സിനിമയിലെ സ്ത്രീകള്‍ മുഖ്യമന്ത്രിയോട്: ലൊക്കേഷനുകള്‍ ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം

പരാതിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സിനിമയിലെ സ്ത്രീകള്‍ മുഖ്യമന്ത്രിയോട്: ലൊക്കേഷനുകള്‍ ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം

സിനിമയിലെ സ്ത്രീകള്‍ക്കായി ഇന്ന് രൂപീകരിച്ച സംഘടന വിമന്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഷൂട്ടിംഗ് ലൊക്കേഷനുകള്‍ ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യമാണ് ഇതില്‍ ശ്രദ്ധേയം.

ബീനാപോള്‍, മഞ്ജു വാര്യര്‍, റീമ കല്ലിങ്കല്‍, പാര്‍വതി, വിധു വിന്‍സെന്റ്, സജിത മഠത്തില്‍, ദീദി ദാമോദരന്‍, ഫൗസിയ ഫാത്തിമ, രമ്യ നമ്പീശന്‍, സയനോര ഫിലിപ്പ്, അഞ്ജലി മേനോന്‍, ആശ ആച്ചി ജോസഫ്, ഇന്ദു നമ്പൂതിരി എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. ചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഈ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


'ചലച്ചിത്രമേഖലയില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്ന് അവര്‍ പറഞ്ഞു. കൊച്ചിയില്‍ ഒരു അഭിനേത്രിക്കുണ്ടായ അനുഭവം ഇതിനു ഉദാഹരണമാണ്. സിനിമ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ കൂടി ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം, സെറ്റുകളില്‍ ലൈംഗീക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണം. സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കണമെങ്കില്‍ സുരക്ഷിതത്വം ഉറപ്പുവരണം. പിന്നണി പ്രവര്‍ത്തനങ്ങളില്‍ മുപ്പതു ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന സിനിമകള്‍ക്ക് പ്രോത്സാഹനമായി സബ്‌സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു. പല സെറ്റുകളിലും സ്ത്രീകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പോലും സൗകര്യമില്ലെന്ന് അവര്‍ പരാതിപ്പെട്ടു-പിണറായിയുടെ പോസ്റ്റ് പറയുന്നു.

Women film workers demand CM to include law against sexual atrocity in shooting locations

loading...