ജീന്‍സിട്ട പെണ്‍കുട്ടി പിന്നെയും പൊളിച്ചു; ആ സദാചാരക്കാരിയെ ക്യാമറയില്‍ കുടുക്കി

പാച്ച് ജീന്‍സിട്ടതിന് കൊച്ചി നഗരത്തില്‍ സദാചാര ഗുണ്ടായിസം നടത്തിയ സ്ത്രീയെ ലോ കോളേജ് വിദ്യാര്‍ത്ഥിനി ഹരിത ഓടിച്ചിട്ട് പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ച സംഭവം നാരദ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ സദാചാരക്കാരി ഇതാ ഒരു ബസ് യാത്രയില്‍ അപ്രതീക്ഷിതമായി ഹരിതയുടെ ക്യാമറയില്‍ പതിയുന്നു

ജീന്‍സിട്ട പെണ്‍കുട്ടി പിന്നെയും പൊളിച്ചു; ആ സദാചാരക്കാരിയെ ക്യാമറയില്‍ കുടുക്കി

ഹരിത ജയന്‍ സദാചാരക്കാരിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ച സംഭവം നാരദയാണ് റിപ്പോര്‍ട്ട് ചെയ്തത്. പാച്ച് ജീന്‍സ് ഇട്ടതിനായിരുന്നു ഹരിതയെ കോഫീ ഷോപ്പിലും റോഡിലും അപമാനിച്ചത്. സദാചാരക്കാരി പൊലീസ് സ്റ്റേഷനില്‍ നിന്ന് അന്ന് ഊരിപ്പോയി. അപ്പോള്‍ പലരും ഹരിതയോട് പറഞ്ഞു, ആ സ്ത്രീയുടെ പേര് ചോദിക്കേണ്ടതായിരുന്നു. വിലാസം എടുക്കണമായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യണമായിരുന്നു. അന്നേ മനസില്‍ കുറിച്ചതാണ്, ആ സ്ത്രീയെ ഇനി കണ്ടാല്‍ വിടില്ലെന്ന്.

പഴയ സംഭവം അറിയാത്തവര്‍ക്കായി ചുരുക്കി പറയാം: ഹരിത എറണാകുളം ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്. തൊട്ടടുത്തുള്ള കോഫിഷോപ്പില്‍ ഒറ്റയ്ക്ക് ചായ കുടിക്കാന്‍ കയറി. ടീ ഷര്‍ട്ടും പാച്ച് ജീന്‍സുമാണ് വേഷം. ചായകുടിച്ചിരിക്കെ പെട്ടെന്നൊരു അലര്‍ച്ച. ഒരു സ്ത്രീയാണ്. ആര്‍ യു മലയാളി എന്നു ചോദിച്ചായിരുന്നു തുടക്കം. അതേയെന്ന മറുപടി കേട്ട് മടങ്ങിയ സ്ത്രീ കുറച്ചു സമയത്തിനുള്ളില്‍ തിരക്കുള്ള ബേക്കറിക്കുള്ളില്‍ ബഹളമുണ്ടാക്കി- ഇതു കേരളമല്ലേ... ഇത്തരത്തില്‍ വേഷമിടുന്നത് അപമാനമല്ലേ എന്ന വിധത്തിലായിരുന്നു സദാചാരപ്രസംഗം. പെട്ടന്ന് ആളു കൂടി. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊന്ന്- ഹരിത ആദ്യമൊന്നു പകച്ചെങ്കിലും പിന്നീട് പ്രതികരിക്കാന്‍ തുടങ്ങി. സാരിയുടുത്താല്‍ കാണുന്നത്ര 'പ്രസക്ത ഭാഗങ്ങള്‍' കാണില്ലെന്ന് ഹരിതയും തിരിച്ചടിച്ചു.


