കോളേജില്‍ നിന്നും സന്യാസത്തിലേയ്ക്ക്; യോഗി ആദിത്യനാഥ് കുടുംബം ഉപേക്ഷിച്ച മുഖ്യമന്ത്രി

ബിജെപിയുടെ പ്രിയപ്പെട്ട എം പി മാത്രമല്ല യോഗി, കിഴക്കൻ യുപിയിലെ മികച്ച ജനപിന്തുണയുള്ള നേതാവ് കൂടിയാണ്. ഹിന്ദു വോട്ടുകൾ വാരിക്കൂട്ടുന്നതിന് യോഗിയ്ക്കുള്ള മിടുക്ക് ബിജെപിയ്ക്ക് എക്കാലത്തും മുതൽക്കൂട്ടായിരുന്നു.

കോളേജില്‍ നിന്നും സന്യാസത്തിലേയ്ക്ക്; യോഗി ആദിത്യനാഥ് കുടുംബം ഉപേക്ഷിച്ച മുഖ്യമന്ത്രി

കുടുംബം ഉപേക്ഷിച്ച് രാജ്യസേവനത്തിന് ഇറങ്ങുന്ന നേതാക്കള്‍ ബിജെപിയുടെ മുഖമാണ്. വാജ്‌പേയും നരേന്ദ്രമോദിയും പ്രധാനമന്ത്രിമാരെന്ന നിലയിലും കുടുംബത്തെ ത്യജിച്ചവരായി. അസമിലും ഹരിയാനയ്ക്കും അവിവാഹിതരാണ് ബിജെപി മുഖ്യമന്ത്രിമാര്‍. ഇപ്പോഴിതാ ഉത്തര്‍പ്രദേശിലും.

അജയ് സിംങ് ബിഷ്ത് 1972 ൽ ഉത്തരാഖണ്ഡിലെ ഒരു രജപുത്ര കുടുംബത്തിലാണ് ജനിച്ചത്. ഗണിതത്തിൽ ബിരുദം നേടിയ അദ്ദേഹം കോളേജ് വിട്ടയുടന്‍ ഇരുപത്തിയൊന്നാം വയസ്സിൽ സന്യാസം സ്വീകരിക്കാനായി കുടുംബവുമായി വേർപെട്ടു. ഗോരഖ്നാഥ് മഠത്തിലെ മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനായിത്തീർന്ന അജയ് യോഗി ആദിത്യനാഥ് എന്ന പേരും സ്വീകരിച്ചു. അദ്ദേഹത്തിന്റെ ആദ്യകാലജീവിതത്തിനെപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല.

ഗോസംരക്ഷണവും ഹിന്ദു വേദപുസ്തകങ്ങൾ പഠിച്ചും അഞ്ച് വർഷത്തിനുള്ളിൽ ഗുരുവിന്റെ പ്രിയശിഷ്യനായി മാറി മഠത്തിന്റെ ചുമതല ഏറ്റെടുത്ത യോഗി സ്കൂളുകളും കോളേജുകളും ആശുപത്രിയും നടത്തിയിരുന്നു.

1996 ലാണ് യോഗിയുടെ രാഷ്ട്രീയപ്രവേശം. മഹന്ത് അവൈദ്യനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല യോഗിയ്ക്കായിരുന്നു. 1998 ൽ അവൈദ്യനാഥ് രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചപ്പോൾ ലോകസഭ തെരഞ്ഞെടുപ്പിൽ തന്റെ പിൻ ഗാമിയായി യോഗിയെ കണ്ടെത്തുകയായിരുന്നു. തന്റെ ഇരുപത്തിയാറാം ആം വയസ്സിൽ യോഗി പന്ത്രണ്ടാം ലോകസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. തുടർന്ന് 1999, 2004, 2009, 2014 വർഷങ്ങളിലും തെരഞ്ഞെടുപ്പ് വിജയം നേടി.

ബിജെപിയുടെ പ്രിയപ്പെട്ട എം പി മാത്രമല്ല യോഗി, കിഴക്കൻ യുപിയിലെ മികച്ച ജനപിന്തുണയുള്ള നേതാവ് കൂടിയാണ്. ഹിന്ദു വോട്ടുകൾ വാരിക്കൂട്ടുന്നതിന് യോഗിയ്ക്കുള്ള മിടുക്ക് ബിജെപിയ്ക്ക് എക്കാലത്തും മുതൽക്കൂട്ടായിരുന്നു.

2002 ൽ ഹിന്ദു യുവ വാഹിനി എന്ന സംഘടന തുടങ്ങിയ യോഗി ഹിന്ദുത്വ അജണ്ട തീവ്രമായി നടപ്പിലാക്കാനുള്ള ആഹ്വാനം തന്റെ അനുയായികൾക്ക് നൽകുകയായിരുന്നു. സംഘപരിവാരം എന്താഗ്രഹിക്കുന്നുവോ അതെല്ലാം യോഗി ചെയ്തു.

ബിജെപിയുമായി ഇടയ്ക്ക് അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും യോഗിയുടെ പ്രാതിനിധ്യത്തിനെ ഒഴിവാക്കാൻ പാർട്ടിയ്ക്ക് ആവില്ലായിരുന്നു. താൻ നിർമ്മിച്ചെടുത്ത വ്യക്തിപ്രഭാവവും ജനങ്ങളുടെ പിന്തുണയും എല്ലായിപ്പോഴും യോഗിയെ വിജയിപ്പിച്ചു. ഇപ്പോൾ ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമ്പോഴും യോഗി ആദിത്യനാഥ് എന്ന വ്യക്തിയുടെ ഒറ്റയ്ക്കുള്ള പ്രഭാവം തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്.

Story by