ബിജെപിയില്‍ രഹസ്യയോഗം; 17 കൗണ്‍സിലര്‍മാര്‍ രാജിക്കൊരുങ്ങുന്നു: അമിത്ഷായുടെ സന്ദര്‍ശനത്തിനു പിന്നാലെ തിരുവനന്തപുരത്ത് പൊട്ടിത്തെറി

സംസ്ഥാന ബിജെപി നേതൃത്വം സംഘടനാപ്രവര്‍ത്തനത്തില്‍ അമ്പേ പരാജയപ്പെട്ടതിന് ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ശകാരം കേട്ട് തലകുനിച്ചതിനു പിന്നാലെ വന്‍ തിരിച്ചടി; തലസ്ഥാന കോര്‍പ്പറേഷനിലെ 17 അംഗങ്ങള്‍ നേതൃത്വത്തിനെതിരെ രഹസ്യയോഗം ചേര്‍ന്നു രാജിക്കൊരുങ്ങുന്നു...

ബിജെപിയില്‍ രഹസ്യയോഗം; 17 കൗണ്‍സിലര്‍മാര്‍ രാജിക്കൊരുങ്ങുന്നു: അമിത്ഷായുടെ സന്ദര്‍ശനത്തിനു പിന്നാലെ തിരുവനന്തപുരത്ത് പൊട്ടിത്തെറി

പുതിയ ഒരാളെ പോലും പ്രസ്ഥാനത്തിലേയ്ക്ക് ആകര്‍ഷിക്കാനാവാത്തതിന്റെ പേരില്‍ ദേശീയ നേതൃത്വത്തിന്റെ ശകാരം കേള്‍ക്കേണ്ടി വന്ന ബിജെപിക്ക് ഉള്ള മണ്ണും ഒലിച്ചു പോകുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 17 ബിജെപി കൗണ്‍സിലര്‍മാര്‍ രാജിയ്‌ക്കൊരുങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന രഹസ്യയോഗത്തിനു പിന്നാലെ കൗണ്‍സിലര്‍മാര്‍ രാജി തീരുമാനം മേല്‍ക്കമ്മിറ്റിക്ക് കൈമാറി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യമായി രണ്ടാം സ്ഥാനത്തെത്തിയ ബിജെപി പ്രതിപക്ഷ സ്ഥാനത്തേറി മൂന്നു വര്‍ഷം തികയുന്നതിനു മുമ്പേയാണ് രാഷ്ട്രീയ പ്രതിസന്ധിയിലായത്. ആര്‍എസ്എസിന്റെ അതിരുലംഘിച്ച ഇടപെടലുകളുടെ സംസ്ഥാനമെമ്പാടുമുള്ള അതൃപ്തിയാണ് ഇവിടെ പൊട്ടിത്തെറിയിലേയ്ക്ക് എത്തുന്നത്.

കോര്‍പ്പറേഷനിലെ നികുതി അപ്പീല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും മണക്കാട് വാര്‍ഡ് കൗണ്‍സിലറുമായ സിമി ജ്യോതിഷിന്റെ പേരിലുയര്‍ന്ന 4.92 കോടി രൂപയുടെ അഴിമതി വിവാദമാണ് ബിജെപി- ആര്‍എസ്എസ് പരസ്യ പോരിലേക്കു വഴിവച്ചിരിക്കുന്നത്. തുടര്‍ന്നാണ് കോര്‍പ്പറേഷനിലെ 17 കൗണ്‍സിലര്‍മാര്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട് രാജി തീരുമാനം കൈക്കൊണ്ടത്.

കൌണ്‍സിലിനെയോ നഗരസഭ സെക്രട്ടറിയെയോ അറിയിക്കാതെ ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിന് അനധികൃത നികുതിയിളവ് നല്‍കിയതിലൂടെ സിമി ജ്യോതിഷ് നഗരസഭയില്‍ 4.92 കോടിയുടെ അഴിമതി നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ബിജെപി ജില്ലാ നേതൃത്വത്തിനും പങ്കുണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരേഷിന്റെ ആര്‍എസ്എസ് വത്കരണത്തിനെതിനെതിരെ മുമ്പു തന്നെ സാധാരണ ബിജെപി പ്രവര്‍ത്തകരില്‍ നിന്നും വന്‍ തോതിലുള്ള എതിര്‍പ്പാണ് ഉയര്‍ന്നിരുന്നത്. ഇപ്പോള്‍ ഉയര്‍ന്ന അഴിമതി ആരോപണത്തോടെ ആര്‍എസ്എസ് നേതൃത്വത്തിനെതിരെ സാധാരണ മറ്റു ബിജെപി നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു.

