ജെഡിഎസുമായി ചേർന്ന് രാഷ്ട്രീയ നീക്കം നടത്തി കോൺഗ്രസ്സ്; ഇതേ സമയം മത നേതാക്കൾ വഴി ലിംഗായത്ത് സമുദായാംഗങ്ങളായ കോൺഗ്രസ്സ് എംഎൽഎമാരെ ചാക്കിട്ട് ബിജെപി

കേവലഭൂരിപക്ഷം ലഭിക്കില്ലെന്നുറപ്പായപ്പോൾ തന്നെ ബിജെപി കോൺഗ്രസ്സ്, ജെഡിഎസ് എംഎൽഎമാരെ ചാക്കിലാക്കാനുള്ള തന്ത്രം നടപ്പാക്കാൻ തുടങ്ങിയിരുന്നു.

ജെഡിഎസുമായി ചേർന്ന് രാഷ്ട്രീയ നീക്കം നടത്തി കോൺഗ്രസ്സ്; ഇതേ സമയം മത നേതാക്കൾ വഴി ലിംഗായത്ത് സമുദായാംഗങ്ങളായ കോൺഗ്രസ്സ് എംഎൽഎമാരെ ചാക്കിട്ട് ബിജെപി

ജെഡിഎസുമായി സഹകരിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ നടത്തി കർണാടകയുടെ ഭരണം പിടിക്കാനുള്ള കോൺഗ്രസ്സ് നീക്കങ്ങളെ പരാജയപ്പെടുത്താനുള്ള കുതിരക്കച്ചവടം ബിജെപി നടത്തിയത് മതനേതാക്കളിലൂടെയെന്ന് റിപ്പോർട്ടുകൾ. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ആദ്യ ഫലസൂചനകൾ പുറത്തുവന്നതോടെയാണ് കോൺഗ്രസ്സ് ജെഡിഎസുമായി സഹകരിക്കുന്നതിനായുള്ള രാഷ്ട്രീയ നീക്കങ്ങൾ ആരംഭിച്ചത്. ജെഡിഎസ് നേതാവ് കുമാരസ്വാമിയെ കൂടെ നിർത്തുന്നതിൽ കോൺഗ്രസ്സ് വിജയിച്ചെങ്കിലും ഈ സമയം കൊണ്ട് സ്വന്തം പാളയത്തിലുള്ള എംഎൽഎമാരെ കാണാതാവുകയായിരുന്നു.

വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ തന്നെ ജയമുറപ്പിച്ച ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള കോൺഗ്രസ്സ് എംഎൽഎമാരാണ് ഇപ്പോൾ ബിജെപിയിലേക്ക് നീങ്ങാൻ തയ്യാറെടുക്കുന്നത്. കേവലഭൂരിപക്ഷം ലഭിക്കില്ലെന്നുറപ്പായപ്പോൾ തന്നെ ബിജെപി കോൺഗ്രസ്സ്, ജെഡിഎസ് എംഎൽഎമാരെ ചാക്കിലാക്കാനുള്ള തന്ത്രം നടപ്പാക്കാൻ തുടങ്ങിയിരുന്നു. ലിംഗായത്ത് മഠങ്ങളുമായി ബന്ധപ്പെടുകയും, സാമുദായിക നേതാക്കൾ വഴി സമുദായാംഗങ്ങളായ കോൺഗ്രസ്സ് എംഎൽഎമാരുടെ കുടുംബങ്ങളെ സ്വാധീനിക്കുകയുമായിരുന്നു. ഇവർ രാജിവച്ച് വീണ്ടും മത്സരിച്ചാലും ലിംഗായത്ത് സ്വാധീനമുള്ള നിയോജകമണ്ഡലങ്ങളിൽ നിന്നും സമുദായനേതാക്കളുടെ പിന്തുണയോടെ ജയിച്ചുകയറാമെന്ന ഉറപ്പും നൽകാൻ ബിജെപിക്ക് സാധിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കീറിപ്പോയ സിദ്ധരാമയ്യയുടെ ലിംഗായത്ത് കാർഡ് ഇനിയൊരിക്കലും കോൺഗ്രസ്സിന് ഉപകാരപ്പെടില്ലെന്ന ആത്മവിശ്വാസവും ബിജെപിക്കുണ്ട്.

വോട്ടെണ്ണലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരുന്ന സ്വന്തം സ്ഥാനാർത്ഥികളെ ജെഡിഎസുമായി സഹകരിക്കാനുള്ള രാഷ്ട്രീയ നീക്കത്തെക്കുറിച്ച് ബോധ്യപ്പെടുത്താൻ കോൺഗ്രസ്സിന് സാധിച്ചിരുന്നില്ല. ഇതും ബിജെപിയുടെ നീക്കത്തിന് സഹായകരമായി. ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള ബി എസ് യെദ്യുരപ്പയാണ് ഇതിനായി കരുക്കൾ നീക്കിയതെന്നാണ് സൂചന. 2008ല്‍ പ്രതിപക്ഷത്തെ ഏഴ് എംഎല്‍എമാരെ ബിജെപിയിലെത്തിക്കുകയും അഞ്ചുപേര്‍ക്ക് ഉപതിരഞ്ഞെടുപ്പില്‍ സീറ്റു നൽകുകയും ചെയ്ത കുതിരക്കച്ചവടത്തിന്റെ പാരമ്പര്യവും യെദ്യുരപ്പയ്ക്ക് തുണയായി. സ്വന്തം എംഎൽഎമാർ ബിജെപിക്കൊപ്പം പോയാൽ, കർണാടകത്തിൽ ഒരു സീറ്റിൽ പോലും വിജയിക്കാനാകാതെ പരാജയപ്പെട്ടാൽ ഉണ്ടാകുന്ന ക്ഷീണത്തെക്കാൾ വലിയ നാണക്കേടാകും കോൺഗ്രസ്സിനുണ്ടാവുക.

Read More >>