ഫാമിലി വിസ നൈരാശ്യത്തിലാഴ്ത്തുന്ന പെണ്‍പുഞ്ചിരികള്‍

പുറമേ നിന്നും വിലയിരുത്തുമ്പോള്‍ ഫാമിലി വിസയിലെ സുഖകരമായ ഈ സ്ത്രീകളുടെ അലസജീവിതത്തിനു യാതൊരു കുറവും പറയാന്‍ കഴിഞ്ഞെന്നു വരില്ല. ഇവ ഇഷ്ടപ്പെടുന്ന ചെറിയൊരു ശതമാനം ഉണ്ടാകാം, പക്ഷെ വിവാഹത്തിനു മുന്‍പ് സഹോദരന് ഒപ്പമോ അതിലും മികച്ചതോ ആയ വിദ്യാഭ്യാസം നേടിയിട്ടു വെറുതെയൊരു പ്രവാസജീവിതത്തെ ആസ്വദിക്കുവാന്‍ കഴിയാത്ത നല്ലൊരു ശതമാനവും ഉണ്ട്.

ഫാമിലി വിസ നൈരാശ്യത്തിലാഴ്ത്തുന്ന  പെണ്‍പുഞ്ചിരികള്‍

അനിത ശ്രീവിദ്യ

ഗള്‍ഫ്/ അമേരിക്ക/ യൂറോപ്പ് തുടങ്ങി വിദേശരാജ്യങ്ങളിലെ ജീവിതം ഇന്നും പലരുടെയും മങ്ങാത്ത സ്വപ്നമാണ്. അവിടെയെല്ലാം ഉണ്ടാകാന്‍ ഇടയുള്ള സാമ്പത്തികമാന്ദ്യം, ഉയര്‍ന്ന ടാക്സ് എന്നിവയൊന്നും ആ ഭ്രമത്തെ ഇല്ലാതാക്കാന്‍ കഴിയുന്നതല്ല. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെവിടെയുമുള്ള ആളുകള്‍ അമേരിക്കയിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. ഏതു തൊഴിലും മാന്യമായി ചെയ്യാന്‍ കഴിയും എന്നുള്ളതും, ആഡംബര സമമായ ജീവിതരീതിയും ഇതിനു ആക്കം കൂട്ടുന്നു. സത്യമാണ്! എന്നാല്‍ ഭര്‍ത്താക്കന്മാര്‍ക്ക് മാത്രം ഈ സ്വാതന്ത്ര്യങ്ങള്‍ എല്ലാം അനുവദിക്കപ്പെടുകയും, അവരുടെ ആശ്രിത വിസയില്‍ എത്തപ്പെട്ടു പഠിച്ചതിനനുസരിച്ചു ജോലി പോലും ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന ഭാര്യമാരുടെ കാര്യമോ? ഗള്‍ഫ് ജീവിതം അവര്‍ക്ക് ഇതുപോലെ തന്നെ ആസ്വാദ്യകരമാകുന്നുണ്ടോ? സംശയം ഒന്നുമില്ല, ആദ്യകാല കുതൂഹങ്ങള്‍ കഴിയുമ്പോള്‍ പ്രവാസജീവിതം അത്ര നിറമില്ലാതെയാകുന്നു.

ഇന്ത്യയില്‍ മോശമല്ലാത്ത ഒരു തുക ശമ്പളമായി ലഭിക്കുന്ന സമയത്തായിരിക്കാം പല പെണ്‍കുട്ടികളും വിവാഹിതരായി വിദേശത്തേക്ക് ചേക്കേറുന്നത്. കൂടുതല്‍ സ്വപ്നങ്ങളുമായി എത്തുന്ന ഇവര്‍ക്ക് കാര്യങ്ങള്‍ അങ്ങനെയല്ലാതെയാകുമ്പോള്‍ ഉണ്ടാകുന്ന മാനസികപ്രയാസം ഭര്‍ത്താവിനോ അദ്ദേഹത്തിന്റെ വീട്ടുകാരോ മനസിലാക്കണമെന്നില്ല. പ്രത്യേകിച്ചു സാമ്പത്തിക ബുദ്ധിമുട്ടില്ലാത്ത കുടുംബമാണ് എങ്കില്‍ ഇത്തരം സാഹചര്യങ്ങള്‍ക്കുള്ള സാധ്യതകളും ഏറെയാണ്‌. ചെലവിനു തരാന്‍ ഭര്‍ത്താവിനു കഴിവുള്ളപ്പോള്‍ എന്തിനാണ് ഭാര്യ ഇത്ര പ്രയാസപ്പെട്ടു ജോലിക്കായി ശ്രമിക്കുന്നത് എന്ന പഴഞ്ചന്‍ ചിന്താഗതി ഇപ്പോഴും അത്രയധികം മാറിയിട്ടുമില്ല എന്നുള്ളതാണ് സത്യം.