ഇതിനെത്തുടര്‍ന്നു കഴിഞ്ഞ ദിവസം കരമനയില്‍ നടന്ന രഹസ്യഗ്രൂപ്പ് യോഗത്തില്‍ ജില്ലാ നേതൃത്വത്തിനെതിരെ 17 കൗണ്‍സിലര്‍മാര്‍ പങ്കെടുത്തുവെന്നാണ് സൂചന. സിമി ജ്യോതിഷിനെ സഹായിക്കുന്ന ജില്ലാ നേതൃത്വത്തിനെതിരെ ശക്തമായി പ്രതികരിച്ച കൗണ്‍സിലര്‍മാര്‍, ഇക്കാര്യത്തില്‍ നേതൃസ്ഥാനത്തു നിന്നും നടപടികളൊന്നുമുണ്ടായില്ലെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനത്തു നിന്നും രാജിവയ്്കുവാനാണ് തീരുമാനമെടുത്തിരിക്കുന്നത്. എസ് സുരേഷിന്റെ നിലപാടുകള്‍ അംഗീകരിച്ച് ഇനി മുന്നോട്ടു പോകാനില്ലെന്നും അവര്‍ മയാഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നികുതി അഴിമതിയില്‍ ജില്ലാ നേതൃത്വത്തിനു പങ്കുണ്ടെന്നും അവര്‍ ശക്തമായിത്തന്നെ ആരോപിക്കുന്നു.

നിലവില്‍ സംസ്ഥാന തലസ്ഥാനത്തെ ബിജെപിയുടെ ആഭ്യന്തര കാര്യങ്ങള്‍ നല്‍കുന്ന സൂചനകള്‍ പാര്‍ട്ടിയെ സംബന്ധിച്ചു അനുകൂലമല്ല. തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റി ഓഫീസില്‍ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങളും കഴിഞ്ഞ ദിവസം കൂടിയ രഹസ്യയോഗത്തില്‍ ചര്‍ച്ചയായിരുന്നു. സീതാറാം യെച്ചൂരിയെ ഹിന്ദുസേന പ്രവര്‍ത്തകര്‍ ഡെല്‍ഹിയില്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് ബോംബേറു നടന്നതെന്നു ആര്‍എസ്എസ് വിഭാഗം പറയുന്നുണ്ടെങ്കിലും നികുതി വെട്ടിപ്പു വിവാദത്തെ ശമിപ്പിക്കാനുള്ള നീക്കമായാണ് ബിജെപി വിഭാഗം കാണുന്നത്. നികുതി വെട്ടിപ്പും ബോംബാക്രമണവും തലസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ത്തുവെന്ന നിലപാടാണ് ആര്‍എസ്എസ് ഇതര നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ളതും.

വി മുരളീധരന്‍ വിഭാഗത്തിന്റെ കൈയിലായിരുന്ന തിരുവനന്തപുരത്തെ ബിജെപി നേതൃസ്ഥാനം ആര്‍എസ്എസിന്റെ കൈയിലേക്കു വന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇടതുപക്ഷത്തിന്റെ കേവല ഭൂരിപക്ഷ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തി ബിജെപി രണ്ടാം സ്ഥാനത്തെത്തിയതോടെ ഗ്രൂപ്പ് പോര് ഉച്ചസ്ഥായിലെത്തുകയായിരുന്നു.

