ബിജെപി നേതാവ് എം.ടി രമേശ് സെൻകുമാറിന്റെ വീട്ടിൽ; പാർട്ടിയിലേക്ക് ഔദ്യോ​ഗികമായി ക്ഷണിക്കാൻ തീരുമാനം

സെൻകുമാറിനെ പോലുള്ളവർ ബിജെപിയിലേക്കു വരുന്നതു പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹത്തിന് ഏതു നിമിഷവും കടന്നുവരാമെന്നും കുമ്മനം വ്യക്തമാക്കി. കഴിഞ്ഞദിവസങ്ങളില്‍ സെന്‍കുമാറിന്റെ മുസ്ലിം വിരുദ്ധ- ആർഎസ്എസ് ആഭിമുഖ്യ പരാമർശങ്ങളെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ നീക്കുപോക്കുകളുടെ ഫലമാണ് ബിജെപിയുടെ ക്ഷണത്തിനു പിന്നിലെന്നു കരുതുന്നു.

ബിജെപി നേതാവ് എം.ടി രമേശ് സെൻകുമാറിന്റെ വീട്ടിൽ; പാർട്ടിയിലേക്ക് ഔദ്യോ​ഗികമായി ക്ഷണിക്കാൻ തീരുമാനം

ആർഎസ്എസ് ആഭിമുഖ്യം വ്യക്തമാക്കി പരസ്യമായി രം​ഗത്തുവന്ന മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാറിനെ ബിജെപിയിലേക്ക് ഔദ്യോ​ഗികമായി ക്ഷണിക്കാനൊരുങ്ങി നേതൃത്വം. ഇതിനായി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് സെൻകുമാറിന്റെ വീട്ടിലെത്തി. എം.ടി. രമേശ് സെൻകുമാറുമായി ചർച്ച നടത്തുകയാണ്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും മുതിർന്ന നേതാവ് പി.എസ്. ശ്രീധരൻപിള്ളയും സെൻകുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ചതിനു തൊട്ടുപിന്നാലെയാണ് എം.ടി. രമേശിന്റെ സന്ദർശനം. ഇതോടെ സെൻകുമാറിന്റെ ബിജെപിയിലേക്കുള്ള ഔദ്യോ​ഗിക കാൽവയ്പ് ഉറപ്പായിരിക്കുകയാണ്.

നേരത്തെ, സെൻകുമാറിനു പിന്തുണയർപ്പിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സു​രേന്ദ്രൻ രം​ഗത്തെത്തിയതിനു പിന്നാലെ ജന്മഭൂമി സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പങ്കാളിയാവുകയും ചെയ്തിരുന്നു. സെൻകുമാറിന്റെ ബിജെപി പ്രവേശന സൂചനകൾ ബലപ്പെടുത്തുന്നതായിരുന്നു ഇതൊക്കെയും. ഇക്കാര്യം നാരദാ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

സെൻകുമാറിനെ പോലുള്ളവർ ബിജെപിയിലേക്കു വരുന്നതു പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹത്തിന് ഏതു നിമിഷവും കടന്നുവരാമെന്നുമായിരുന്നു കുമ്മനത്തിന്റെ വാക്കുകൾ. സെൻകുമാറിനു ചരിത്രത്തിൽ സ്ഥാനമുണ്ടെന്നും മറ്റ് പ്രമുഖരായ ചിലർ ബിജെപിയിലേക്കെത്തുമെന്നു പറഞ്ഞായിരുന്നു ശ്രീധരൻപിള്ള മുൻ പൊലീസ് മേധാവിയെ പാർട്ടിയിലേക്കു സ്വാ​ഗതം ചെയ്തത്.

ബിജെപി ഒരു വലിയ മാറ്റത്തിനു തയ്യാറെടുക്കുന്നതിനു മുന്നോടിയായാണ് ഈ കടന്നുവരവുകളെന്നുമായിരുന്നു ശ്രീധരൻപിള്ളയുടെ പ്രതികരണം.

സെന്‍കുമാര്‍ ക്ഷണം സ്വീകരിച്ച് ബിജെപിയില്‍ എത്തുമെന്നു തന്നെയാണ് വിശ്വാസമെന്നും ശ്രീധരന്‍പിള്ള സൂചിപ്പിച്ചു. കഴിഞ്ഞദിവസങ്ങളില്‍ സെന്‍കുമാറിന്റെ മുസ്ലിം വിരുദ്ധ- ആർഎസ്എസ് ആനുകൂലപരാമർശങ്ങളെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ നീക്കുപോക്കുകളുടെ ഫലമാണ് ബിജെപിയുടെ ക്ഷണത്തിനു പിന്നിലെന്നു കരുതുന്നു.

ആര്‍എസ്എസ് ദേശീയ കാഴ്ചപ്പാടുള്ള സംഘടനയാണെന്നായിരുന്നു സംഘപരിവാറിനോടുള്ള തന്റെ ആരാധന വ്യക്തമാക്കി സെന്‍കുമാര്‍ സമകാലിക മലയാളം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. തീവ്രവാദത്തിന്റെ കാര്യം പറയുമ്പോള്‍ ആര്‍എസ്എസിനെ പരാമര്‍ശിക്കുന്നതു ശരിയല്ലെന്നും ഐഎസ്സും ആര്‍എസ്എസും തമ്മില്‍ യാതൊരു താരതമ്യവുമില്ലെന്നുമായിരുന്നു സെന്‍കുമാറിന്റെ കണ്ടുപിടുത്തം.

ഇതിനെതിരെ നാലുകോണില്‍ നിന്നും വിമര്‍ശനവും പ്രതിഷേധവും ഉണ്ടാവുന്ന സാഹചര്യത്തില്‍ സെന്‍കുമാറിനെ പരസ്യമായി സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി പ്രമുഖരായവരെ പരിപാടികളില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമമാണ് ബിജെപി- ആര്‍എസ്എസ് നേതൃത്വം നടത്തുന്നത്.