മനഃശാസ്ത്രപരമായ ഒറ്റപ്പെടലുകളും പൊതുവേ ജീവിതത്തോടുള്ള ഒരു മടുപ്പും നിസ്സഹകരണവും ഇങ്ങനെയുള്ള സ്ത്രീകളില്‍ കണ്ടുവരുന്നു. നിസ്സഹായത സ്വയം-വിദ്വേഷം എന്നിവയിലേക്കും കാര്യങ്ങള്‍ ചെന്നെത്തുന്നു. നാട്ടില്‍ തങ്ങള്‍ ഇതിലും സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു എന്നാ തോന്നലും ഇവരില്‍ ഉടലെടുക്കുന്നതായിട്ടാണ് കണ്ടുവരുന്നത്‌.

ഏകാന്തത വലിയൊരു പ്രശ്നം തന്നെയാണ്. മാനസികമായി ഒറ്റപ്പെടല്‍ അനുഭവിക്കുമ്പോള്‍ നല്ല സുഹൃത്തുക്കളെ കണ്ടെത്തുന്നതും എളുപ്പമായിരിക്കില്ല. പഴയ സുഹൃത്തുക്കള്‍ ഇപ്പോള്‍ കരിയറില്‍ നല്ല നിലയില്‍ എത്തപ്പെട്ടുവെങ്കില്‍ അവരോട് പ്രയാസങ്ങളെ തുറന്നു പറയുന്നതിലും സ്ത്രീകളുടെ അഭിമാനബോധം അനുവദിക്കണം എന്നില്ല. സംസാരം പലപ്പോഴും യാന്ത്രികമായി പോവുകയും ചെയ്യും.

വിവാഹം കഴിഞ്ഞാല്‍ ഉടനെ പ്രസവം ഗൃഹഭരണം എന്ന ഉത്തരവാദിത്തത്തിലേക്ക് മാത്രമായി ഇന്നത്തെ യുവതലമുറ നിയന്ത്രിക്കപ്പെടുന്നില്ല. എപ്പോള്‍ കുട്ടികള്‍ വേണം, വീട് വയ്ക്കണം തുടങ്ങിയവയെ കുറിച്ചു ഇവര്‍ക്ക് മുന്‍തലമുറയില്‍ ഉണ്ടായിരുന്നവരെക്കാള്‍ വ്യക്തമായ ധാരണയുണ്ട്. മാത്രമല്ല, കുട്ടികള്‍ ഉണ്ടാകാനായി ചികിത്സ തേടുന്നവരുടെയും എണ്ണം ഇന്ന് വളരെ കൂടുതലാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പ്രത്യേകിച്ചു, വീട്ടില്‍ മണിക്കൂറുകള്‍ ഒറ്റയ്ക്ക് ചെലവഴിക്കേണ്ടി വരുന്നതും പ്രവാസികളായ വീട്ടമ്മമാര്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസമാണ്. കുട്ടികള്‍ ഉള്ളവരുടെ കാര്യവും വിഭിന്നമല്ല.

"ഭര്‍ത്താവ് ജോലിക്ക് പോയി കഴിഞ്ഞാല്‍ എന്തു ചെയ്യാനാണ്? വീക്ക്‌എന്‍ഡില്‍ ഭര്‍ത്താവുമൊത്തു പോയി വലിയൊരു ഷോപ്പിംഗ്‌ നടത്തും. ചിലപ്പോഴൊക്കെ ദേവാലയങ്ങളില്‍ പോയെന്നുമിരിക്കും.."

വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലിക്ക് പോകാനാകാതെ കഴിയുന്ന ഒരുവളുടെ നിരാശ ഈ വാക്കുകളില്‍ പ്രകടമാണ്. "ബാക്കിയുള്ള സമയങ്ങളില്‍ എന്തു ചെയ്യും...ഒന്നും ചെയ്യില്ല!" ആശ്രിത വിസകളില്‍ തടവിലാക്കപ്പെടുന്ന 'സമ്പന്ന' സ്വപ്നങ്ങളാണ് ഇവ.അവിടെയെത്തുന്ന ആദ്യനാളുകളില്‍ തങ്ങള്‍ക്കായി കാത്തുവച്ചിരിക്കുന്ന ജോലി അന്വേഷിക്കുന്നതിനുള്ള തിരക്കിലായിരിക്കും ഇവരില്‍ മിക്കവരും. കരിയറുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലേക്കും ആവേശത്തോടെ അപേക്ഷ അയച്ചു കോള്‍ ലെറ്ററിനായി കാത്തിരിക്കും. പക്ഷെ ഒന്നും ശരിയാകാതെ വരുന്നതോടെ മനസ്സ് മടുക്കാന്‍ മറ്റൊരു കാരണം വേണോ?