പിന്നെയും അപമാനകരമായ രീതിയിലുള്ള പ്രസ്താവനകള്‍ തുടന്ന സ്ത്രീ, ഹരിത പുറത്തേക്കിറങ്ങിയപ്പോള്‍ വഴിയില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. റോഡില്‍വെച്ചും അപമാനിക്കല്‍ തുടര്‍ന്നു. ആളുകള്‍ ചുറ്റും കൂടി. ഹരിതയും തിരിച്ചു വാദിച്ചതോടെ, പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നായി ഭീഷണി. എന്നാല്‍ സ്റ്റേഷനിലേയ്ക്ക് പോകാമെന്നായി ഭീഷണി. നാട്ടുകാരും പതിയെ ഹരിതയ്‌ക്കൊപ്പം ചേര്‍ന്നതോടെ പെട്ടെന്ന് ഒരു ഓട്ടോയില്‍ ചാടിക്കയറി തലയൂരാനായി സദാചാര സംരക്ഷകയുടെ ശ്രമം. ഓടുന്ന ഓട്ടോയില്‍ ഹരിതയും ചാടിക്കയറിയതോടെ രംഗം ഓട്ടോയ്ക്കുള്ളിലായി. നേരെ സെന്‍ട്രല്‍ സ്റ്റേഷനിലേയ്ക്ക് വിടെന്ന് ഹരിത ഓട്ടോക്കാരനോട് പറഞ്ഞു. സത്രീയാവട്ടെ ഓട്ടോയില്‍ നിന്നിറങ്ങാനുള്ള ശ്രമവും തുടങ്ങി. സ്റ്റേഷനു പുറത്തു നിര്‍ത്തിയാല്‍ രക്ഷപെടും എന്നുറപ്പുള്ളതിനാല്‍ ഓട്ടോക്കാരന്‍ സ്റ്റേഷന്റെ ഉള്ളില്‍, വാതില്‍ക്കല്‍ കൊണ്ടുചെന്ന് ഓട്ടോ നിര്‍ത്തി. രക്ഷപെടാനുള്ള വിഫലശ്രമവും പാളിയതോടെ എസ്‌ഐയോടായി ചോദ്യം- സാറേ, ഈ കൊച്ചിനെ കണ്ടാല്‍ എന്തുതോന്നും.ശരീരമപ്പാടെ മറഞ്ഞ വേഷമാണ് വിദ്യാര്‍ത്ഥിനി ധരിച്ചിരിക്കുന്നതെന്നും നിങ്ങള്‍ ധരിച്ചിരിക്കുന്ന സാരിയെക്കാളും ശരീരം കാണാത്ത വേഷമാണതെന്നും എസ്‌ഐയും നിലപാടെടുത്തു. തനിക്ക് പരാതിയുണ്ടെന്നും ബേക്കറിയിലെ സിസി ടിവി പരിശോധിച്ച് കേസെടുക്കണമെന്നും ഹരിത പറഞ്ഞു. വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലാഞ്ഞിട്ടാണെന്നും പെണ്‍കുട്ടിയുടെ അമ്മ വരട്ടെയെന്നുമായി സദാചാരക്കാരിയുടെ അടുത്ത വാദം.

വൈകാതെ ഹരിതയുടെ അമ്മ രേഖ.എസ് സ്റ്റേഷനിലെത്തി. രേഖ വക്കീലാണ്. ഇന്ത്യന്‍ ഭരണഘടനയിലൂന്നി രേഖ മകള്‍ക്കെതിരെ നടന്ന സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായി പ്രതികരിച്ചു. മകളെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നായി. രേഖയുടെ വാദങ്ങള്‍ക്കുമുന്നില്‍ ആര്‍ഷ ഭാരത സംസ്‌ക്കാരമൊക്കെ വിളമ്പിയെങ്കിലും പൊലീസ് ഓഫീസറും ഹരിതയെ അപമാനിച്ചതിനെതിരെ കര്‍ശന നിലപാടെടുത്തതോടെ സദാചാരക്കാരി കൂടുതല്‍ കുടുങ്ങി.


നാരദ സംഭവം റിപ്പോര്‍ട്ട് ചെയ്തപ്പോഴും സ്ത്രീയുടെ പേരില്ലായിരുന്നു. നാരദയെ പിന്തുടര്‍ന്ന് മറ്റ് ദേശീയമാധ്യമങ്ങളും ഹരിതയുടെ ധീരതയെ അവതരിപ്പിച്ചു. ഹരിത പറയുന്നത് സത്യമാണോ എന്നു ചിലരെങ്കിലും സംശയിച്ചു കാണും. സ്ത്രീയുടെ പേരോ വിലാസമോ ഇല്ലാത്ത കഥയാണല്ലോ പറഞ്ഞത്.

