പാലായിൽ അടി തുടരുന്നു; നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകാൻ ഇടയില്ലെന്ന് പിജെ ജോസഫ്

സ്ഥാനാര്‍ഥിയെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കിയതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് പിജെ ജോസഫ് രംഗത്തുവന്നിരിക്കുന്നത്.

പാലായിൽ അടി തുടരുന്നു; നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകാൻ ഇടയില്ലെന്ന് പിജെ ജോസഫ്

പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ കേരളാ കോൺഗ്രസിൽ അഭിപ്രായഭിന്നത രൂക്ഷമാകുന്നു. നിഷ ജോസ് കെ മാണി പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാകാൻ സാധ്യത കുറവാണെന്ന പ്രസ്താവനയുമായി പിജെ ജോസഫ് രംഗത്ത്. നിഷയെ സ്ഥാനാർത്ഥിയാക്കണമെന്ന സമവായത്തിന് തയ്യാറാകാതെ പൊതുസമ്മതിയും ജയസാധ്യതയുമുള്ള സ്ഥാനാര്‍ഥിയെ പാലായില്‍ മത്സരിപ്പിക്കണമെന്ന ആവശ്യത്തില്‍ പിജെ ജോസഫ് ഉറച്ച് നിൽക്കുകയാണ്.

സ്ഥാനാര്‍ഥിയെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നും രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കിയതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് പിജെ ജോസഫ് രംഗത്തുവന്നിരിക്കുന്നത്. എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ഥിയുടെ പേര് യുഡിഎഫ് നേതാക്കളെ അറിയിച്ച ശേഷം അവര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പിജെ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫ് മുന്നേറ്റം തുടങ്ങിയത് യുഡിഎഫ് നേതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എത്രയും പെട്ടന്ന് സമവായമുണ്ടാക്കി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ്‌ യുഡിഎഫ് നേതാക്കളുടെ ശ്രമം.