തന്റെ രാജി ആദിവാസികളെ അപമാനിക്കുന്നത്: ഈശ്വരിരേശന്‍

അട്ടപ്പാടിയിലായാലും ,കേരളത്തിലെവിടെയായാലും ആദിവാസികള്‍ക്ക് ഇത്തരത്തില്‍ സ്ഥാനമാനങ്ങള്‍ കൊടുത്തശേഷം തിരിച്ചു വാങ്ങുന്നത് ശരിയായ നടപടിയല്ലെന്നും ഈശ്വരിരേശന്‍ പ്രതികരിച്ചു

തന്റെ രാജി  ആദിവാസികളെ അപമാനിക്കുന്നത്: ഈശ്വരിരേശന്‍

കേരളത്തിലെ ആദിവാസികളെ അപമാനിക്കുന്ന നടപടിയാണ് തന്റെ രാജിയിലൂടെ സംഭവിച്ചതെന്ന് ഈശ്വരിരേശന്‍ . ആദിവാസി മഹാസഭയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ഈശ്വരിരേശനോട്‌ ഒക്ടോബര്‍ 15 നകം അട്ടപ്പാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വച്ച് ഒഴിയണമെന്ന് സിപിഐ നേതൃത്വം നിര്‍ബന്ധം പിടിച്ചിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് ഈശ്വരിരേശന്‍ രാജി സമര്‍മിപ്പിച്ചത്.

അട്ടപ്പാടിയിലായാലും ,കേരളത്തിലെവിടെയായാലും ആദിവാസികള്‍ക്ക് ഇത്തരത്തില്‍ സ്ഥാനമാനങ്ങള്‍ കൊടുത്തശേഷം തിരിച്ചു വാങ്ങുന്നത് ശരിയായ നടപടിയല്ലെന്നും രാജിക്ക് ശേഷം ഈശ്വരിരേശന്‍ പ്രതികരിച്ചു. അതേ സമയം ഈശ്വരി രേശന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതികരിക്കേണ്ട കാര്യമില്ല എന്നാണ് സിപിഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ് സ്വീകരിച്ചത്.

ഓരോ വേദിയിലും എൽഡിഎഫ് നേതാക്കൾ മൈക്കെടുത്താൽ പ്രസംഗിക്കുന്നത് ആദിവാസികൾക്ക് വേണ്ടിയാണ്,ഈ പ്രസ്ഥാനം നിലനിൽക്കുന്നത് അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനായാണ് പ്രവർത്തിക്കുന്നത് എന്നൊക്കെയാണ് . അത് വിശ്വസിച്ചാണ് പാവങ്ങൾ ഈ പാർട്ടിയിൽ നിൽക്കുന്നത് . അങ്ങനെ പറയുന്നവർ ഇങ്ങനെയൊരു ആദിവാസി ജനപ്രതിനിധിക്കെതിരെ നടപടിയെടുക്കുന്നത് ഒരു ആദിവാസി സമൂഹവും സഹിക്കില്ലെന്നും ഈശ്വരിരേശന്‍ നാരദ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

സിപിഐ ജില്ലാ സെക്രട്ടറി സുരേഷ് രാജിനും മണ്ഡലം സെക്രട്ടറി രാധാകൃഷ്ണനുമെതിരെ ഗുരുതര ആരോപണങ്ങളാണ് അഭിമുഖത്തില്‍ ഈശ്വരിരേശന്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറി സുരേഷ് രാജിന് പകരം ജോസ് ബേബിക്ക് ഒരവസരം കൂടി കൊടുക്കണമെന്ന് ഈശ്വരിരേശന്‍ പറഞ്ഞിരുന്നു. അന്നു മുതലാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. അതിന് ശേഷം ജില്ലാ എക്സിക്യൂട്ടീവ് അംഗമായ തന്റെ ഫോൺ കോൾ പോലും ജില്ലാ സെക്രട്ടറി എടുക്കാതെയായി.

അടിസ്ഥാന രഹിതമായ ആരോപാണങ്ങളാണ് തന്റെ രാജി ആവശ്യപ്പെടുന്നതിനായി നേതൃത്വം ആരോപിക്കുന്നത്. സിപിഐ അട്ടപ്പാടി മണ്ഡലം സെക്രട്ടറി രാധാകൃഷ്ണന്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലാണ്‌ പെരുമാറുന്നത്. കേട്ടാല്‍ വസ്ത്രമുരിഞ്ഞ് പോവുന്ന രീതിയിലുള്ള അധിക്ഷേപങ്ങളാണ് നിരന്തരമായി ഇയാള്‍ നടത്തുന്നത്. ആദിവാസി എന്ന നിലയിലും ഇയാള്‍ തന്നെയും സമൂഹത്തെയും അപമാനിക്കാറുണ്ടെന്നും ഈശ്വരിരേശന്‍ നാരദയോട് വ്യക്തമാക്കിയിരുന്നു

Read More >>