കട്ടവന്‍ അകത്ത് പറഞ്ഞവന്‍ പുറത്ത്; ബിജെപി സംസ്ഥാന കമ്മിറ്റിയുടെ വിചിത്ര നിലപാടില്‍ അതൃപ്തി; ഇതെന്ത് പാര്‍ട്ടിയെന്ന് തലസ്ഥാനത്തെ അണികള്‍

ആര്‍എസ്എസിന്റെ കടന്നുകയറ്റം തിരുവനന്തപുരം ജില്ലയിലെ ബിജെപിയെ തകര്‍ത്തുവെന്നാണ് യുവമോര്‍ച്ച രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. ജില്ലയില്‍ നിലവിലുണ്ടായിരുന്ന ശാഖകളുടെ പകുതിയിലേറെയും ഇപ്പോഴില്ല. ആര്‍എസ്എസ് ജനങ്ങളുടെ മനസ്സില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണ്. രണ്ടുവര്‍ഷം മുമ്പുവരെ ആര്‍എസ്എസിന്റെ റൂട്ടുമാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രകടനങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ നടന്നിരുന്നു. എന്നാല്‍ ഇന്ന് പല റൂട്ടുമാര്‍ച്ചുകളും നിര്‍ത്തലാക്കുകയോ സംയോജിപ്പിച്ചോ ആണ് ചെയ്യുന്നത്...

കട്ടവന്‍ അകത്ത് പറഞ്ഞവന്‍ പുറത്ത്; ബിജെപി സംസ്ഥാന കമ്മിറ്റിയുടെ വിചിത്ര നിലപാടില്‍ അതൃപ്തി; ഇതെന്ത് പാര്‍ട്ടിയെന്ന് തലസ്ഥാനത്തെ അണികള്‍

മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിനായി എം ടി രമേശ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തായതിന്‍െ പേരില്‍ വി.വി.രാജേഷിനെതിരെ സ്വീകരിച്ച അച്ചടക്കനടപടി തിരുവനന്തപുരത്ത് പൊട്ടിത്തെറിക്കു വഴിയൊരുക്കുന്നു. ഈ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കുമെന്നു കാട്ടി വി മുരളീധരന്‍ പക്ഷം കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിക്കഴിഞ്ഞു. കോഴ വാങ്ങിയവര്‍ക്കെതിരെ നടപടി എടുക്കാതെ അക്കാര്യം പുറത്തറിഞ്ഞതിന്റെ പേരില്‍ രാഷ്ട്രീയ ഭാവിയുള്ള രണ്ടു പേരെ ക്രൂശിക്കുന്നതു നീതിരഹിതമായ നടപടിയാണെന്നും അണികളില്‍ ഈ നിലപാട് കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തിരുവന്തപുരത്തെ ബിജെപിയുടെ പ്രധാന നേതാക്കളില്‍ രാളായി വി വി രാജേഷ് തനിക്കെതിരെയുള്ള പാര്‍ട്ടി നടപടി സംബന്ധിച്ച് പ്രസ്താവനയൊന്നും ഇറക്കിയിട്ടില്ലെങ്കിലും നടപടിക്കെതിരെ ബിജെപി- യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തങ്ങളുടെ അമര്‍ഷം വെളിവാക്കിക്കഴിഞ്ഞു. കോഴ ആരോപണത്തിലെ പ്രധാന പ്രതിയായി ചുണ്ടിക്കാണിച്ചിരിക്കുന്ന എം ടി രമേശിനെതിരെ യാതൊരു നടപടിയും കൈക്കൊള്ളാതെ രാജേഷിനെതിരെ നടപടിയെടുത്തതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല നടപടിയെടുത്തതിനു പിന്നാലെ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന വിധം പ്രവര്‍ത്തിച്ചതാണ് വി വി രാജേഷിനും പ്രഫുല്‍ കൃഷ്ണയ്ക്കും എതിരായ അച്ചടക്ക നടപടിക്കു കാരണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രസ്താവിക്കുകയും ചെയ്തു. രാജേഷാണ് കുറ്റക്കാരനെന്നുള്ള ധ്വനി കുമ്മനം രാജശേഖരന്‍ തന്റെ പ്രസ്താവനയിലൂടെ കൊണ്ടുവന്നതായും മുരളീധരന്‍ വിഭാഗം ആരോപിക്കുന്നു.

