'കൊള്ളക്കാരനും പെണ്‍പിടിയനു'മായിരുന്നു ഈ കാപ്പിരി ഗായകന്‍; 'തനി തറ' പാട്ടുകളെ അയാള്‍ ക്ലാസിക്കുകളാക്കി

ചവറുപോലെ നിരന്ന കേസുകള്‍ക്കും വര്‍ണവെറിയനുഭവങ്ങള്‍ക്കും കുറുകെനടന്ന് വിശ്വാംഗീകാരത്തിലേക്കുയര്‍ന്ന ഗായകനാണു ചക്ക് ബെറി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുഞ്ഞിനെ രാജ്യം കടത്തിക്കൊണ്ടുപോയതടക്കമുള്ള കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷയനുഭവിച്ചിട്ടുള്ള ഈ കാപ്പിരി ഗായകനില്ലെങ്കില്‍ റോക്ക് ആന്റ് റോളിന്റെ ചരിത്രം മറ്റൊന്നായേനെ.

കൊള്ളക്കാരനും പെണ്‍പിടിയനുമായിരുന്നു ഈ കാപ്പിരി ഗായകന്‍; തനി തറ പാട്ടുകളെ അയാള്‍ ക്ലാസിക്കുകളാക്കി

പാട്ടിലെത്തും മുമ്പ് ആശാരിപ്പണിക്കാരനായിരുന്നു അന്തരിച്ച വിശ്രുത റോക്ക് ആന്റ് റോള്‍ ഗായകന്‍ ചക്ക് ബെറി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുഞ്ഞിനെ രാജ്യം കടത്തിക്കൊണ്ടുപോയതടക്കമുള്ള കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷയനുഭവിച്ചിട്ടുള്ള ഈ കാപ്പിരി ഗായകനില്ലെങ്കില്‍ റോക്ക് ആന്റ് റോളിന്റെ ചരിത്രം മറ്റൊന്നായേനെ.

ജാസില്‍ നിന്നും ബ്ലൂസില്‍ നിന്നും ജീവനെടുത്ത് നാല്പതുകളുടെ അന്ത്യത്തില്‍ അമേരിക്കയില്‍ പടര്‍ന്ന റോക്ക് ആന്റ് റോള്‍, ആഫ്രോ അമേരിക്കന്‍ വംശജരില്‍ മാത്രമല്ല ലോകമെങ്ങും ജനപ്രിയമായത് ചക്ക് ബെറിയിലൂടെയാണ്. സിനിമയിലും ടെലിവിഷനിലും മാത്രമല്ല, അമേരിക്കയിലെ വെള്ളക്കാരിലെ യുവതയിലും പൗരാവകാശ പ്രസ്ഥാനങ്ങളിലും റോക്ക് ആന്റ് റോള്‍ വലിയ സ്വാധീനമായി മാറ്റിയതില്‍ പ്രധാനിയാണ് 90ാം വയസ്സില്‍ അരങ്ങൊഴിഞ്ഞ ഈ ഗായകന്‍.

'തനി തറ നിലവാര'മുള്ളതെന്നു വിലയിരുത്തി അമേരിക്കയിലെ പല റേഡിയോ സ്റ്റേഷനുകളും പ്രക്ഷേപണത്തിനു വിസമ്മതിച്ച പാട്ടുകള്‍ ലോക ക്ലാസിക്കുകളാക്കി മാറ്റിയിട്ടുണ്ട് ചക്ക് ബെറി. 1972ല്‍ ബെറി എഴുതി പാടിയ 'മൈ ഡിങ് എ ലിങ്' ഉദാഹരണം.

വീട്ടുവേലക്കാരന്‍, തോട്ടം സൂക്ഷിപ്പുകാരന്‍ തുടങ്ങി അമേരിക്കന്‍ കറുത്ത വംശജരുടെ സ്വാഭാവികമായ എല്ലാ തൊഴിലുകളും പിന്നിട്ടാണ് ബെറി ഗായകനായി ഉയര്‍ന്നുവന്നത്. അതിനിടയ്ക്കായിരുന്നു ആശാരിയുടെയും ഫ്രീലാന്‍സ് ഛായാഗ്രാഹകന്റെയും പോലുള്ള പലപല പണികള്‍.