വിദേശത്ത് എത്തുന്ന ആദ്യകാലങ്ങളില്‍ വാഹനമോടിക്കാന്‍ ഫാമിലി വിസയില്‍ എത്തുന്ന നമ്മുടെ സ്ത്രീകള്‍ ശ്രമിക്കാത്തത് വലിയൊരു അബദ്ധമാണ് എന്ന് പറയാം. പിന്നീട് മടുപ്പിന്റെ നാളുകള്‍ ആരംഭിക്കുമ്പോഴായിരിക്കാം ഇങ്ങനെ ഒരു ചിന്ത ഉടലെടുക്കുന്നത്. അപ്പോഴേക്കും മറ്റു പല കാര്യങ്ങള്‍ അലട്ടാന്‍ തുടങ്ങുന്നതോടെ ഇതിനുള്ള താല്‍പര്യവും കുറയും. പ്രാഗത്ഭ്യം നേടിയ കരിയറില്‍ അടുത്ത തലമുറയുടെ കുത്തൊഴുക്ക് കൂടിയാകുമ്പോള്‍ ഫാമിലി വിസയുടെ നിയന്ത്രങ്ങളില്‍ സന്തുഷ്ട കുടുംബജീവിതത്തിന്റെ താളത്തിലേക്ക് അവര്‍ സ്വയം ഒതുങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പാചകം, പെയിന്റിംഗ് തുടങ്ങിയ കാര്യങ്ങളിലേക്ക് ശ്രദ്ധയൂന്നുകയും, ലഭ്യമായ സ്വദേശ സൌഹൃദവലയത്തില്‍ സന്തോഷം കണ്ടെത്തുകയുമാണ് ഭൂരിഭാഗം വീട്ടമ്മമാരും. പുതിയ പാചക പരീക്ഷണങ്ങളും, മാളുകളിലേക്ക് ചെറിയ ഔട്ടിങ്ങുമായി സമയം കൊല്ലുകയും ചെയ്യുന്നു.

ഇങ്ങനെയൊക്കെയുള്ള കടുത്ത മാനസികവ്യഥയുള്ളപ്പോഴും അതിനെ പരസ്യമായി അംഗീകരിക്കുവാന്‍ കഴിയാത്തതാണ് മറ്റൊരു പ്രശ്നം.

"അവിടെയെന്താണ് കുഴപ്പം? ഭര്‍ത്താവിനു നല്ല ജോലിയുണ്ട്. താമസിക്കാന്‍ നല്ല ഫ്ലാറ്റുണ്ട്. ഉന്നത ജീവിതനിലവാരമുള്ള നാട്ടില്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കുവാന്‍ കഴിയുന്നു."

പുറമേ നിന്നും വിലയിരുത്തുമ്പോള്‍ ഫാമിലി വിസയിലെ സുഖകരമായ ഈ സ്ത്രീകളുടെ അലസജീവിതത്തിനു യാതൊരു കുറവും പറയാന്‍ കഴിഞ്ഞെന്നു വരില്ല. ഇവ ഇഷ്ടപ്പെടുന്ന ചെറിയൊരു ശതമാനം ഉണ്ടാകാം, പക്ഷെ വിവാഹത്തിനു മുന്‍പ് സഹോദരന് ഒപ്പമോ അതിലും മികച്ചതോ ആയ വിദ്യാഭ്യാസം നേടിയിട്ടു വെറുതെയൊരു പ്രവാസജീവിതത്തെ ആസ്വദിക്കുവാന്‍ കഴിയാത്ത നല്ലൊരു ശതമാനവും ഉണ്ട്. അധികം തിരയേണ്ടതില്ല, ഒന്നു ചുറ്റും നോക്കുകയേ വേണ്ടൂ..കൂട്ടിലടയ്ക്കപ്പെട്ട സന്തോഷവും സ്വാതന്ത്ര്യവും നമ്മുക്ക് അരികില്‍ നിന്ന് തന്നെ പുഞ്ചിരിക്കുന്നത് കാണാം.

Read More >>