വനിതാക്രിക്കറ്റില്‍ ലോകറെക്കോര്‍ഡ്: ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ഇന്ത്യയുടെ മിതാലി രാജ്

16ാം വയസില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച മിതാലി രാജ് നിരവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്തിയിട്ടുണ്ട്. ഇതിന് മാറ്റ് കൂട്ടിയാണ് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡും നേടിയത്.

വനിതാക്രിക്കറ്റില്‍ ലോകറെക്കോര്‍ഡ്: ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ഇന്ത്യയുടെ മിതാലി രാജ്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന് ലോക റെക്കോര്‍ഡ്. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് മിതാലി രാജ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ ഷാര്‍ലോട്ട് എഡ്വേഡിന്റെ 5992 റണ്‍സെന്ന റെക്കോര്‍ഡാണ് മിതാലി പഴങ്കഥയാക്കിയത്. ആദ്യമായി 6000 റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡും മിതാലി സ്വന്തം പേരില്‍ ചേര്‍ത്തു. ഏകദിന ലോകകപ്പില്‍ ആസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തിലാണ് മിതാലി രാജ് നേട്ടം കൈവരിച്ചത്.

16ാം വയസ്സില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മിതാലി ആരങ്ങേറ്റ മത്സരത്തില്‍ 114 റണ്‍സ് നേടിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കായികതാരമെന്ന റെക്കോര്‍ഡും മിതാലി ഇതിലൂടെ സ്വന്തമാക്കിയിരുന്നു. ഏകദിന ക്രിക്കറ്റില്‍ 182 കളികളില്‍ നിന്ന് 51.82 ശരാശരിയില്‍ മിതാലി 5 ശതകങ്ങള്‍ നേടിയിട്ടുണ്ട്. 2002ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം ചെയ്ത മിതാലിയുടെ പേരിലായിരുന്നു ഒരു ടെസ്റ്റ് മാച്ചില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ്. പുറത്താവാതെ 214 റണ്‍സാണ് മിതാലി ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നേടിയത്. പാകിസ്ഥാന്‍ താരം കിരണ്‍ ബലൂച്ചിന്റെ പേരിലാണ് ഇപ്പോള്‍ ഈ റെക്കോര്‍ഡ്.

18വര്‍ഷ ക്രിക്കറ്റ് കരിയറില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായിക. തുടര്‍ച്ചയായി ഏഴ് കളികളില്‍ അര്‍ധ ശതകം നേടിയ ഏക താരമെന്ന റെക്കോര്‍ഡും മിതാലി രാജിന്റെ പേരിലാണ്. വനിതാ ക്രിക്കറ്റിലെ സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്നാണ് മിതാലി രാജിനെ വിശേഷിപ്പിക്കുന്നത്.

Read More >>