യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ പാഴാകും? ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ കോൺഗ്രസ്സ് എംഎൽഎമാർ സുരക്ഷിതരല്ല എന്ന് റിപ്പോർട്ട്

ബിദടിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ കോൺഗ്രസ്സ് ജനപ്രതിനിധികൾ സുരക്ഷിതരല്ല. 900 കോടി റെഡി. പക്ഷെ എംഎൽഎമാർ സ്റ്റെഡിയല്ല. ഇതാണ് ബിജെപി ക്യാമ്പിന്റെ ആശങ്ക

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ പാഴാകും? ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ കോൺഗ്രസ്സ് എംഎൽഎമാർ സുരക്ഷിതരല്ല എന്ന് റിപ്പോർട്ട്

കെപിജെപിയുടെ എംഎൽഎ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ യെദ്ദ്യൂരപ്പ ക്യാമ്പ് ആശങ്കയിൽ. യെദ്ദ്യൂരപ്പയുടെ സത്യപ്രതിജ്ഞ പാഴാകാതിരിക്കാൻ ഏതറ്റം വരെയും പോകാമെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിർദ്ദേശം എന്നറിയുന്നു. അഭിമാന പോരാട്ടമെന്ന നിലയിൽ കാര്യങ്ങളെ സമീപിക്കാനാണ് നീക്കം.

'നിങ്ങൾ സഖ്യം ഉണ്ടാക്കൂ; ഞങ്ങൾ പൊളിക്കാം'

ക്ലൈമാക്സിനു മുൻപേ, മന്ത്രവും തന്ത്രവും കൊണ്ട് ജയിക്കുന്നതു ബിജെപി. ഭിന്നിപ്പിച്ചു ഭരിക്കൽ ആണ് അധികാരത്തിലേറാൻ ബിജെപി പ്രയോഗിക്കുന്ന തന്ത്രം. രണ്ടു ഘട്ടങ്ങളിലായാണ് അവർ ഇത് നടപ്പാക്കുക. ആദ്യ ഘട്ടം ഭിന്നിപ്പിക്കുന്നത് ജനങ്ങളെ. രണ്ടാം ഘട്ടത്തിൽ ജനപ്രതിനിധികളെ.

ആദ്യ ഘട്ടം പരിപൂർണമായി വിജയിച്ചില്ല; കേവല ഭൂരിപക്ഷം കിട്ടിയതുമില്ല.104 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിനു വേണ്ട 113 കിട്ടാൻ ഒരു ജനപ്രതിനിധിക്ക് 100 കോടി രൂപ എന്ന കണക്കിൽ വാഗ്ദാനം നൽകിയെന്ന് ആരോപണമുണ്ട്. ചില പ്രതിനിധികൾക്ക് മന്ത്രി സ്ഥാനം കൂടി വാഗ്ദാനം നൽകി.

ഇതിലൊന്നും വീഴാത്തവരെ അവരുടെ പഴയ ക്രിമിനൽ കേസുകൾ ചൂണ്ടിക്കാട്ടി ഭിന്നിപ്പിക്കാൻ ശ്രമം തുടരുകയാണെന്നും ആക്ഷേപമുണ്ട്. ബിദടിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ കോൺഗ്രസ്സ് ജനപ്രതിനിധികൾ സുരക്ഷിതരല്ല എന്ന് ചുരുക്കം. രണ്ടാം ഘട്ട ശ്രമം ഇത്തരത്തിൽ വിജയിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. 'ചില്ലറ കോടി'കൾ (900 കോടി) റെഡി. പക്ഷെ എംഎൽഎമാർ സ്റ്റെഡിയല്ല. ഇതാണ് ബിജെപി ക്യാമ്പിന്റെ ആശങ്ക. മോ​ദി​യെ​ന്ന നേ​താ​വു​ണ്ടെ​ങ്കിൽ മാത്രം കന്നഡനാട് കീഴടക്കാനാവില്ല എന്ന് സാരം.

