മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക; പൊതുരീതികളോട് സമരം ചെയ്ത വല്ലിക്ക

'സ്മാരകശിലകൾ' എന്ന നോവലിലെ മടപ്പള്ളി ഊരാളുങ്കൽ വില്ലേജിനെ കാരക്കാട് ഗ്രാമമായി താൻ സൃഷ്‌ടിക്കുകയായിരുന്നു എന്ന് പുനത്തിൽ പറഞ്ഞിട്ടുണ്ട്. സത്യവും സ്വപ്‌നവും ഇഴ ചേർത്ത് സ്മാരകശിലകൾ വായനക്കാരന്റെ അന്നോളമുള്ള വായനാശീലങ്ങളെ തച്ചുടച്ചു. വൈദ്യരംഗത്തെ ജീവനുകളുടെയും ജീവിതങ്ങളുടെയും കഥ പറഞ്ഞ 'മരുന്നി'ൽ മരണവും മരുന്നും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ അദ്ദേഹം അനാവരണം ചെയ്തു.

മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക; പൊതുരീതികളോട് സമരം ചെയ്ത വല്ലിക്ക

ദുൽക്കർ സൽമാൻ ഉദയം കൊള്ളുന്നതിന് മുമ്പ് മലയാളത്തിൽ ഒരു കുഞ്ഞിക്ക ഉണ്ടായിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള. 1940 ൽ വടകരയിലാണ് പുനത്തിലിന്റെ ജനനം. തകഴിയേയും ഉറൂബിനെയും കേശവദേവിനെയുമൊക്കെ വായിച്ചായിരുന്നു അദ്ദേഹം ബാല്യം കഴിച്ചു കൂട്ടിയത്. 12ാം വയസ്സ് മുതൽ കഥകൾ എഴുതിത്തുടങ്ങി. എം ടി വാസുദേവൻ നായർ മാതൃഭൂമിയിൽ ബാലപംക്തി കൈകാര്യം ചെയ്യുന്ന സമയത്ത് പുനത്തിൽ 'കല്യാണ രാത്രി' എന്നൊരു കഥ മാതൃഭൂമിയേലേക്കയച്ചു. കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ മുതിർന്നവരുടെ പംക്തിയിൽ അച്ചടിച്ചു വന്നു. അന്ന് മുതൽക്ക് എം ടി പുനത്തിലിന്റെ വളർച്ചയിൽ ചെറുതല്ലാത്ത ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

ഭാഷയിലെ ലാളിത്യം കൊണ്ട് എല്ലാ തരം വായനക്കാരെയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് പുനത്തിൽ കൃതികളുടെ സവിശേഷത. എം ടിയുടെയോ ഒ വി വിജയന്റേയോ സാഹിത്യ സമ്പുഷ്ടത പുനത്തിലിന്റെ കൃതികളിൽ കാണാൻ കഴിയാറില്ല. നർമം ചാലിച്ച് അദ്ദേഹം പറഞ്ഞ കഥകൾ മലയാളക്കര ആർത്തിയോടെ വായിച്ചു. വൈദ്യശാസ്ത്ര രംഗത്തുനിന്നു മലയാള സാഹിത്യത്തിലേക്ക് എത്തിയ അപൂർവ പ്രതിഭയായ പുനത്തിൽ പരമ്പരാഗത സാഹിത്യ രീതികളോട് പുറംതിരിഞ്ഞുനിന്ന ആളായിരുന്നു. മലയാള സാഹിത്യത്തിൽ ആധുനികതയുടെ മാറ്റം കൊണ്ട് വരുന്നതിൽ പുനത്തിൽ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. സമകാലികരായ ബഷീർ, ആനന്ദ്, കമലാ സുരയ്യ, സേതു, മുകുന്ദൻ എന്നിവരുൾപ്പെടെയുള്ള എഴുത്തുകാരോടൊപ്പം മലയാള സാഹിത്യത്തിന്റെ പുനർനിർമാണം നടത്താൻ പുനത്തിൽ കൃതികളുടെ സർവസ്വീകാര്യത വലിയ പങ്കു വഹിച്ചിട്ടുണ്ട്.

