കോടതിയുടെ വിദ്യാർത്ഥി രാഷ്ട്രീയ നിരോധനത്തിനെതിരെ വിദ്യാർത്ഥി സംഘടനകൾ ഒറ്റക്കെട്ട്; സർക്കാർ ഇടപെടണമെന്നാവശ്യം

കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിൽ തന്നെ വലിയ പങ്ക് വഹിച്ച വിദ്യാർത്ഥി സംഘടനകളെ ക്യാമ്പസിൽ നിരോധിക്കുകയെന്ന കേരള ഹെെക്കോടതി വിധിയോട് വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ പ്രതികരിക്കുന്നു

കോടതിയുടെ വിദ്യാർത്ഥി രാഷ്ട്രീയ നിരോധനത്തിനെതിരെ വിദ്യാർത്ഥി സംഘടനകൾ ഒറ്റക്കെട്ട്; സർക്കാർ ഇടപെടണമെന്നാവശ്യം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്ന് ഉത്തരവിട്ട് കേരളാ ഹൈക്കോടതി. പഠിക്കാൻ വേണ്ടിയാണ് സ്കൂളുകളിലും കോളേജുകളിലും പോകുന്നത്, രാഷ്ട്രീയ പ്രവർത്തനത്തിനല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമരവും സത്യാഗ്രഹവും അടക്കമുള്ള പ്രവർത്തനങ്ങൾ അനുവദനീയമല്ലെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു. രാഷ്ട്രീയ പ്രവർത്തനം നടത്താനാണെങ്കിൽ പഠനം നിർത്തിപ്പോകാനാണ് ഹൈക്കോടതി പറഞ്ഞത്. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പുറത്താക്കാൻ സ്കൂൾ- കോളേജ് മാനേജ്മെന്റുകൾക്ക് അധികാരമുണ്ടെന്നും കോടതി വിധിച്ചു. ഉയർന്ന ജനാധിപത്യ ബോധത്തിന്റെ ഇടങ്ങളായാണ് കേരളത്തിലെ ക്യാമ്പസുകളെ പൊതുവിൽ വിലയിരുത്തുന്നത്. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിൽ തന്നെ വലിയ പങ്ക് വഹിച്ച വിദ്യാർത്ഥി സംഘടനകളെ ക്യാമ്പസിൽ നിരോധിക്കുകയെന്ന കേരള ഹെെക്കോടതി വിധിയോട് വിദ്യാർത്ഥി സംഘടന പ്രതിനിധികൾ പ്രതികരിക്കുന്നു.

ഇത് ജനാധിപത്യ മൂല്യങ്ങൾക്കെതിരായ വിധി; നിതീഷ് നാരായണൻ, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അം​ഗം

പൊന്നാനി എംഇഎസ് സമരവുമായി ബന്ധപ്പെട്ട വിധി അധീവ പ്രതിലോമപരമാണ്. തീർത്തും ജനാധിപത്യ വിരുദ്ധമാണ്. നിയമപരമായും രാഷ്ട്രീയപരമായി സമരവും പ്രചരണവും എസ്എഫ്ഐ ഏറ്റെടുക്കും. രാജ്യത്തെ ജനങ്ങൾക്ക് രാഷ്ട്രീയമാവാം, പക്ഷെ വിദ്യാർത്ഥികൾക്കു പാടില്ലെന്ന കോടതിയുടെ അഭിപ്രായം അം​ഗീകരിക്കാനാവില്ല. സംഘടന കൊണ്ട് ശക്തരാകാനും വിദ്യാഭ്യാസം കൊണ്ട് പ്രബുദ്ധമാകാനും പറഞ്ഞ ശ്രീനാരയണ ​ഗുരുവുന്റെ നാടാണ് കേരളം. എജുക്കേറ്റ്, ഓർഗനൈസ് ആൻഡ് അജിറ്റേറ്റ് എന്ന് നിരന്തരം പറഞ്ഞിട്ടുള്ള അംബ്ദേകർ അടക്കമുള്ളവരുടെ ജനാധിപത്യ ഭാവനയിലൂടെയാണ് ഇന്ത്യൻ ഭരണഘടന ഉണ്ടായത്. ഇതിന്റെയെല്ലാം അടിത്തറയിലാണ് നാടിന്റെ ജനാധിപത്യ പരിസരം കെട്ടിപടുത്തത്. ഇത് വിദ്യാർത്ഥി സംഘടനകൾക്കൾക്ക് എതിരെയെന്നതിന് ഉപരിയായി ജനാധിപത്യ മൂല്യങ്ങൾക്കെതിരായ വിധിയാണ്. അപകടകരമായ പ്രവണതകൾക്ക് വിധി വഴിവെക്കും. ഇന്ത്യൻ ജുഡീഷ്യറിയുടെ വർ​ഗ സ്വഭാവം അരാഷ്ട്രീയമായി മാറുന്നുണ്ട്. വിദ്യാർത്ഥി സമരങ്ങളുടെ നന്മകൾ അനുഭവിച്ച നാടാണ് കേരളം. വിദ്യാർത്ഥികളെ പൗരന്മാരായി അം​ഗീകരിക്കുന്നതിന്ന് പകരം വിദ്യാർത്ഥികളുടെ പൗരവാകാശം റദ്ദ് ചെയ്യുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അത് അം​ഗീകരിക്കാനാവില്ല.

