പ്രായത്തിൽ ഇളവ് നൽകും; കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ തന്നെ

ആര്‍എസ്എസിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ യെദ്യൂരപ്പ 2007ലാണ് ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയത്.

പ്രായത്തിൽ ഇളവ് നൽകും; കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ തന്നെ

വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജനതാദള്‍ (എസ്) സഖ്യ സര്‍ക്കാര്‍ തകർന്നതോടെ അടുത്ത കർണാടക മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ തന്നെ എത്തുമെന്ന് ഉറപ്പായി. 75 വയസുകഴിഞ്ഞ നേതാക്കന്മാർക്ക് രാഷ്ട്രീയ റിട്ടയർമെന്റ് വേണമെന്ന പാർട്ടി നയത്തിന് ഇളവ് നൽകിക്കൊണ്ടാണ് 76 കാരനായ ബിഎസ് യെദ്യുരപ്പയെ സ്ഥാനാരോഹണം ചെയ്യാൻ ബിജെപി ഒരുങ്ങുന്നത്. ആര്‍എസ്എസിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ യെദ്യൂരപ്പ 2007ലാണ് ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയത്. അന്നും തുടർന്നുള്ള അവസരങ്ങളിലും അദ്ദേഹത്തിനു കാലാവധി പൂര്‍ത്തിയാക്കാനായിരുന്നില്ല. ഇത്തവണ സ്വതന്ത്രന്‍ അടക്കം രണ്ടുപേരുടെ പിന്തുണയോടെ പാര്‍ട്ടിക്ക് 107 പേരുടെ അംഗബലമുണ്ട്. വരും ദിനങ്ങളിൽ കോൺഗ്രസ്സിൽ നിന്ന് കൂടുതൽ എംഎൽഎമാരെ എത്തിച്ച് പിന്തുണ വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ബിജെപി സംസ്ഥാനാധ്യക്ഷന്‍, ദേശീയ ഉപാധ്യക്ഷന്‍ തുടങ്ങി വിവിധ പദവികള്‍ വഹിച്ച യെദ്യൂരപ്പ ശിവമോഗയിലെ ശിക്കാരിപുരയില്‍നിന്ന് തുടര്‍ച്ചയായി ആറുതവണ തിരഞ്ഞെടുക്കപ്പെട്ടു.പ്രബല സമുദായമായ ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ യെദ്യുരപ്പയ്ക്ക് എപ്പോഴും ഉണ്ടായിരുന്നു. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവുംവലിയ ഭൂരിപക്ഷത്തിനാണ് ശിവമോഗയില്‍നിന്നു ജയിച്ചത്.

അനധികൃത ഇരുമ്പയിരു ഖനനക്കേസില്‍ ആരോപണവിധേയനായതിനെത്തുടര്‍ന്ന് 2011ല്‍ യെദ്യുരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. പിന്നീട് പാർട്ടിയുമായി തെറ്റുകയും കെജെപി എന്ന സ്വന്തം പാർട്ടി രൂപീകരിക്കുകയും ചെയ്തു. പിന്നാലെ 2013ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി തകർന്നടിഞ്ഞു. തുടർന്ന് യെദ്യുരപ്പയുടെ ജനപിന്തുണ തിരിച്ചറിഞ്ഞ പാർട്ടി ദേശീയനേതൃത്വം ഇദ്ദേഹത്തെ വീണ്ടും പാർട്ടിയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിക്ക് ഗംഭീര വിജയം നേടാൻ കഴിഞ്ഞതിനു പിന്നിലും യെദ്യുരപ്പയാണ് എന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം.

Read More >>