നീക്കം വ്യക്തമാക്കി അമിത്ഷാ; പ്രതിഷേധക്കാരെ അടിച്ചമർത്തിയാൽ പിണറായി സർക്കാരിനെ താഴെയിറക്കും

അപ്രായോഗിക നിർദേശങ്ങൾ നൽകുന്നതിൽ നിന്ന് രാജ്യത്തെ കോടതികൾ​ പിന്മാറണം. കേരളത്തിന്‍റെ വികസനം നടപ്പാക്കാൻ ഇടതു വലതു മുന്നണികൾക്കാകില്ല. ബിജെപിക്ക് മാത്രമേ അതിന് കഴിയൂ- എന്നാണ് അമിത് ഷായുടെ മറ്റൊരു വാദം.

നീക്കം വ്യക്തമാക്കി അമിത്ഷാ; പ്രതിഷേധക്കാരെ അടിച്ചമർത്തിയാൽ പിണറായി സർക്കാരിനെ താഴെയിറക്കും

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പിണറായി അയ്യപ്പഭക്തരെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും ഇത് തുടർന്നാൽ ഇടതു സർക്കാരിനെ താഴെയിറക്കുമെന്നുമുള്ള വാദവുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. സുപ്രീംകോടതി വിധിക്കു ശേഷം ബിജെപി-ആർഎസ്എസ് അടക്കമുള്ള സംഘപരിവാർ സംഘടനകൾ ശബരിമലയിൽ നടത്തിയ കലാപത്തിനെതിരായ പൊലീസ് നടപടിക്കു ശേഷമാണ് പാർട്ടിയുടെ അടുത്ത നീക്കം വ്യക്തമാക്കി അമിത് ഷാ രം​ഗത്തെത്തിയിരിക്കുന്നത്.

കണ്ണൂരില്‍ പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അമിത് ഷാ. സമരത്തിനിറങ്ങിയ സാധാരണക്കാരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ സർക്കാർ അനാവശ്യമായി തടവിൽ വയ്ക്കുകയാണ്. ഇത്തരത്തിൽ അയ്യപ്പ ഭക്തരെ അടിച്ചമർത്തുന്നത് തീക്കളിയാണെന്നും കേരളത്തിൽ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. അയ്യപ്പ ഭക്തർക്കൊപ്പം ബിജെപിയുടെ ദേശീയ ശക്തി മുഴുവൻ നിൽക്കും. സ്​ത്രീ-പുരുഷ സമത്വം നടപ്പാക്കേണ്ടത്​ ക്ഷേത്ര ദർശനത്തിലൂടെയല്ല. അയ്യപ്പ ഭക്തരുടെ അവകാശങ്ങൾ സർക്കാർ അടിച്ചമർത്തുകയാണ്​. ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച ആയിരക്കണക്കിന്​ പ്രവർത്തകരെ അറസ്​റ്റ്​ ചെയ്​തത്​ എന്തിനാണെന്നും അവർ ആരുടെ മുതലാണ്​ നശിപ്പിച്ചതെന്നുമാണ് അമിത്​ ഷായുടെ ചോദ്യം.

അപ്രായോഗിക നിർദേശങ്ങൾ നൽകുന്നതിൽ നിന്ന് രാജ്യത്തെ കോടതികൾ​ പിന്മാറണം. കേരളത്തിന്‍റെ വികസനം നടപ്പാക്കാൻ ഇടതു വലതു മുന്നണികൾക്കാകില്ല. ബിജെപിക്ക് മാത്രമേ അതിന് കഴിയൂ. ഈ മാസം 30 മുതൽ നവംബർ 12 വരെ കേരളത്തിലുടനീളം അയ്യപ്പ ഭക്തരുടെ ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ നിരവധി സമര പരിപാടികൾ നടത്തും. ഇതിൽ എൻഎസ്എസ്, ബിഡിജെഎസ്, ആർഎസ്എസ് എന്നീ സംഘടനകളോടൊപ്പം കേരളത്തിലെ മുഴുവൻ ആളുകളും അണിനിരക്കണമെന്നും അമിത് ഷാ പറ‍ഞ്ഞു.

നേരത്തെ സ്​ത്രീക്കും പുരുഷനും ക്ഷേത്ര പ്രവേശനത്തിൽ തുല്യ അവകാശം വേണമെന്നായിരുന്നു ആർഎസ്​എസ്​ നിലപാട്​. ഇതുപോലെ തന്നെ ശബരിമല വിധിയെ സ്വാഗതം ചെയ്യുന്ന സമീപനം ആദ്യം സ്വീകരിച്ച​ ബിജെപി ദേശീയ നേതൃത്വം കേരള ഘടകത്തി​​ന്റെ ആവശ്യപ്രകാരം നിലപാട്​ മാറ്റുകയായിരുന്നു​. ഇതിനു ശേഷമാണ് പ്രകോപനപരമായ അഭിപ്രായങ്ങളും നിലപാടുകളുമായി ബിജെപി നേതൃത്വങ്ങൾ രം​ഗത്തെത്തിയത്.

സുപ്രീംകോടതി വിധിപ്രകാരം ശബരമിലയിൽ എത്തിയ യുവതികളെ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കലാപകാരികൾ വനിതാ മാധ്യമപ്രവർത്തകരേയും പൊലീസുകാരേയും ആക്രമിക്കുകയും ചാനൽ വാഹനങ്ങളും നിരവധി കെഎസ്ആർടിസി ബസ്സുകൾക്കും തീയിടുകയും തകർക്കുകയും ചെയ്തിരുന്നു. ഇതിൽ ഇതുവരെ 2825 സം​ഘപരിവാർ പ്രവർത്തകരെയാണ് പൊലീസ് സംസ്ഥാനവ്യാപകമായി അറസ്റ്റ് ചെയ്തത്. ഇത്തരമൊരു കലാപത്തെ ന്യായീകരിച്ചാണ് അമിത് ഷാ രം​ഗത്തെത്തിയിരിക്കുന്നത്.

Read More >>