ഞങ്ങളെ കൊല്ലാതെ നിങ്ങള്‍ മരത്തെ കൊല്ലില്ല: തൃശൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ 60 മരങ്ങളെ കെട്ടിപ്പിടിച്ച് വിദ്യാര്‍ത്ഥികള്‍

അര ഏക്കര്‍ തരിശു ഭൂമി ഉണ്ടായിട്ടും പടര്‍ന്നു പന്തലിച്ച 60 മരങ്ങള്‍ മുറിച്ചു മാറ്റിയാലേ കെട്ടിടം പണിയുവെന്ന് പ്രിന്‍സിപ്പലിനു വാശി. മരങ്ങളെ സംരക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ രംഗത്ത് എത്തി- ഞങ്ങളെ കൊന്നാലേ മരത്തെ കൊല്ലാനാകുയെന്നു വാശിയുള്ള ഒരു തലമുറ ജനിക്കുകയാണ്.

ഞങ്ങളെ കൊല്ലാതെ നിങ്ങള്‍ മരത്തെ കൊല്ലില്ല: തൃശൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ 60 മരങ്ങളെ കെട്ടിപ്പിടിച്ച് വിദ്യാര്‍ത്ഥികള്‍

തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ്ങ് കോളേജില്‍ പുതിയ മെക്കാനിക്കല്‍ ബ്ലോക്ക് ഉണ്ടാക്കാന്‍ അധികൃതര്‍ക്ക് 60 ഓളം മരങ്ങള്‍ മുറിക്കണം. മുറിച്ചു മാറ്റുന്നതിന്റെ ഇരട്ടി മരങ്ങള്‍ തങ്ങള്‍ വെച്ചുപിടിപ്പിക്കാമെന്നാണ് പ്രതിഷേധവുമായി മുന്നോട്ടു വരുന്ന വിദ്യാര്‍ത്ഥിള്‍ക്ക് അധികൃതരുടെ വാഗ്ദാനം. 75 ഏക്കറോളം പരന്നു കിടക്കുന്ന ക്യാംപസില്‍ സൗകര്യപ്രദമായ മറ്റു സ്ഥലങ്ങള്‍ ഉണ്ടെന്നിരിക്കേ പ്രിന്‍സിപ്പല്‍ കെ.പി ഇന്ദിരാദേവിയ്ക്കും മറ്റു അധ്യാപകര്‍ക്കും മരങ്ങള്‍ വെട്ടിക്കളഞ്ഞ് കെട്ടിടം ഉയര്‍ത്തണമെന്ന വാശിയാണ് ഉള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

60 വര്‍ഷങ്ങള്‍ പിന്നിടുന്ന ഗവണ്‍മെന്റ് കോളേജില്‍ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിനു മാത്രമാണ് സ്വന്തമായി കെട്ടിടം ഇല്ലാത്തത്. വെട്ടിക്കളയുന്ന മരങ്ങളുടെ എണ്ണം കുറയ്ക്കാനായി ഈ സ്വാഭാവിക വനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഐഡിയേറ്റര്‍ ബ്ലോക് പൊളിച്ചു മാറ്റി നിര്‍മാണം നടത്തുന്ന രീതിയില്‍ ആണ് പ്ലാന്‍ വിഭാവനം ചെയ്തിട്ടുള്ളത്. ഈ ബ്ലോക് അപകടകരമായി ഏതു നിമിഷവും തകര്‍ന്നു വീഴാമെന്ന രീതിയില്‍ റിപ്പോര്‍ട്ട് ഉണ്ടാക്കിയാണ് ഇത് പൊളിക്കാനുള്ള അനുമതി നേടിയിരിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഒരു മരം പോലും ഇല്ലാത്ത ഏകദേശം 30 സെന്റ് വരുന്ന തരിശു ഭൂമി ഉണ്ടായിട്ടും മരങ്ങള്‍ വെട്ടണമെന്ന വാശിയിലാണ് അധികൃതരെന്ന് പ്രക്ഷോഭമായി മുന്നിട്ടിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

മുപ്പതോളം തണല്‍ മരങ്ങള്‍ നിര്‍മ്മാണ പ്രവൃത്തിയുടെ പേരില്‍ ഇതു വരെ വെട്ടി നശിപ്പിച്ചു. ക്യാംപസ് സയന്‍സ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി പ്രതിഷേധത്തെത്തുടര്‍ന്നാണ് നിര്‍മ്മാണ പ്രവൃത്തികള്‍ താത്കാലികമായെങ്കിലും നിര്‍ത്തി വയ്ക്കാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചത്. ജൈവ വൈവിധ്യം നശിപ്പിച്ചു കൊണ്ട് വികസനം വേണ്ടെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. മെക്കാനിക്കല്‍ ബ്ലോക് എന്ന ആവശ്യത്തിന് കാലങ്ങളോളം പഴക്കമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 2014 ലാണ് ഇതുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. കോളേജിലെ പരിസ്ഥിതി പഠന ബ്ലോക്കിന് പുറകിലായി ഐഡിയേറ്റര്‍ ബില്‍ഡിങ് ഉള്‍പ്പെടുന്ന സ്ഥലമാണ് നിര്‍മ്മാണത്തിനായി കണ്ടെത്തിയത്. കോളേജില്‍ പച്ചപ്പുള്ള സ്ഥലങ്ങളില്‍ ഒന്നാണിതെന്നും ക്യാംപസ് സയന്‍സ് ഫോറം പ്രസിഡന്റ് രഞ്ജു രാജ് പറയുന്നു.