വിദ്യാർത്ഥി പീഡനത്തിന് വഴിയൊരുക്കുന്ന കോടതി വിധി; രാജേഷ്, എബിവിപി സംസ്ഥാന പ്രസി‍ഡന്റ്

വിദ്യാർത്ഥി രാഷ്ട്രീയം തടഞ്ഞ് കൊണ്ടുള്ള ഹെക്കോടതി വിധി അം​ഗീകരിക്കാനാവില്ല. കോടതിയിൽ സമർപ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാവും വിധി പ്രസ്താവിച്ചതെന്ന് കരുതുന്നു. മറുഭാ​ഗത്തിന്റെ വാദം കേൾക്കാൻ തയ്യാറായിട്ടുണ്ടോയെന്ന് വ്യക്തമല്ല. കോടതി വിധി വിദ്യാർത്ഥികൾക്ക് സ്വാശ്രയ കോളേജുകളിലടക്കം വലിയ പീഡനം അനുഭവിക്കാൻ വഴിയൊരുക്കും. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശക്തി പ്രാപിക്കുന്ന ഇൗ കാലഘട്ടത്തിൽ ഇതിന് വലിയ പ്രത്യാഘാതമുണ്ടാവും.

കോടതി വിധി കലാലയങ്ങളിൽ അരാഷ്ട്രീയ വാദം പ്രചരിപ്പിക്കും; പി.റംഷാദ്, കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി

കോടതി വിധി അങ്ങേയറ്റം നിരാശാജനകമാണ്. കോടതിയുടെ വിധി പലപ്പോഴും ജഡ്ജിമാരുടെയും ബെഞ്ചിന്റെയും മാനസികാവസ്ഥയുമായി ബന്ധപ്പെട്ടാണ് വരുന്നത്. അങ്ങനെ വന്ന ഇൗ വിദ്യാർത്ഥി വിരുദ്ധ വിധിയ്ക്കെതിരെ കെഎസ് യു മേൽകോടതിയെ സമീപിക്കും. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ അരാഷ്ട്രീയവാദം പ്രചരിപ്പിക്കുന്ന തരത്തിലുള്ള തീരുമാനം കോടതിയെടുക്കാൻ പാടില്ല. സത്യാ​ഗ്രഹ സമരങ്ങൾ ലോകത്തിന്റെ തന്നെ മാതൃകയാണ്. ​ഗാന്ധിയൻ സമര രീതിയെ ക്യാമ്പസിൽ നിന്ന് തുടച്ച് നീക്കാനുള്ള ഭരണഘടന സ്ഥാപനത്തിന്റെ സമീപനം തിരുത്തുന്നതിനായി കൂടിയാണ് കെഎസ് യു കോടതിയെ സമീപിക്കുക.

കോടതി വിധിക്കെതിരെ സർക്കാർ നിയമ നിർമ്മാണം നടത്തണം; ശുഭീഷ് സുധാകരൻ, സെക്രട്ടറി എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി

കോടതി വിധി തീർത്തും ദൗർഭാഗ്യകരമാണ്. കോടതി വിധി അം​ഗീകരിക്കാൻ കഴിയില്ല. ക്ലാസ് മുറിയിലെ ജനാധിപത്യം പോലും അം​ഗീകരിക്കാൻ കഴിയാത്ത കോടതി രാജ്യത്തെ ജനാധിപത്യം എങ്ങനെയാണ് സംരക്ഷിക്കുക?മൗലികാവകാശത്തിന് നേരെയുള്ള കടന്ന് കയറ്റമായി മാത്രമേ വിധിയെ കാണാൻ കഴിയുകയുള്ളു. രാജ്യത്തെ വിദ്യാർത്ഥി സംഘടനകളുടെ ചരിത്രം അറിയുന്നവർക്ക് ഇങ്ങനെയൊരു വിധിയിലേയ്ക്ക് എത്താൻ കഴിയില്ല. വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഇങ്ങനെയുള്ള വിധികളെയും നിരോധനങ്ങളെയും അതിജീവിച്ചാണ് മുന്നോട്ട് പോയത്. ജിഷ്ണു പ്രണോയി വിഷയമടക്കം കേരളത്തിന്റെ പൊതു സമൂഹത്തിന് വിദ്യാർത്ഥി സംഘടനകൾ ആവശ്യമാണെന്ന് ബോധ്യപ്പെടുത്തിയതാണ്. കോടതിയുടെ ഇൗ വിധിക്കെതിരെ എഐഎസ്എഫ് കോടതിയെ സമീപിക്കും. വിദ്യാർത്ഥി സംഘടനകളുടെ സ്വാതന്ത്ര്യത്തിനായി ഇൗയൊരു വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ ആവശ്യമുള്ള നിയമ നിർമ്മാണം നടപ്പാക്കണമെന്നാണ് ആവശ്യം.