ജില്ലാ അധ്യക്ഷനായ അഡ്വ. എസ് സുരേഷ് യുവമോര്‍ച്ചയിലൂടെ ബിജെപിയിലെത്തിയ വി വി രാജേഷിനെ പാര്‍ട്ടിയില്‍ ഒതുക്കി നിര്‍ത്താനുള്ള ശ്രമങ്ങളാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങളുടെ തുടക്കം. വി മുരളീധരന്‍ സംസ്ഥാന പ്രസിഡന്റായിരിക്കേ സംസ്ഥാനത്തെ 14 ജില്ലകളിലെയും പ്രസഡിന്റിനെ മാറ്റാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയുടെ വന്‍ വിജയം പ്രസിഡന്റായിരുന്ന എസ് സുരേഷിന്റെ നില സുരക്ഷിതമാക്കുകയായിരുന്നു. വി വി രാജേഷിനെ പ്രസിഡന്റാക്കാനുള്ള വി മുരളീധരന്റെ നീക്കങ്ങള്‍ ഫലം കണ്ടിരുന്നില്ല. 13 ജില്ലകളിലെയും പ്രസിഡന്റുമാര്‍ക്ക് മാറ്റമുണ്ടായപ്പോള്‍ തിരുവനന്തപുരത്തു സുരേഷ് തന്നെ നിലനിന്നു.

തിരുവനന്തപുരത്തു ആര്‍എസ്എസ് പിടിമുറുക്കിയതോടെ ശക്തമായ പല കമ്മിറ്റികളുടെ തലപ്പത്തേക്കും ആര്‍എസ്എസ് നേതാക്കള്‍ എത്തിയതോടെ ബിജെപി പ്രവര്‍ത്തകര്‍ക്കു സ്ഥാനമാനങ്ങള്‍ ലഭിക്കാതെയായി. അതിന്റെ പേരില്‍ പരസ്യമായ പോരുകളും തലസ്ഥാനത്തുണ്ടായിട്ടുണ്ട്. എസ് സുരേഷിന്റെ ഏകാധിപത്യ തീരുമാനങ്ങള്‍ക്ക് ആര്‍എസ്എസ് പൂര്‍ണ്ണ പിന്തുണ നല്‍കിയതോടെ പാര്‍ട്ടിയിലെ ചേരിപ്പോരുകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയായിരുന്നു. അതിനിടയിലലാണ് കോര്‍പ്പറേഷനിലെ സുരേഷ് പക്ഷക്കാരിയായ സിമി ജ്യോതിഷിനെതിരെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത്. ഇതോടെ ആരോപണം ആര്‍എസ്എസിനെതിരെയുള്ള ആയുധമാക്കി ബിജെപി രംഗത്തെത്തുകയായിരുന്നു.

ഇക്കാര്യം സംബന്ധിച്ചു കുമ്മനം രാജശേഖരന് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ തിരുവനന്തപുരം സന്ദര്‍ശനത്തോടനുബന്ധിച്ചു ഇക്കാര്യങ്ങള്‍ ചര്‍ച്ചയാക്കുവാന്‍ ആര്‍എസ്എസ് ഇതര വിഭാഗം ശ്രമിച്ചുവെങ്കിലും അതിനു ചെവികൊടുക്കുവാന്‍ അദ്ദേഹം തയ്യാറായില്ല. അഴിമതി വിഷയത്തില്‍ നേതൃത്വം ശക്തമായ നടപടികള്‍ എടുത്തില്ലെങ്കില്‍ രാജിവയ്്ക്കുവാന്‍ തന്നെയാണ് രഹസ്യയോഗത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാരുടെ തീരുമാനമെന്നു അവരോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ ബീഫ് നിരോധനമുള്‍പ്പെടെയുള്ള വിഷയങ്ങളുടെ പേരില്‍ ഇപ്പോള്‍ പ്രതിരോധത്തിലായിരിക്കുന്ന സംസ്ഥാനത്തെ ബിജെപിക്കു വന്‍ തിരിച്ചടിയായിരിക്കുമത്. ഇരുകൂട്ടരും വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുന്ന വേളയില്‍ സംസ്ഥാനത്തെ ബിജെപി രാഷ്ട്രീയത്തില്‍ വന്‍ പൊട്ടിത്തെറി അടുത്തുതന്നെ നടന്നേക്കുമെന്നാണ് സൂചന.