എല്ലാ കണ്ണുകളും കർണാടക ഗവർണറിലേക്ക്; മോദിക്ക് വേണ്ടി സീറ്റൊഴിഞ്ഞു കൊടുത്ത വജുഭായ് വാല ബിജെപിക്കൊപ്പമെന്ന് സൂചന

മുസ്ലീം വംശഹത്യയ്ക്ക് ശേഷം നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് വേണ്ടി സീറ്റൊഴിഞ്ഞു കൊടുത്തയാളാണ് ഇപ്പോഴത്തെ കർണാടക ഗവർണർ വജുഭായ് വാല. അത്രയ്ക്കേറെ ബിജെപിയാണയാൾ.

എല്ലാ കണ്ണുകളും കർണാടക ഗവർണറിലേക്ക്; മോദിക്ക് വേണ്ടി സീറ്റൊഴിഞ്ഞു കൊടുത്ത വജുഭായ് വാല ബിജെപിക്കൊപ്പമെന്ന് സൂചന

കോൺഗ്രസിനോ ബിജെപിക്കോ സർക്കാരുണ്ടാക്കാൻ എളുപ്പവഴി തുറന്നുകിട്ടാത്ത സാഹചര്യത്തിൽ എല്ലാ കണ്ണുകളും കർണാടക ഗവർണർ വജുഭായ് വാലയിലേയ്ക്ക്. മുൻ ബിജെപി നേതാവും മോദിയുടെ അടുത്തയാളുമായ വജുഭായ് വാല ബിജെപിക്ക് അനുകൂലമായ തീരുമാനമെടുക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചെന്നും ഭൂരിപക്ഷം പിന്നീട് തെളിയിക്കുമെന്നും യെദ്ദ്യൂരപ്പയും സർക്കാരുണ്ടാക്കുമെന്ന് മറ്റു ബിജെപി നേതാക്കളും പ്രഖ്യാപിച്ചതോടെ ഗവർണറുടെ നിലപാടെന്താവുമെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. 117 പേരുടെ പിന്തുണ തെളിയിച്ച എച്ച് ഡി കുമാരസ്വാമിയെ തഴഞ്ഞ് 104 എംഎൽഎമാരുടെ മാത്രം പിന്തുണയുള്ള യെദ്ദ്യൂരപ്പയെ വിളിക്കാനുള്ള സാധ്യതയേറെയാണെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. അത്രയ്ക്കേറെ ബിജെപിയാണ് വാജുഭായ് വാല.

മുസ്ലീം വംശഹത്യയ്ക്കു ശേഷം 2002 ഡിസംബറിലാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. കാലാവധി തീരുന്നതിനും എട്ടുമാസം മുമ്പു നടന്ന തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം വംശഹത്യ തടയാൻ മോദി നടപടിയെടുത്തില്ല എന്നതായിരുന്നു. ആ തെരഞ്ഞെടുപ്പിൽ മോദിക്കു വേണ്ടി തൻ്റെ മണ്ഡലം ഒഴിഞ്ഞു കൊടുത്തയാളാണ് വജുഭായ് വാല. പിന്നീട് മോദി മന്ത്രിസഭയിൽ വജുഭായ് വാല ധനകാര്യ മന്ത്രിയായി.

2012 മുതൽ 2014 വരെ ഗുജറാത്ത് നിയമസഭയുടെ സ്പീക്കറുമായിട്ടുണ്ട് വജുഭായ് വാല. 2014ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലേറിയപ്പോൾ ഗവർണർ സ്ഥാനം സമ്മാനിച്ചാണ് വജുഭായ് വാലയെ ബിജെപി ആദരിച്ചത്. അതിന്റെ കൃതജ്ഞത വജുഭായ് വാല കാണിക്കുമോ എന്നാണ് അറിയാനുള്ളത്. നിയമോപദേശം സ്വീകരിച്ച ശേഷം ഭരണഘടനാനുസൃതമായി തീരുമാനമെടുക്കുമെന്ന് ഗവർണറും, ഉചിതമായ തീരുമാനമെടുക്കാമെന്ന് ഗവർണർ ഉറപ്പു നൽകിയിട്ടുണ്ടെന്ന് സന്തോഷത്തോടെ ബിജെപിയും പറയുന്നത് ഒരു ധാരണയുടെ മുകളിലാണെന്ന് ധരിക്കുന്ന രാഷ്ട്രീയ നിരീക്ഷകർ ഏറെയാണ്.

മുൻ പാരമ്പര്യം പിന്തുടർന്നാൽ ഗവർണർ ബിജെപിയെ ക്ഷണിക്കും. എന്നാൽ തൊട്ടു മുമ്പു നടന്ന തെരഞ്ഞെടുപ്പുകളിൽ ഗവർണർമാർ സ്വീകരിച്ച നയം അതല്ലെന്നും ശ്രദ്ധേയമാണ്. ഗോവയിലും മണിപ്പൂരിലും കോൺഗ്രസായിരുന്നു വലിയ ഒറ്റക്കക്ഷി. എന്നിട്ടും കോൺഗ്രസിനെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചില്ല എന്ന കീഴ്വഴക്കം വജുഭായ് വാല പാലിക്കുമോ എന്നും കണ്ടറിയണം.

Read More >>