ആര്‍ക്കിടെക്ചര്‍, ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ ബില്‍ഡിങ്ങ് നിര്‍മ്മാണത്തിനായി ഈ സ്ഥല പരിഗണനയില്‍ ഉണ്ടായിരുന്നുവെങ്കിലും പ്രകൃതി സംരക്ഷണം മുന്‍നിര്‍ത്തി മറ്റു സാധ്യതകള്‍ പരിഗണിക്കുകയാണ് അധികൃതര്‍ ചെയ്തിരുന്നത്. 2016 മാര്‍ച്ചിലാണ് മെക്കാനിക്കല്‍ ബ്ലോക്കിനായി ഈ പ്രദേശത്തുള്ള 60 മരങ്ങള്‍ വെട്ടിമാറ്റാനുള്ള തീരുമാനം കോളേജ് അധികൃതര്‍ എടുത്തത്. വിവിധ വിദ്യാര്‍ത്ഥി സംഘടനകളും ക്യാംപസ് ഫോറവും പ്രതിരോധം തീര്‍ത്തതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനായില്ല. 2017 ഫെബ്രുവരി 28 ന് വീണ്ടും മരങ്ങള്‍ വെട്ടിമാറ്റാനുള്ള ശ്രമം നടന്നു. പ്രതിഷേധിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും കയ്യേറ്റം ചെയ്യാനും ശ്രമം ഉണ്ടായി. മരങ്ങള്‍ വെട്ടണമെങ്കില്‍ ആദ്യം വേണ്ടത് സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ടുമെന്റിന്റെ അനുമതിയാണ്. അതിനായി ക്യാംപസില്‍ ആര്‍ക്കും പരാതിയില്ലെന്ന് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയാണ് അധികൃതര്‍ ചെയ്തതെന്നും രഞ്ജു രാജ് നാരദാ ന്യൂസിനോടു പറഞ്ഞു.


മെക്കാനിക്കല്‍ ബ്ലോക്കിനു വേണ്ടി മൂന്ന് സ്ഥലങ്ങള്‍ പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിച്ചുവെങ്കിലും അവ അനുയോജ്യമല്ലെന്നായിരുന്നു അധികൃതരുടെ വാദം. മെക്കാനിക്കല്‍ ലാബും ക്ലാസ് റൂമുകളും തമ്മില്‍ പത്ത് മിനിട്ടു നടക്കാനുള്ള ദൂരമുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. ഒരു മരം പോലും പിഴുതു കളയാതെ ബില്‍ഡിങ് പണിയാമെന്ന സാധ്യത നിലനില്‍ക്കെയാണ് അറുപതോളം മരങ്ങള്‍ വെട്ടിക്കളയമെന്ന നിര്‍ബദ്ധിത ബുദ്ധി പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിക്കുന്നതെന്ന് വിദ്യാര്‍ത്ഥിയായ ഷിഖില്‍ പറയുന്നു. ബില്‍ഡിങ്ങ് നിര്‍മ്മാണത്തിനായി ലഭ്യമായ ഫണ്ട് നഷ്ടപ്പെടുമെന്ന വാദമാണ് മറ്റൊരു സ്ഥലം കണ്ടെത്താതിരിക്കാന്‍ കോളേജ് അധികൃതര്‍ പറയുന്ന ന്യായം.

എന്നാല്‍ 2018 മാര്‍ച്ച് വരെ ഫണ്ടിന് കാലാവധിയുണ്ടെന്നും കോളേജ് അധികൃതര്‍ കത്തു നല്‍കുകയും സൗകര്യപ്രദമായ മറ്റൊരു സ്ഥലത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്താല്‍ ഫണ്ടിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും തൃശൂര്‍ മേയര്‍ അജിത ജയരാജ് വ്യക്തമാക്കിയതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ക്യാംപസ് ഫോറം വിദേശ ഫണ്ട് സ്വീകരിക്കുന്ന സംഘടന ആണെന്നും എതിര്‍ക്കുന്നവര്‍ പുളിമരങ്ങളില്‍ ആദായം ഉണ്ടാക്കുന്നവരാണെന്നും പ്രചരിപ്പിച്ചു മറ്റുള്ളവരുടെ വായ അടപ്പിക്കുകയാണ് അധ്യാപകര്‍ ചെയ്യുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.