ഇതിനിടെ ബിജെപിയ്ക്കൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചിരുന്ന കെപിജെപിയുടെ എംഎൽഎ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാദേശിക കക്ഷിയായ കർണാടക പ്രജ്ഞാവന്ത ജനതാ പാർട്ടിയുടെ ഏക എംഎൽഎ ആർ ശങ്കർ ആണ് കോൺഗ്രസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്. അതിനാൽ എതിർ പാളയത്തിൽ വിള്ളലുണ്ടാക്കുന്നതിനൊപ്പം കൂടെ നിൽക്കുന്നവവർ മറുകണ്ടം ചാടാതെ സൂക്ഷിക്കുകയും വേണം.

യെദ്ദ്യൂരപ്പയുടെ സത്യപ്രതിജ്ഞ പാഴാകരുത്. അതിനാൽ ആരുണ്ടാക്കിയ സഖ്യവും എന്ത് വില കൊടുത്തതും പൊളിക്കും എന്ന വാശിയിലാണ് ബിജെപി ക്യാമ്പ്. അതിന് അമിത് ഷാ- മോദി ടീം പിന്തുണയുമുണ്ട്. ഏ​ത് ജ​ന​വി​ധി​യെ​യും അ​ട്ടി​മ​റി​ക്കാ​നും ഭ​ര​ണ​ത്തി​ലേ​റാനും അ​വ​സ​ര​മു​ണ്ടാ​കു​മെന്ന ധാർഷ്ട്യവുമായി ഈ ഗ്രൂപ്പ്, കർണാടകയിലെ ഭരണസ്ഥാപനത്തെ തന്നെ വരുതിയിലാക്കി. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല ഇപ്പോൾ വലയിലാണ്. സുപ്രീം കോടതി വിധി വന്നാൽ ഇനി തലവിധി അറിയാം.

കർണാടകയിൽ മുഖ്യശത്രുവായ ബിജെപിയെ നേരിടാന്‍, വേണ്ടിവന്നാല്‍ ജെഡിഎസുമായും രാഷ്ട്രീയ ധാരണയുണ്ടാക്കണമെന്ന വാദം ആദ്യം കോൺഗ്രസ്സ് ഹൈകമാൻഡ് തള്ളിയിരുന്നു. എന്നാൽ വോട്ടെണ്ണൽ പൂർത്തിയായതോടെ, മന്ത്രിസഭ രൂപീകരിക്കാനുള്ള ഭൂരിപക്ഷം വേണമെങ്കിൽ ജെഡിഎസുകാരെ ശരണം പ്രാപിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല എന്ന് വന്നു. എന്നാൽ എക്സിറ്റ് പോൾ ഫലം അറിഞ്ഞപ്പോൾ തന്നെ അപകടം ആദ്യം മണത്തത് സാക്ഷാൽ യെച്ചൂരി.

ഇത്തരം സാഹചര്യം ഒരുവേള യെച്ചൂരി മുൻകൂട്ടി കണ്ട് നീക്കം നടത്തി. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടും കേരള ഘടകവും തങ്ങളുടെ മുന്‍ നിലപാടായ കോൺഗ്രസ്സ് വിരോധത്തിൽ ഉറച്ചുനില്‍ക്കുമ്പോൾ കൂടുതൽ ദുഃഖിച്ചതും യെച്ചൂരി തന്നെ. പുതിയ സാഹചര്യത്തിൽ ജെഡിഎസ് - കോൺഗ്രസ്സ് സഖ്യം യാഥാർഥ്യമാകാൻ മുൻകൈയെടുത്തത് യെച്ചൂരിയാണ്. ദേവെഗൗഡ, കുമാരസ്വാമി എന്നിവരോടൊപ്പം ഗുലാം നബി, അശോക് ഗെലോട്ട്, സോണിയ ഗാന്ധി തുടങ്ങിയവരുമായും ആശയവിനിമയം നടന്നു. ഒടുവിൽ വോട്ടെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപ് തന്നെ ജെഡിഎസ് കോൺഗ്രസിനു പിന്തുണ വാഗ്ദാനം ചെയ്തിരുന്നു.

Read More >>