തിരുവന്തപുരം ജില്ലയില്‍ ബിജെപി- ആര്‍എസ്എസ് വടംവലി മറ്റെങ്ങുമില്ലാത്തതിനേക്കാള്‍ ശക്തമാണ്. ആര്‍എസ്എസ് നേതൃത്വത്തിന്റെ അനുഗ്രഹാശിസുകളോടെയാണ് കൃഷണദാസ് വിഭാഗം പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസില്‍ നിന്നും ബിജെപിയിലേക്കു വളര്‍ന്നുവന്ന എം ടി രേേശിനെ അതുകൊണ്ടു കൂടിയാണ് സംസ്ഥാന നേതൃത്വം സംരക്ഷിക്കുന്നതും. എന്നാല്‍ എസ്എഫ്‌ഐയില്‍ നിന്നും എബിവിപിയിലേക്കെത്തി അവിടുന്നു യുവേോര്‍ച്ചവഴി ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ എത്തിയ വി വി രാജേഷിനെ ആര്‍എസ്എസ് നേതൃത്വത്തിന് മതിപ്പില്ല. കൃഷ്ണദാസ് പക്ഷത്തിന്റെ തിരുവനന്തപുരത്തെ പ്രധാനിയായ ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷിനെ ജില്ലാ പ്രസിഡന്റായിത്തന്നെ നിലനിര്‍ത്തുവാനും കൂടിയാണ് വി വി രാജേഷിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചതെന്നും സൂചനയുണ്ട്. ഇക്കാര്യം കൊണ്ടുതന്നെ യുവമോര്‍ച്ചാ രംഗത്തു പ്രവര്‍ത്തിച്ചു വന്നിട്ടുള്ളവര്‍ രാജേഷിന് അനുകൂലമായിട്ടുള്ള നിലപാടുകളുമായി രംഗത്തെത്തിയിരിക്കുന്നതും.

ആര്‍എസ്എസിന്റെ കടന്നുകയറ്റം തിരുവനന്തപുരം ജില്ലയിലെ ബിജെപിയെ തകര്‍ത്തുവെന്നാണ് യുവമോര്‍ച്ച രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. ജില്ലയില്‍ നിലവിലുണ്ടായിരുന്ന ശാഖകളുടെ പകുതിയിലേറെയും ഇപ്പോഴില്ല. ആര്‍എസ്എസ് ജനങ്ങളുടെ മനസ്സില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണ്. രണ്ടുവര്‍ഷം മുമ്പുവരെ ആര്‍എസ്എസിന്റെ റൂട്ടുമാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രകടനങ്ങള്‍ തിരുവനന്തപുരം ജില്ലയില്‍ നടന്നിരുന്നു. എന്നാല്‍ ഇന്ന് പല റൂട്ടുമാര്‍ച്ചുകളും നിര്‍ത്തലാക്കുകയോ സംയോജിപ്പിച്ചോ ആണ് ചെയ്യുന്നത്. പ്രവര്‍ത്തകരുടെ കുറവാണിതിന് കാരണം. യുവമോര്‍ച്ചയിലും ബിജെപിയിലും പ്രവര്‍ത്തിക്കുന്നവരെ ജനങ്ങള്‍ ആര്‍എസ്എസ് എന്ന കണ്ണില്‍ കാണുന്നതും പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ബിജെപിക്കാര്‍ പറയുന്നു. അതിനിടയില്‍ വി വി രാജേഷിനെപോലുള്ള ജനകീയ നേതാക്കളെ ഒതുക്കാന്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ തന്നെയാണ് 'യുവമോര്‍ച്ച' വിഭാഗക്കാരുടെ തീരുമാനം.

തന്റെ ഭാവി നീക്കങ്ങള്‍ വി വി രാജേഷ് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്ന നീക്കങ്ങള്‍ നടത്തുവാനാണ് തീരുമാനമെന്നുള്ള സുചനകള്‍ ലഭിച്ചുതുടങ്ങി. തലസ്ഥാനത്തെ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവുമായി വി വി രാജേഷ് കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചതായി സൂചനകളുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവും തുടര്‍നീക്കങ്ങളുമാണ് ഫോണ്‍ സംസാരത്തിലുണ്ടായിരുന്നതെന്നാണ് സൂചന. അടുത്ത ജില്ലാ പ്രസിഡന്റാകാന്‍ ഏറ്റവും കൂടുതല്‍ മുന്‍തൂക്കമുണ്ടായിരുന്ന വ്യക്തി കൂടിയാണ് വി വി രാജേഷ്. സംസ്ഥാനത്ത് ആകെയുള്ള ഒരു എംഎല്‍എ തിരുവനന്തപുരം ജില്ലയിലൂടെ നേടിയെടുത്ത ബിജെപിക്ക് വി വി രാജേഷിന്റെ ഏത് പ്രതികൂല തീരുമാനവുമുണ്ടാക്കുന്നത് കനത്ത നഷ്ടമായിരിക്കും. കാരണം ജില്ലയില്‍ ബിജെപിയും ആര്‍എസ്എസും മുമ്പെങ്ങുമില്ലാത്തവിധം പ്രതിസന്ധി നേരിടുന്ന സാഹചര്യമാണിത്. ഇനിവരുന്ന ചുരുക്കം ദിവസങ്ങള്‍ക്കുള്ളില്‍ എം ടി രമേശ് ഉള്‍പെപടെയുള്ള ആരോപണവിധേയരുടെ പേരില്‍ നടപടിയുണ്ടായില്ലെങ്കില്‍ സംസ്ഥാനത്തെ ഞെട്ടിക്കുന്ന ഒരു നീക്കം തലസ്ഥാനജില്ലയിലുണ്ടാകുമെന്നുള്ള കാര്യം തീര്‍ച്ചയാണ്.

Read More >>