എടിഎമ്മില്‍ നിന്ന് ലഭിച്ച കീറിയ 2000 രൂപ നോട്ട് മാറ്റിനല്‍കാനാകില്ലെന്ന് ബാങ്കുകള്‍; പുലിവാല്‍ പിടിച്ച് മാധ്യമപ്രവര്‍ത്തക

നിരവധിപ്പേര്‍ സമാന പ്രശ്‌നവുമായി ബാങ്കിലെത്തുന്നതായി ജീവനക്കാര്‍ തന്നെ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നെന്ന് ഇവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു

എടിഎമ്മില്‍ നിന്ന് ലഭിച്ച കീറിയ 2000 രൂപ നോട്ട് മാറ്റിനല്‍കാനാകില്ലെന്ന് ബാങ്കുകള്‍; പുലിവാല്‍ പിടിച്ച് മാധ്യമപ്രവര്‍ത്തക

എടിഎമ്മില്‍ നിന്ന് ലഭിച്ച കീറിയ 2000 രൂപയുടെ നോട്ട് തിരികെ നല്‍കാനാകില്ലെന്ന് ബാങ്കുകള്‍. റിസര്‍വ് ബാങ്കിന്റെ ബ്രാഞ്ചില്‍ നേരിട്ട് പോയിട്ടുപോലും നോട്ട് മാറ്റി ലഭിച്ചില്ല. ന്യൂസ് മലയാളം ന്യൂസ് എഡിറ്റര്‍ രതി കുറുപ്പിനാണ് ഈ അനുഭവമുണ്ടായത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബംഗളുരുവിലെ ഏതോ എടിഎമ്മില്‍ നിന്ന് ലഭിച്ച നോട്ടാണ് പല ബാങ്കുകള്‍ കയറിയിറങ്ങിട്ടും മാറ്റി വാങ്ങാനാകാതെ വന്നത്.


നോട്ട് മാറാനാകാത്തതിന്റെ കാരണമന്വേഷിച്ചപ്പോള്‍ 'പുതിയ അഞ്ഞൂറും രണ്ടായിരവും മാറ്റാനുള്ള കറന്‍സി റീഫണ്ട് ബില്‍ പാസാക്കിയിട്ടില്ല. അത് പാസാക്കാതെ നോട്ട് വാങ്ങാനാകില്ലെന്നും കരുതി വച്ചാല്‍ മതി പിന്നീട് മാറ്റാനാകുമെന്നു'മാണ് റിസര്‍വ് ബാങ്കിലെ ജീവനക്കാര്‍ അറിയിച്ചതെന്ന് രതി പോസ്റ്റില്‍ പറയുന്നു. 'കേന്ദ്രവും റിസര്‍വ് ബാങ്കും അറിയാന്‍, ആ ബില്ലൊന്നു പാസാക്കിത്തരുമോ' എന്ന തലക്കെട്ടിലിട്ട പോസ്റ്റില്‍ നിരവധിപ്പേര്‍ സമാന പ്രശ്‌നവുമായി ബാങ്കിലെത്തുന്നതായി ജീവനക്കാര്‍ തന്നെ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നെന്ന് രതി പറയുന്നു.