നിയമവുമായി ഏറ്റുമുട്ടല്‍ ശീലം പോലെയായിരുന്നു അന്ത്യം വരെയും ബെറിയുടെ ജീവിതത്തില്‍. കച്ചറക്കുട്ടിസംഘമുണ്ടാക്കി കൊള്ളയടി പണിയാക്കിമാറ്റിയ ബെറിക്ക് കുഞ്ഞു പ്രായത്തിലേ ദുര്‍ഗുണപരിഹാര പാഠശാലയില്‍ കയറേണ്ടി വന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ സ്റ്റേറ്റുകള്‍ക്കിടയില്‍ കടത്തിക്കൊണ്ടു പോകരുതെന്ന നിയമം ലംഘിച്ചതിന് 1962ല്‍ പിന്നെയും ജയിലിലായി. ടെക്‌സാസില്‍ വച്ച് പരിചയപ്പെട്ട പെണ്‍കുട്ടിയെ ജോലിക്കായി കൊണ്ടുപോയതിനായിരുന്നു വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചെന്ന കുറ്റം ചുമത്തി തടവ്.

1970 ല്‍ നികുതി വെട്ടിപ്പുകാരനെന്ന കുറ്റത്തിനു പിന്നെയും ജയിലിലെത്തി. താന്‍ നടത്തിയ റെസ്റ്ററണ്ടിലെ ശൗചാലയത്തില്‍ നിന്നു രഹസ്യമായി തങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ബെറി പകര്‍ത്തിയെന്ന കേസില്‍ 1990-ല്‍ പല യുവതികളും ബെറിക്കെതിരെ നിരന്നു.

2011ല്‍ പോലും ബെറിയോടുള്ള വെറിയടങ്ങിയിരുന്നില്ല വെള്ള ഭ്രാന്തര്‍ക്ക്. സെന്റ് ലൂയീസില്‍ ബെറിയുടെ ആദരാര്‍ത്ഥം വെങ്കല പ്രതിമ ഉയരുന്നതിനെ ബെറിയുടെ 'ക്രിമിനല്‍ പശ്ചാത്തലം' ഉദ്ധരിച്ച് എതിര്‍ക്കാന്‍ സന്നാഹമുണ്ടായി 'സ്വാതന്ത്ര്യത്തിന്റെ നാടാ'യ അമേരിക്കയില്‍. എന്നാല്‍ കറുത്തവരുടെയും പാട്ടു പ്രണയികളുടെയും ഇച്ഛാശക്തിയില്‍ അതുയരുക തന്നെ ചെയ്തു, എട്ടടിയില്‍ ചക്ക് ബെറിയുടെ വെങ്കല പ്രതിമ.

ചവറു പോലെ നിരന്ന കേസുകള്‍ക്കിടയിലൂടെ തന്നെയാണ് ബെറിയുടെ ജനപ്രിയതയുടെ ഗ്രാഫ് കത്തിയുയര്‍ന്നുകൊണ്ടിരുന്നത്. 1986ല്‍, ബെറിയുടെ 60ാം ജന്മദിനത്തില്‍ വിഖ്യാതമായ ഫോക്‌സ് തിയേറ്ററില്‍ ബെറി പാടിയത് 'ഹെയ്ല്‍ ഹെയ്ല്‍ റോക്ക് ആന്റ് റോള്‍' എന്ന ഡോക്യുമെന്ററിയായി ചിരപ്രതിഷ്ഠ നേടി. അത് തന്റെ ജീവിതത്തിലെ സര്‍വ്വകാല അംഗീകാരമായി ബെറി പിന്നീട് രേഖപ്പെടുത്തി. 'എ ടെയ്ല്‍ ഓഫ് ടു സിറ്റീസ്' കാണാന്‍ കൊണ്ടുപോയ അച്ഛനെയും ബെറിയെയും വര്‍ണവെറിയൊറ്റക്കാരണത്താല്‍ വെള്ളക്കാര്‍ ഇറക്കിവിട്ട തിയേറ്ററായിരുന്നു ഫോക്‌സ് തിയേറ്റര്‍!'

അശ്ലീല'മായി അപഹസിക്കപ്പെട്ട ക്ലാസിക്കായിത്തീര്‍ന്ന ബെറിയുടെ മൈ ഡിങ് എ ലിങ് ഇവിടെ കേള്‍ക്കാം: