ചെങ്കൊടിയേന്തി ബിജെപി, ശിവസേനാ പ്രവർത്തകരും കർഷക ലോങ്ങ് മാർച്ചിൽ; ആശങ്കയോടെ നേതൃത്വം

സ്വന്തം അണികൾ കൂട്ടത്തോടെ ഒലിച്ചുപോകുന്നത് തിരിച്ചറിഞ്ഞതിനാലാണ് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ഏക്നാഥ് ഷിൻഡെയെ സമരക്കാരോട് സംസാരിക്കാൻ ബിജെപി നേതൃത്വം അയച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സമരക്കാരെ നേരിൽ കാണാൻ തയ്യാറാണ് എന്ന് ചർച്ചയിലുടനീളം ഷിൻഡെ ആവർത്തിച്ചതും നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണ്.

ചെങ്കൊടിയേന്തി ബിജെപി, ശിവസേനാ പ്രവർത്തകരും കർഷക ലോങ്ങ് മാർച്ചിൽ; ആശങ്കയോടെ നേതൃത്വം

മഹാരാഷ്ട്രയിൽ കിസാൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന കർഷക മാർച്ചിൽ ചുവന്ന കൊടികളേന്തി പങ്കെടുക്കുന്നത് ബിജെപി, ശിവസേന പ്രവർത്തകരും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച കർഷക കടാശ്വാസ - ക്ഷേമ പദ്ധതികൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് കർഷകരായ ബിജെപി അണികളും ഇടതുപക്ഷ കർഷക മാർച്ചിൽ അണിനിരക്കുന്നത്. മുപ്പതിനായിരം കർഷകരെ ഉൾപ്പെടുത്തിക്കൊണ്ട് ലോങ്ങ് മാർച്ച് സംഘടിപ്പിക്കാനും നിയമസഭാ വളഞ്ഞ് സ്തംഭിപ്പിക്കാനുമാണ് സിപിഐഎമ്മിന്റെ കർഷക സംഘടനയായ കിസാൻ സഭ തീരുമാനിച്ചിരുന്നത്. എന്നാൽ വ്യാഴാഴ്ച താനെയിൽ എത്തിയപ്പോൾ തന്നെ ആയിരക്കണക്കിന് കർഷകർ മാർച്ചിൽ പങ്കെടുക്കുകയായിരുന്നു. ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതത്തിൽ നിൽക്കുന്ന സിപിഐഎം നേതൃത്വത്തെപ്പോലും അമ്പരപ്പിച്ച പങ്കാളിത്തമാണ് കര്ഷകമാർച്ചിൽ ഉണ്ടായിരിക്കുന്നത്. സിപിഐ (എംഎൽ), സിപിഐ എന്നിവർക്ക് പിന്നിലാണ് അംഗബലം കൊണ്ട് മഹാരാഷ്ട്രയിൽ സിപിഐഎം.

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നയത്തിനെതിരെ ഏറെക്കാലമായി ബിജെപി പ്രവർത്തകരായ കർഷകർക്കിടയിൽ അമർഷം പുകയുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകരായ നൂറുകണക്കിന് പരുത്തി, സോയാബീന്‍ കര്‍ഷകർ മുംബൈയിൽ സമരം നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ കർഷക മാർച്ചും കടന്നുവരുന്നത്. ബാങ്ക് വായ്പ എഴുതി തള്ളുക, സൗജന്യമായി വൈദ്യുതി അനുവദിക്കുക, സ്വാമി നാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, പ്രകൃതി ക്ഷോഭത്തില്‍ കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുക എന്നീ ആവശ്യങ്ങളും കൃഷിഭൂമിയുടെ ഉടമസ്ഥതത, ആദിവാസി വിഭാഗങ്ങൾക്കിടെയിലെ വനാവകാശ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച വിഷയങ്ങളും കർഷകർക്കിടയിൽ ലോങ്ങ് മാർച്ചിനെ ആകര്ഷകമാക്കുകയായിരുന്നു.

കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിനു രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയ ബാങ്കുകള്‍ വിളനാശംമൂലം തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാധാരണകര്‍ഷകന് 10000 രൂപയ്ക്കുപോലും മൊറൊട്ടോറിയം പ്രഖ്യാപിച്ചിട്ടില്ല. കാർഷിക കടങ്ങൾ പൂർണമായും എഴുതിത്തള്ളുമെന്നും എല്ലാവരുടെയും അക്കൗണ്ടിൽ പതിനഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുമെന്നും ആയിരുന്നു മോദിയുടെ വാഗ്‌ദാനങ്ങൾ. യുപിഎ ഭരണകാലത്ത് നടന്ന കർഷ ആത്മഹത്യകളിൽ കണ്ണീർ പൊഴിച്ച് അധികാരത്തിലെത്തിയ ബിജെപി സർക്കാരിന്റെ കാലത്തും ആത്മഹത്യകൾ തുടർക്കഥയായി. മോദിയുടെ വാഗ്ധാനങ്ങളെല്ലാം പാഴ്വാക്കായി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞവർഷം പ്രഖ്യാപിച്ച കാർഷിക കടാശ്വാസ പദ്ധതിയുടെ ഗുണഫലം ഒരു കര്ഷകനുപോലും ലഭിച്ചില്ല. ഇത് അണികളിൽ സൃഷ്ടിച്ച രോഷമാണ് ഇടതുപക്ഷ മാർച്ചിലെ പങ്കാളിത്തത്തോടെ പുറത്ത് വരുന്നത്.

എൻസിപി, കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പാർട്ടിയിലെ കർഷകരായ പ്രവർത്തകരും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന സ്വീകരണപരിപാടിയിലും ബിജെപി പ്രാദേശിക നേതാക്കളുടെ ഉൾപ്പെടെയുള്ള ഇടപെടലുകൾ ഉണ്ടായിരുന്നു. നേരിട്ട് പങ്കെടുക്കാത്ത പലരും മാർച്ചിന് പിന്തുണ നൽകിയിട്ടുണ്ട്. സ്വന്തം അണികൾ കൂട്ടത്തോടെ ഒലിച്ചുപോകുന്നത് തിരിച്ചറിഞ്ഞതിനാലാണ് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ഏക്നാഥ് ഷിൻഡെയെ സമരക്കാരോട് സംസാരിക്കാൻ ബിജെപി നേതൃത്വം അയച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സമരക്കാരെ നേരിൽ കാണാൻ തയ്യാറാണ് എന്ന് ചർച്ചയിലുടനീളം ഷിൻഡെ ആവർത്തിച്ചതും നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണ്.

Read More >>