മലയോരത്തിന്റെ സ്വന്തം ജീപ്പ്

ചെങ്കുത്തായ കയറ്റവും കുഴിയും നിറഞ്ഞ മലയോരത്തെ റോഡുകളിൽ രക്ഷകനും സുഹൃത്തും സഹായിയുമായിരുന്നു ജീപ്പുകൾ. മലയോരത്തിന്റെ ചരിത്രത്തിലും കഥകളിലും മിത്തുകളിലും ജീപ്പുകൾക്ക് വലിയൊരു സ്ഥാനമുണ്ട്. മലയോരത്തെ ജീപ്പ് കാഴ്ചകൾ

മലയോരത്തിന്റെ സ്വന്തം ജീപ്പ്

മലയോരത്തെ ദൈവങ്ങളുടെ കണക്കെടുത്താൽ അതിൽ ജീപ്പും ഉണ്ടാകുമെന്നു ഒരിക്കൽ പറഞ്ഞത് ബാണാസുരാസാഗറിലേക്കുള്ള യാത്രയിൽ പ്രായമായ ജീപ്പ് ഡ്രൈവറാണ്. ദൈവം എന്ന സങ്കൽപ്പത്തിന്റെ നിർവ്വചനങ്ങൾ വച്ച് പരിശോധിച്ചാൽ അത് ശരിയാണു താനും. കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കാനെത്തിയ കുടിയേറ്റക്കാരന് ജീപ്പും ദൈവമായിരുന്നു.


ടാർ എന്ന് കേട്ടുകേൾവി പോലും ഇല്ലാത്ത, ചെങ്കുത്തായ കയറ്റവും കുഴിയും നിറഞ്ഞ റോഡുകളിൽ ജീപ്പ് രക്ഷകനും സുഹൃത്തും സഹായിയുമായിരുന്നു. ഗർഭിണികളും രോഗികളും പരിക്കുപറ്റിയവരുമായ നിരവധിപ്പേരുമായി എത്ര ജീപ്പുകളാണ് മരണത്തിനും ജീവിതത്തിനും ഇടയിലെ പാതയിലൂടെ അടിവാരത്തേക്കും മലമുകളിലേക്കും കയറിപ്പോയിരിക്കുന്നത്. സാഹസികമായി വലയം പിടിച്ചിരുന്ന ഡ്രൈവർമാർ ഹീറോകളായിരുന്നു. ജയനും ബ്രൂസ്ലിയും ആ തലമുറയിലെ കൗമാരക്കാർക്ക് ജീപ്പ് ഡ്രൈവർമാരുടെ താഴെയായിരുന്നു സ്ഥാനം.


കൗമാരക്കാരിയുടെ മനസ്സിൽ ജീപ്പ് ഡ്രൈവർമാർ സാഹസികതയുടെയും വീരത്തിന്റെയും പര്യായമായ ആരാധനയ്ക്ക് മൊട്ടിട്ടു. പലതും പ്രണയമായി വളർന്നു. ജാതിയുടെയും മതത്തിന്റെയും മതിൽക്കെട്ടുകൾ തകർത്ത് ജീപ്പ് ഡ്രൈവർമാർക്കൊപ്പം നാടുവിട്ടറങ്ങിയ ഒരു സുന്ദരിയുടെയെങ്കിലും പഴങ്കഥ പറയാനുണ്ടാകും ഓരോ മലയോര ഗ്രാമങ്ങൾക്കും.


ജീപ്പ് പ്രമാണിത്വത്തിന്റെയും അധികാരത്തിന്റെയും ചിഹ്നം കൂടിയായിരുന്നു. മാടമ്പിമാർക്കും പള്ളിക്കും പൊലീസിനും മാത്രം ജീപ്പുണ്ടായിരുന്ന കാലം. പൊലീസ് ജീപ്പുകളെ വെട്ടിച്ച് ജീപ്പോടിച്ചിരുന്ന പഴയകാല 'താരാദാസുമാരും' ഉണ്ടായിരുന്നത്രേ. അവർ മലമടക്കുകളിൽ നിന്ന് പലതും പട്ടണങ്ങളിലേക്ക് കൊണ്ടുപോയി കോടികൾ സമ്പാദിച്ചിരുന്നുവത്രേ. ഏതൊക്കെയോ ചുരങ്ങളുടെ ഏതൊക്കെയോ വളവുകളിൽ പ്രേതങ്ങളെ കണ്ടപ്പോഴും സ്റ്റിയറിങ് വീലും മനസ്സും പതറാതെ ജീപ്പോടിച്ചിരുന്നവർ ഉണ്ടായിരുന്നത്രേ. രാത്രി വൈകിയാൽ ജീപ്പ് ഡ്രൈവർമാർ വണ്ടിയോടിക്കാതിരുന്ന സെമിത്തേരിക്കു സമീപത്തെ റോഡുകളും ഉണ്ടായിരുന്നത്രേ. അതെ, ജീപ്പ് പലപ്പോഴും ഒരു മിത്താകുന്നു.


ടാർ നിരത്തുകളും ബസ്സുകളും കാറുകളും ഇരുചക്രവാഹനങ്ങളും എത്തും മുൻപ് വാടക ജീപ്പുകളായിരുന്നു ഒരേ ഒരു ആശ്രയം. കല്യാണവീടിനേയും മരണവീടിനേയും ഒരു പോലെ ചലനാത്മകമാക്കി അവ നാടിനെത്തന്നെ നയിച്ചുകൊണ്ടിരുന്നു. കാലം മാറി, കഥ മാറി, നാടും നിരത്തുകളും മാറി. റബ്ബറിന്റെ ചിറകിലേറി മലയോരവും വളർന്നു. എസ്‌യുവികളടക്കം സുന്ദരൻ വാഹനങ്ങൾ മലകയറി വന്നു. പഴയ അപ്രമാദിത്വം നഷ്ടപ്പെട്ടെങ്കിലും ജീപ്പുകൾ ഗതകാല പ്രതാപത്തോടെ മലയോരത്ത് നിലകൊള്ളുന്നു- ഇന്നും.


Read More >>