ഹെെക്കോടതി വിധി അപ്രായോഗികം; കെവി സഫീർഷാ, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ്

കാമ്പസുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം വിലക്കുന്ന ഹെെക്കോടതി വിധി അപ്രായോഗികമാണ്. വിദ്യാർഥികളുടെ വ്യക്തി സാമൂഹ്യ ജീവിതത്തിന്റെ ഭാഗം തന്നെയാണ് രാഷ്ട്രീയവും. രാഷ്ട്രീയ ജീവിതത്തെയും രാഷ്ട്രീയ പ്രവർത്തനങ്ങളെയും വ്യക്തി-സാമൂഹിക ജീവിതങ്ങളിൽ നിന്നും വേറിട്ട് കാണുന്നത് ശരിയല്ല. വോട്ടവകാശമുള്ള പൗരന്മാർ കൂടിയാണ് കാമ്പസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ. നിലവിലെ വിദ്യാഭ്യാസ വ്യവസ്ഥകളിലെ അനീതികളോടും വിവേചനങ്ങളോടും സ്ഥാപന അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന വിദ്യാർത്ഥി വിരുദ്ധ നടപടികളോടും പ്രാഥമികമായി പ്രതികരിക്കേണ്ടതു ഇവിടുത്തെ വിദ്യാർത്ഥി സമൂഹം തന്നെയാണ്. വിദ്യാർത്ഥി സമൂഹം പല കാലങ്ങളിലായി ഉയർത്തിക്കൊണ്ടു വന്ന സമര പോരാട്ടങ്ങളിലൂടെ കൂടിയാണ് സ്വാതന്ത്ര്യവും അവകാശങ്ങളും കരസ്ഥമാക്കിയിട്ടുള്ളത്. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങൾ പ്രതിലോമകരവും സംഹാരാത്മകവും ആകുന്നുവെന്ന വിമർശനങ്ങളെ മുഖവിലക്കെടുക്കാൻ ഇവിടുത്തെ പരമ്പരാഗത വിദ്യാർത്ഥി സംഘടനകൾ തയ്യാറാകണം. പൊന്നാനി എംഇഎസ് കോളേജ് യൂണിയൻ സന്ദർഭത്തിൽ എസ്‌എഫ്ഐ കോളേജിൽ കാട്ടിക്കൂട്ടിയ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നിലവിലെ ഹൈക്കോടതി വിധി വന്നിരിക്കുന്നത്. നിർമ്മാണാത്മകവും ആത്മവിർശനപരവും കൂടുതൽ ജനാധിപത്യപരവുമായ കാമ്പസ് രാഷ്ട്രീയത്തെ കുറിച്ച് വിദ്യാർത്ഥി സംഘടനകൾ ആലോചിക്കണം.

ക്യാമ്പസുകളെ ബിരുദധാരികളെ ഉൽപാദിപ്പിക്കുന്ന വ്യവസായശാലകളാക്കി മാറ്റുന്ന കോടതി വിധി; സനൂജ്, സെക്രട്ടറി ഡിഎസ്എ

ബ്രാഹ്മണ്യ ബൂർഷ്വാ കോടതികൾ വിദ്യാർഥികളുടെ അവകാശങ്ങൾക്കും അവരുടെ പോരാട്ടങ്ങൾക്കും ഒപ്പം നിന്നിട്ടില്ല എന്നതിന് തെളിവാണ് ഇൗ കോടതി വിധി.ക്യാമ്പസുകളെ ബിരുദധാരികളെ ഉൽപാദിപ്പിക്കുന്ന വ്യവസായശാലകളാക്കി മാറ്റുന്ന നീക്കത്തിന്റെ ഭാഗമാണ് വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കുന്നതും,പഠനം മാത്രമാണ് കലാലയങ്ങളിൽ ചെയ്യേണ്ടത് എന്ന് പറയുന്നതും. വിദ്യാർത്ഥികൾക്കായി കോടതികളോ ഭരണകൂടമോ സംസാരിച്ചിട്ടുണ്ടെങ്കിൽ അത് അതിനോടനുബന്ധിച്ച് നടന്നിട്ടുള്ള വൻ പങ്കാളിത്തമുള്ള ജനകീയ വിദ്യാർത്ഥി സമരങ്ങൾ കൊണ്ട് മാത്രമാണ്. സംഘടിക്കാനും, യൂണിയനൈസ് ചെയ്യാനും, വിമതത്വത്തിനും, പോരാടാനുമുള്ള സ്വാതന്ത്ര്യത്തിനായി എല്ലാ വിദ്യാർത്ഥികളും ഒരുമിക്കുക. ഈ കോടതി വിധിയെ ഡിഎസ്എ ശക്തമായി അപലപിക്കുന്നു. വിദ്യാർത്ഥി രാഷ്ട്രീയം ഒരു എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി അല്ല, പഠനത്തിന്റേം അതിജീവനത്തിന്റേം മാർഗമാണ്.

Read More >>