കോടതി വിധി അനുസരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്; ഭക്തരായ സ്ത്രീകൾ എത്തുന്നതിൽ പ്രശ്നമില്ലെന്ന് വി മുരളീധരൻ

ഭക്തരായ സ്ത്രീകള്‍ക്ക് പൊലീസും സര്‍ക്കാരും സുരക്ഷ നല്‍കുന്നതില്‍ തെറ്റില്ലെന്നും ചാനല്‍ ചര്‍ച്ചയ്ക്കിടെ മുരളീധരൻ പറഞ്ഞു.

കോടതി വിധി അനുസരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്; ഭക്തരായ സ്ത്രീകൾ എത്തുന്നതിൽ പ്രശ്നമില്ലെന്ന് വി മുരളീധരൻ

ശബരിമല യുവതീ പ്രവേശനത്തില്‍ ബിജെപിയെ വെട്ടിലാക്കുന്ന നിലപാടുമായി മുൻ സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എംപിയുമായ വി മുരളീധരന്‍. സുപ്രീംകോടതി വിധി അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് വി മുരളീധരന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. 'സിഎന്‍എന്‍ ന്യൂസ് 18' ഇംഗ്ലീഷ് ചാനലിലെ ചര്‍ച്ചയിലായിരുന്നു മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയത്.

കോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ പ്രശ്‌നമില്ല. അത്തരം ഭക്തരായ സ്ത്രീകള്‍ക്ക് പൊലീസും സര്‍ക്കാരും സുരക്ഷ നല്‍കുന്നതില്‍ തെറ്റില്ലെന്നും ചാനല്‍ ചര്‍ച്ചയ്ക്കിടെ മുരളീധരൻ പറഞ്ഞു.

എന്നാല്‍, കഴിഞ്ഞദിവസം രണ്ട് യുവതികള്‍ ശബരിമലയിലെത്തിയത് പൊലീസിന്റെ വ്യക്തമായ ഗൂഢാലോചനയിലൂടെയാണെന്നും ഒരാഴ്ചയായി പദ്ധതികള്‍ മെനയുകയായിരുന്നുവെന്നും ചര്‍ച്ചയില്‍ മുരളീധരന്‍ ആരോപിച്ചു. രാഹുല്‍ ഈശ്വറും ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ഇന്നലെയാണ് ബിന്ദു, കനകദുർ​ഗ എന്നീ യുവതികൾ ശബരിമലയിൽ ദർശനം നടത്തിയത്. ഇതിനെതിരെ സംസ്ഥാനമൊട്ടാകെ ബിജെപി ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഇന്നു ഹർത്താൽ നടത്തിയ ബിജെപി-സംഘപരിവാർ സംഘടനകൾ വ്യാപകമായ ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. നിരവധി കടകളും വാഹനങ്ങളും ആക്രമിച്ച സംഘപരിവാർ അക്രമികൾ പൊലീസുകാരേയും മാധ്യമപ്രവർത്തകരേയും ആക്രമിച്ചിരുന്നു.