വിവാദങ്ങള്‍ക്കു വിരാമമിടാം;'സിനിമ മുതല്‍ സിനിമ വരെ' എന്ന പുസ്തകം അക്കാദമി നിയമങ്ങള്‍ നൂറു ശതമാനവും പാലിക്കുന്നുണ്ട്-ഗ്രന്ഥകര്‍ത്താക്കള്‍

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡു ലഭിച്ച സിനിമ മുതൽ സിനിമ വരെ എന്ന പുസ്തകം പുരസ്കാരത്തിനു സമർപ്പിച്ചത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന ആരോപണം ഉയർന്നിരുന്നു. ഡോ. അജു കെ നാരായണൻ, ഷെറി ജേക്കബ് കെ എന്നിവർ ചേർന്നെഴുതിയ ഈ പുസ്തകത്തിൽ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം അഞ്ചുവർഷം മുമ്പ് പ്രസിദ്ധീകരിച്ച പലവക-സംസ്‌കാര പഠനങ്ങള്‍ എന്ന പുസ്തകത്തിലെ ഇതേ ഗ്രന്ഥകാരന്മാരുടെ ലേഖനങ്ങൾ ഉൾപ്പെടുന്നുവെന്നാണ് ആരോപണം. ഇതിന് ഗ്രന്ഥകർത്താക്കളുടെ മറുപടി

വിവാദങ്ങള്‍ക്കു വിരാമമിടാം;സിനിമ മുതല്‍ സിനിമ വരെ എന്ന പുസ്തകം അക്കാദമി നിയമങ്ങള്‍ നൂറു ശതമാനവും പാലിക്കുന്നുണ്ട്-ഗ്രന്ഥകര്‍ത്താക്കള്‍

ചലച്ചിത്ര അക്കാദമിയുടെ നിയമാവലിയില്‍ ചലച്ചിത്ര ഗ്രന്ഥത്തെ സംബന്ധിച്ചു പറയുന്ന കാര്യങ്ങളും അതിനോടുള്ള പ്രതികരണങ്ങളും ചുവടെ :
1. വിജ്ഞാപനത്തില്‍ വ്യക്തമാക്കിയ കലണ്ടര്‍ വര്‍ഷത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിനു മാത്രമേ എന്‍ട്രിക്ക് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.

സിനിമ മുതല്‍ സിനിമവരെ' എന്ന ചലച്ചിത്രഗ്രന്ഥം വിജ്ഞാപനത്തില്‍ വ്യക്തമാക്കിയതുപോലെ 2016-ല്‍ പ്രസിദ്ധീകരിച്ചതാണ്.

2. തര്‍ജ്ജമ, സമാഹാരം, സംഗ്രഹം, എഡിറ്റു ചെയ്തത് തുടങ്ങിയ പുസ്തകങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല.

'സിനിമ മുതല്‍ സിനിമവരെ'എന്ന ചലച്ചിത്രഗ്രന്ഥം തര്‍ജ്ജമയോ സംഗ്രഹമോ എഡിറ്റു ചെയ്തതോ അല്ല. മറ്റൊരാളാല്‍ സമ്പാദനം ചെയ്യപ്പെട്ടതോ സമാഹരിക്കപ്പെട്ടതോ അല്ല ഈ പുസ്തകം. മറിച്ച് കര്‍ത്താക്കള്‍ ഇരുവരും ചേര്‍ന്നെഴുതിയ ചലച്ചിത്രപഠനങ്ങളാണിവ.

