അമിത്ഷാ കൈവിട്ടു: ഫണ്ട് നിലച്ച് ബിജെപി; അക്രമിച്ച് ശ്രദ്ധനേടുക പരാജയം മറയ്ക്കാനുള്ള തന്ത്രം

കേന്ദ്രമന്ത്രി സ്ഥാനം ചോദിച്ച കേരള നേതൃത്തിന് ചുട്ട മറുപടി കൊടുത്താണ് അമിത്ഷാ മടങ്ങിയത്. കേരളത്തില്‍ കാശിറക്കിയിട്ട് കാര്യമില്ലെന്ന് കേന്ദ്രത്തിന് മനസിലായ മട്ടാണ്. അക്രമങ്ങള്‍ നടത്തി ശ്രദ്ധനേടുന്ന ഹിന്ദി തന്ത്രം ബിജെപി പുറത്തെടുത്തത് അപകടകരമാണ്

അമിത്ഷാ കൈവിട്ടു: ഫണ്ട് നിലച്ച് ബിജെപി; അക്രമിച്ച് ശ്രദ്ധനേടുക പരാജയം മറയ്ക്കാനുള്ള തന്ത്രം

കേരളത്തിലെ രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന നേതൃത്വം തികഞ്ഞ പരാജയമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലിനു പിന്നാലെ സംസ്ഥാനമൊട്ടാകെ അക്രമണം അഴിച്ചു വിടുകയാണ് ബിജെപി. പരാജയം മറച്ചു വെക്കാനും ദേശീയ നേതൃത്വത്തില്‍ നിന്നും കൂടുതല്‍ സാമ്പത്തികം ഉള്‍പ്പെടെ പരിഗണന ലഭിക്കാനുമായാണ് ഇപ്പോഴത്തെ അക്രമപ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നതെന്നു വ്യക്തം. ബിജെപിയിലേക്ക് സിപിഐഎമ്മിലേതുള്‍പ്പെടെ കൂടുതല്‍ നേതാക്കള്‍ എത്തുമെന്നും ക്രിസ്ത്യന്‍ സഭ അനുകൂല സമീപനമെടുക്കുമെന്നും സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സന്ദര്‍ശനത്തിന് എത്തിയ അമിത് ഷായ്ക്ക് നാണക്കേടുണ്ടാകുന്ന സംഭവങ്ങളാണ് നടന്നത്. ഇതും സംസ്ഥാന നേതൃത്വത്തിനെതിരായി കടുത്ത നിലപാട് സ്വീകരിക്കാന്‍ ദേശീയ നേതൃത്വത്തെ പ്രേരിപ്പിച്ചു.

കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യസഭാ സീറ്റ് ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ വേണമെന്ന ആവശ്യത്തോട് കടുത്ത ഭാഷയിലാണ് അമിത് ഷാ പ്രതികരിച്ചത്. സംസ്ഥാനത്ത് നിന്നും സ്വന്തം നിലയില്‍ പ്രവര്‍ത്തിച്ച് എംപിയെ ജയിപ്പിച്ചെടുക്കാനും സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുമാണ് അമിത് ഷാ ആവശ്യപ്പെട്ടത്.

ദേശീയതലത്തില്‍ നിന്നും ലഭിക്കുന്ന പ്രവര്‍ത്തന ഫണ്ടില്‍ കുറവ് വന്നാല്‍ കേരളത്തിലെ നേതാക്കളുടെ നില പരുങ്ങലിലാകും. നേരത്തേ ഒ. രാജഗോപാലിന് നല്‍കിയിരുന്ന കേന്ദ്രസഹമന്ത്രി സ്ഥാനത്തിന് സമാനമായി സ്ഥാനം ആവശ്യപ്പെട്ട സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ക്ക് ലഭിച്ച രൂക്ഷമായ പ്രതികരണവും നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

കേരള ചരിത്രത്തിലെ ആദ്യ ബിജെപി എംഎല്‍എ എന്ന നിലയില്‍ ഒ.രാജഗോപാല്‍ കനത്ത പരാജയമാണെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സിപിഐഎം അംഗത്തിന് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് മുതല്‍ അപഹാസ്യമായ ചോദ്യങ്ങള്‍ ചോദിച്ചതുവരെയുള്ള വിഷയങ്ങളില്‍ ഒ.രാജഗോപാലിനെതിരെ കനത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. കണ്ണൂരിലെ കൊലപാതകങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ സഭയില്‍ ബിജെപിയുടെ ശബ്ദമാവാന്‍ രാജഗോപാലിന് കഴിഞ്ഞില്ലെന്ന് സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വത്തിന് തന്നെ പരാതിയുണ്ട്.

സുരേഷ് ഗോപിക്ക് രാജ്യസഭാ എംപി സ്ഥാനം നല്‍കിയതില്‍ സംസ്ഥാനത്തെ നേതാക്കള്‍ക്കിടയില്‍ തന്നെ മുറുമുറുപ്പ് ഉയരുന്നതിനിടയില്‍ ദേശീയ നേതൃത്വവും സുരേഷ് ഗോപി പരാജയമാണെന്ന് വിലയിരുത്തിക്കഴിഞ്ഞു. എംപി എന്ന പദവിയെ ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തില്‍ സുരേഷ് ഗോപിക്ക് കേരളത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്.

കന്നുകാലി വിജ്ഞാപനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേരളത്തില്‍ ഇടതുപക്ഷ അനുകൂലമായ അന്തരീക്ഷമാണ് ഉണ്ടായത്. ഇതില്‍ അനുകൂലമായ തരംഗം ഉണ്ടാക്കിയെടുക്കുന്നതിലും സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു. കണ്ണൂരിലേതുള്‍പ്പെടെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍ സ്വന്തം അണികളെപ്പോലും വിശ്വസിപ്പിക്കാവുന്ന തരത്തിലുള്ള നിലപാടുകളോ പ്രചാരണങ്ങളോ നടത്താന്‍ നേതൃത്വത്തിനായില്ല.

നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ തങ്ങള്‍ കൂടുതല്‍ അരക്ഷിതരാണെന്നു കേന്ദ്രനേതൃത്വത്തിന് മുന്നില്‍ വരുത്തി തീര്‍ക്കാനാണ് അക്രമങ്ങളിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. ഡല്‍ഹിയില്‍ യെച്ചൂരിക്ക് നേരെ നടന്ന കയ്യേറ്റ ശ്രമത്തിനു പിന്നാലെ കൃത്യമായ പ്രകോപനങ്ങള്‍ സൃഷ്ടിക്കാനുള്ള അക്രമങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ആര്‍എസ്എസ് പ്രകോപനങ്ങളില്‍ സിപിഐഎമ്മിനെ വീഴ്ത്തുക എന്നതിനെ ആശ്രയിച്ചാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുക.