‌ കഴിഞ്ഞ ഞായറാഴ്ച എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ്സ്, എസ്‌പി, ബിഎസ്‌പി, സ്വതന്ത്ര എംഎൽഎമാർ എന്നിവർ പങ്കെടുത്തിരുന്നു. എംഎൽഎമാരെല്ലാം കൂടെയുണ്ടെന്ന് ഉറപ്പുവരുത്താനും കർണാടക ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാനുമായിരുന്നു യോഗം. കഴിഞ്ഞ അഞ്ചു ദിവസമായി എംഎൽഎമാരെ പാർട്ടി നേതൃത്വം നിരീക്ഷിച്ചു വരികയാണെന്നാണ് സൂചനകൾ. ബിജെപിയിൽ നിന്ന് പിടിച്ചെടുത്ത മധ്യപ്രദേശ് ഭരണം ഏതുവിധേനയും സംരക്ഷിക്കാനാണ് കോൺഗ്രസ്സ് നേതൃത്വത്തിന്റെ ശ്രമം.

നിയമസഭയുടെ മൺസൂൺ കാല സമ്മേളനത്തിനിടയിൽ ഭരണപക്ഷ എംഎൽഎമാരോട് തലസ്ഥാന നഗരം വിട്ടുപോകരുത് എന്ന് മുഖ്യമന്ത്രി കമൽനാഥ്‌ ആവശ്യപ്പെട്ടിട്ടുണ്ട്. കമൽനാഥ്‌ സർക്കാർ നിലംപതിച്ചു കഴിഞ്ഞാൽ നിലവിലെ ദേശീയ സാഹചര്യത്തിൽ കൂടുതൽ കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിലെത്തുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഇത്തരം ഒരു അപകടകരമായ സാഹചര്യത്തെ കോൺഗ്രസ്സ് നേതൃത്വവും ഭയക്കുന്നുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ ബിജെപി നടത്തിയിരുന്നു. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാർഗവ് ഗവർണർക്ക് കത്ത് നൽകിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മുന്‍തൂക്കം കിട്ടിയാല്‍ അത് കമല്‍നാഥ് സര്‍ക്കാരിനെതിരായ ജനരോഷമാണെന്ന് സ്ഥാപിച്ചെടുക്കാമെന്നും അസ്വസ്ഥരായ കോൺഗ്രസ്സ് എംഎൽഎമാരെ അടർത്തിയെടുക്കാമെന്നുമായിരുന്നു ബിജെപി തീരുമാനിച്ചിരുന്നത്.