ഇന്നലെ ഹരിത ബസില്‍ കോളേജിലേയ്ക്ക് സഞ്ചരിക്കുകയാണ്. പച്ചാളത്തു നിന്നും തോപ്പുംപടിക്കുള്ള ബസായിരുന്നു. 'അപ്പോഴുണ്ട് അരികത്തൊരു സ്ത്രീ വന്നിരിക്കുന്നു. കണ്ടു നല്ല പരിചയം. അപ്പോ അവര്‍ എന്നെ നോക്കി ഇങ്ങനെ ഇരിക്കുന്നുണ്ട്. ഇവരെന്താ എന്നെയിങ്ങനെ നോക്കുന്നത് എന്നാലോചിച്ചതും, ഇതെന്നെ സദാചാരം പഠിപ്പിച്ച ആന്റിയാണല്ലോ എന്നോര്‍ത്തെടുത്തു. നിമിഷങ്ങള്‍ക്കകം ഇതെല്ലാം നടന്നു. അവരെന്റെ ജീന്‍സിലേയ്ക്ക് നോക്കിയപ്പോ അന്നിട്ട അതേ പാച്ച് ജീന്‍സ്. അവരുടെ ഫേസൊക്കെ ആകെ മാറി. അപ്പോ തന്നെ എഴുന്നേറ്റ് ബാക്ക് സീറ്റിലേയ്ക്ക് പോയി ഏതോ ഒരു ചേട്ടന്റെ കൂടെ ഇരുന്നു'- ഹരിത പറയുന്നു.


'അന്ന് ഒരു തരത്തിലും നടപടി ഉണ്ടായില്ല. പൊലീസാണെങ്കില്‍ അവരുടെ ഒരു വിവരവും ചോദിക്കുകയോ എഴുതി എടുക്കുകയോ ചെയ്തുമില്ല. വീണ്ടും കണ്ടു. പുറകിലിരുന്ന് വീണ്ടും
അപമാനിച്ചപ്പോള്‍ ഞാനവരുടെ വീഡിയോ എടുത്തു. ഇങ്ങനെയുള്ളവരുടെ മുഖം നാലുപേരു കാണട്ടെ. അന്ന് ആദ്യം ഇതു ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും കള്ളം ആണെന്നു പറഞ്ഞു. അതുകൊണ്ട് എല്ലാവരും വീഡിയോ കാണട്ടെ'- വീഡിയോ പരസ്യമാക്കിയതിനെ കുറിച്ച് ഹരിത പറയുന്നു.

ഹരിത ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ സ്ത്രീ ബസില്‍ ഇല്ല.


നാരദയ്ക്ക് പറയാനുള്ളത്:

ഹരിത ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ നാരദ പ്രസിദ്ധീകരിക്കുന്നു. ഒരു പെണ്‍കുട്ടി ജീന്‍സ് ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത സദാചാര വയലന്‍സിനെതിരെ തികച്ചും ഉത്തരവാദത്തോടെയാണ് ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. സദാചാര ഗുണ്ടായിസത്തിനെതിരെ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് നടത്തിയ പ്രതിരോധത്തോട് ഐക്യപ്പെട്ടാണ് ദൃശ്യങ്ങള്‍ പുറത്തുവിടുന്നത്.ഈ ദൃശ്യത്തിലുള്ള, ഹരിതയോട് സദാചാര ഗുണ്ടായിസം നടത്തിയ സ്ത്രീ ആരാണെന്ന് നാരദയ്ക്ക് അറിയില്ല. സമൂഹത്തിന്റെ ഭാഗമായ ഒരു വ്യക്തി എന്ന നിലയില്‍ മാത്രമേ ആ സ്ത്രീയെ കാണുന്നുള്ളു. ഹരിതയുടെ വാദങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പേരറിയാത്ത ആ സ്ത്രീയെ നാരദ ക്ഷണിക്കുന്നു.

(ചിത്രത്തിലുള്ള അതേ ജീന്‍സാണ് സംഭവം നടക്കുമ്പോള്‍ ഹരിത ധരിച്ചിരുന്നത്)