ആതിഥ്യമര്യാദകളോടെ അഫ്‌ഗാൻ, ശ്രീലങ്കൻ അഭയാർത്ഥികളെ സ്വീകരിച്ച ഒരിന്ത്യ ഇന്നില്ല

അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍.ആര്‍.സി.) അവസാന കരടുപട്ടിക പുറത്തിറക്കിയപ്പോള്‍ രാജ്യത്തു ആകമാനം ഉയർന്നു വരുന്ന ആശങ്കകളെ കുറിച്ചും ഇതിനു പിന്നിലെ ഗൂഢലക്ഷ്യത്തെ കുറിച്ചും എഴുത്തുകാരിയും രാഷ്ട്രീയ നിരീക്ഷകയുമായ നീരജ ഗോപാൽ ജയാൽ പ്രതികരിക്കുന്നു

ആതിഥ്യമര്യാദകളോടെ അഫ്‌ഗാൻ, ശ്രീലങ്കൻ അഭയാർത്ഥികളെ സ്വീകരിച്ച ഒരിന്ത്യ ഇന്നില്ല

ഒരു മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ സാമ്പത്തികത്തിന്റേയോ അടിസ്ഥാനത്തിൽ പൗരൻമാരെ തരംതിരിച്ചു നിർത്തുന്നത് ഒരു 'രണ്ടാംകിട സമൂഹത്തെ' സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വമായ നീക്കമാണെന്നു രാഷ്ട്രീയ നിരീക്ഷ നീരജ ഗോപാൽ. ഒരു കൂട്ടരുടെ ആത്മാഭിമാനത്തെ അപഹരിച്ചു കൊണ്ടാണ് സർക്കാർ ഇത്തരമൊരു ജനതയെ സൃഷ്‌ടിക്കുന്നത്. അസം, ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ബിജെപി നേതാക്കന്മാർ ഇത്തരത്തിൽ ഒരു ആവശ്യം ഉന്നയിക്കുന്നത് നിഷ്കളങ്കമായി കാണാൻ കഴിയില്ല എന്നും നീരജ അഭിപ്രായപ്പെടുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നീരജ ഇക്കാര്യം സൂചിപ്പിച്ചത്.

ലോകത്താകമാനമുള്ള 10 മില്യൻ അഭയാർത്ഥികളിലേക്ക് ഒരു 4. 5 മില്യൺ ജനതയെ കൂടി സംഭാവന നൽകുവാൻ മാത്രമേ ഈ നീക്കം പ്രയോജനം ചെയ്യൂ. എത്ര വലിയ രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടായാലും ഇതിൽ ഒരു സർക്കാരിന് അഭിമാനിക്കാൻ തക്കതായി ഒന്നുമുണ്ടാകില്ല. ഏതെല്ലാം രേഖകളെ കണക്കിലെടുത്താണ് അനധികൃതപൗരന്മാരെ നിശ്ചയിക്കുന്നത് എന്നു വ്യക്തമാക്കാൻ കഴിയുമോ എന്നും ഇവർ ചോദിച്ചു.

നമ്മുടെ രാജ്യത്ത് ഇതുവരെ ചരിത്രപരമായി സൂക്ഷിക്കുവാൻ കഴിയുന്ന ഒരു ഡോക്യൂമെന്റേഷൻ നടന്നിട്ടില്ല ജനനസർട്ടിഫിക്കറ്റുകളുടെയോ അനുബന്ധമായ രേഖകളുടെയോ ആധികാരികത എന്താണ് എന്നു നമുക്ക് അറിയാം.അതിനാൽ യഥാർത്ഥ പൗരന്മാർക്ക് ഇത്തരത്തിലുള്ള രേഖകൾ ഉണ്ടാകണം എന്നില്ല.ഒരു പക്ഷെ അനധികൃത കുടിയേറ്റക്കാർ അവ നേടിയെടുത്തിട്ടും ഉണ്ടാകാം. സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ളവർ ഇതെല്ലാം നേടുമ്പോൾ സാധാരണക്കാരനായ ഒരു ദിവസവേതനക്കാരന് ഇതെല്ലാം നിഷേധിക്കപ്പെടുന്നു. സ്ത്രീകളാണ് ഇത്തരത്തിൽ വിവേചനം നേരിടുന്ന മറ്റൊരു കൂട്ടർ.

അസ്വാതന്ത്ര്യത്തിനൊപ്പം ജീവിക്കാനുള്ള നാട് പോലും ഇക്കൂട്ടർക്ക് നിഷേധിക്കപ്പെടും ഇത്തരത്തിൽ പൗരന്മാരെ രണ്ടു തട്ടിൽ നിർത്തുന്നത് വഴി നമ്മുടേതായ ഒരു റോഹിംഗ്യൻ പതിപ്പാണ് നമ്മൾ ഉണ്ടാക്കുന്നത്. ആതിഥ്യമര്യാദകളോടെ അഫ്‌ഗാൻ ശ്രീലങ്കൻ അഭയാർത്ഥികളെ സ്വീകരിച്ച ഒരിന്ത്യ ഇന്നില്ല. പകരം മനുഷ്വത്വം നഷ്ടപ്പെടുത്തിയും രാഷ്ട്രീയനേട്ടം ലക്ഷ്യമിടുന്ന ഇടുങ്ങിയ ചിന്താഗതിയുള്ളവരുടെ നാടായി ഇന്ത്യ മാറുന്നു.രാഷ്ട്രീയത്തിലേക്കും മതം സ്വാധീനം ചെലുത്തുന്നതിന്റെ അപകടാവസ്ഥയാണ് ഇത്‌.

പാരമ്പര്യം മുൻനിർത്തി പൗരത്വം നിശ്‌ചയിക്കുന്നതിനേക്കാൾ ജനനം സംബന്ധിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഭരണഘടനാ സ്ഥാപകർ പൗരത്വം നിർണ്ണയിക്കുന്നത്തിനുള്ള സൂചികകൾ തന്നിരുന്നത്. എന്നാൽ ഇപ്പോൾ അതെല്ലാം കീഴ്മേൽ മറിഞ്ഞു. പണമുള്ളവർക്ക് പല രാജ്യങ്ങളിലെയും പൗരത്വമുണ്ട്. പ്രതിവർഷം 4. 5 ലക്ഷം ഇന്ത്യക്കാർ ഇങ്ങനെ വിദേശത്തു പൗരത്വം നേടുന്നതായാണ് കണക്ക്. എന്നാൽ, അവകാശപ്പെട്ട പൗരത്വം പോലും ഇല്ലാതാകുന്നത് സാധാരണക്കാരനാണ്‌ എന്നും നീരജ ഗോപാൽ ചൂണ്ടിക്കാട്ടി.

Read More >>