നിയമാവലിയില്‍ പറഞ്ഞിരിക്കുന്ന 'സമാഹാരം' എന്ന വാക്കിന് ലേഖനസമാഹാരം എന്നല്ല അര്‍ത്ഥം. മറിച്ച് സമാഹര്‍ത്താക്കള്‍/ സമ്പാദകര്‍ എന്ന നിലയിലുള്ള പുസ്തകങ്ങള്‍ സ്വീകാര്യമല്ലെന്ന സൂചനയാണിവിടെയുള്ളത്. ഇനി അഥവാ 'ലേഖന സമാഹാരം' എന്നാണ് ഇവിടെ അര്‍ത്ഥമാക്കുന്നതെങ്കില്‍ അതു വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. മുമ്പ് അവാര്‍ഡിന് അര്‍ഹമായതും ഈ വര്‍ഷം സമര്‍പ്പിക്കപ്പെട്ടതുമായ പുസ്തകങ്ങള്‍ നോക്കുക. അതില്‍ ലേഖനസമാഹാരങ്ങള്‍ കാണാം. ഗ്രന്ഥകര്‍ത്താക്കള്‍ പല വര്‍ഷങ്ങളിലായി എഴുതിയതും പ്രസിദ്ധീകരിച്ചതുമായ പഠനങ്ങളാണ് അതില്‍ കാണാനാവുക. ഇതു കാണിക്കുന്നത്, ലേഖന സമാഹാരങ്ങള്‍ സ്വീകാര്യമാണെന്നാണ്.

മറ്റൊരു കാര്യം കൂടി: സിനിമ എന്ന വ്യവഹാരത്തെക്കുറിച്ചുള്ള പഠനപുസ്തകം നോവല്‍ പോലെ 'ഒന്ന്' ആവാന്‍ തരമില്ലല്ലോ.അതായത് വിജ്ഞാപനത്തില്‍ പറയുന്നത്, വിജ്ഞാപനത്തില്‍ വ്യക്തമാക്കിയ കലണ്ടര്‍ വര്‍ഷത്തില്‍ പ്രസിദ്ധീകൃതമായ പുസ്തകം ആയിരിക്കണം എന്നു മാത്രമാണ്. അതിലെ ഉപദര്‍ശനങ്ങളും പഠനങ്ങളും എല്ലാംതന്നെ ആ വര്‍ഷം എഴുതിയിട്ടുള്ളവയായിരിക്കണമെന്ന നിബന്ധനയില്ല.

3. മറ്റ് പുസ്തകങ്ങളില്‍നിന്ന് കടമെടുത്ത് പകര്‍ത്തിയതോ പുന:പ്രസിദ്ധീകരണങ്ങളോ പാടില്ല.

മറ്റാരുടെയും പുസ്തകത്തില്‍നിന്ന് കടമെടുത്ത് പകര്‍ത്തിയവയല്ല 'സിനിമ മുതല്‍ സിനിമവരെ' എന്ന പുസ്തകം. അത് ഗ്രന്ഥകര്‍ത്താക്കളുടെ മൗലികരചന തന്നെയാണ്. കൂടാതെ, ഈ പുസ്തകം ഒന്നാം പതിപ്പാണ്. പുന:പ്രസിദ്ധീകരണമല്ല.

സ്വന്തം പഠനം പുസ്തകത്തില്‍ ചേര്‍ക്കുന്നത് 'കടമെടുക്കല്‍ ' അല്ലല്ലോ. നിബന്ധനയില്‍, 'കടം എടുത്തു പകര്‍ത്തരുത്' എന്നാണുള്ളത്. ആയതിന്റെയര്‍ത്ഥം മറ്റ് എഴുത്തുകാരുടെ പുസ്തകങ്ങളില്‍നിന്ന് കോപ്പിയടിക്കരുതെന്നാണെന്നു വ്യക്തം.

ഇത്രയും നിബന്ധനകളാണ് അക്കാദമി മുന്നോട്ടുവെയ്ക്കുന്നത്. അത് നൂറു ശതമാനവും ഞങ്ങളുടെ ചലച്ചിത്ര ഗ്രന്ഥം പാലിക്കുന്നുണ്ട്.
(മുമ്പ് അവാര്‍ഡ് കിട്ടിയ ലേഖനം പിന്നീട് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തരുതെന്ന യാതൊരു നിബന്ധനയും ഇല്ല.)