വൈക്കം മുഹമ്മദ് ബഷീറിനെ കാലിക്കറ്റ് സർവകലാശാല ഡിലിറ്റ് നൽകി ആദരിച്ചപ്പോൾ പുനത്തിൽ കുഞ്ഞബ്ദുള്ളയോടു ബഷീർ പറഞ്ഞു- "നീ ചൊറി, ചിരങ്ങ് എന്നിവയുടെ ഡോക്ടർ, ഞാൻ സാക്ഷാൽ ഡോക്ടർ വൈക്കം മുഹമ്മദ് ബഷീർ!!" ചൊറി, ചിരങ്ങ് എന്നിവയുടെ ഡോക്ടറായ പുനത്തിലും സാക്ഷാൽ ഡോക്ടറായ വൈക്കം മുഹമ്മദ് ബഷീറും എഴുത്തിന്റെ ശൈലിയിൽ ഏതാണ്ടൊരേ പാത പിന്തുടർന്നവരായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ പിൻഗാമിയാണ് പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന് എം മുകുന്ദൻ പറഞ്ഞത് ഇക്കാരണം കൊണ്ടാണ്. ബഷീറിനെപ്പോലെ ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത താളുകളിലൂടെയാണ് പുനത്തിലും കഥ പറഞ്ഞത്. മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്നായ സ്മാരകശിലകളിലെ ഖാൻ ബഹദൂർ പൂക്കോയ തങ്ങളും കുഞ്ഞാലിയും പൂക്കുഞ്ഞിബീ ആറ്റബീയും ജീവിതത്തോട് അത്രയേറെ ചേർന്നു നിൽക്കുന്നത് അതുകൊണ്ട് തന്നെയാണ്.

'സ്മാരകശിലകൾ' എന്ന നോവലിലെ മടപ്പള്ളി ഊരാളുങ്കൽ വില്ലേജിനെ കാരക്കാട് ഗ്രാമമായി താൻ സൃഷ്‌ടിക്കുകയായിരുന്നു എന്ന് പുനത്തിൽ പറഞ്ഞിട്ടുണ്ട്. സത്യവും സ്വപ്‌നവും ഇഴ ചേർത്ത് സ്മാരകശിലകൾ വായനക്കാരന്റെ അന്നോളമുള്ള വായനാശീലങ്ങളെ തച്ചുടച്ചു. വൈദ്യരംഗത്തെ ജീവനുകളുടെയും ജീവിതങ്ങളുടെയും കഥ പറഞ്ഞ 'മരുന്നി'ൽ മരണവും മരുന്നും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ അദ്ദേഹം അനാവരണം ചെയ്തു. ദേവദാസും ലക്ഷ്മിയും ആചാരിയും പ്രൊഫസർ ഹസനും സെക്യൂരിറ്റി പോലും ഇനിയും മറക്കാനാവാത്ത ഓർമകളായി ജീവിക്കുന്നത് തീർച്ചയായും അദ്ദേഹത്തിന്റെ എഴുത്തിന്റെ മാസ്മരികത കൊണ്ടു തന്നെയാണ്.

പുനത്തിലിലെ എഴുത്തുകാരനെ പാകപ്പെടുത്തുന്നതിൽ കോഴിക്കോടൻ സൗഹൃദങ്ങൾ വഹിച്ച പങ്കും ചെറുതല്ല. ഉറൂബ്, തിക്കോടിയൻ, എൻ പി മുഹമ്മദ്, യു എ ഖാദർ, അക്കിത്തം, കെ എ കൊടുങ്ങല്ലൂർ, എം വി ദേവൻ, ആർട്ടിസ്റ്റ് നമ്പൂതിരി, സുകുമാർ അഴീക്കോട്, എൻ എൻ കക്കാട് തുടങ്ങിയവർ അന്ന് കോഴിക്കോടിന്റെ മണ്ണിൽ പുനത്തിലിനോടൊപ്പം സാഹിത്യ ചർച്ചകളിലും സംവാദങ്ങളിലും പങ്കുകൊണ്ടിരുന്നവരായിരുന്നു. ആ വേദികളൊക്കെ പുനത്തിലിലെ സാഹത്യാകാരനെ പരുവപ്പെടുത്തി. ഒപ്പം അനുഭവങ്ങളുടെ തീക്ഷ്ണതയും എഴുത്തിന്റെ സത്യസന്ധതയും ഭാഷയുടെ സൗന്ദര്യവും ഒത്തുചേർന്നപ്പോൾ പുനത്തിലിന്റേത് വേറിട്ട ശബ്ദമായി.

സ്വകാര്യ ജീവിതം മറച്ചുപിടിച്ച് മാന്യതയുടെ മൂടുപടമണിയാൻ പുനത്തിൽ ഒരിക്കലും ശ്രമിച്ചിട്ടില്ല. താൻ മദ്യപിക്കുമെന്നും തനിക്ക് ഒരുപാട് പെൺസുഹൃത്തുക്കളുണ്ടെന്നും പലരിലും തനിക്ക് മക്കളുണ്ടെന്നുമൊക്കെ പുനത്തിൽ പൊതുവേദിയിൽ വിളിച്ചു പറഞ്ഞു. അലിഗഢിലെ പഠന കാലത്ത് സഹപാഠിയിൽ ഉണ്ടായ തന്റെ കുഞ്ഞിനെ സ്വന്തം ഭാര്യയുടെ കരങ്ങളിൽ വച്ച് കൊടുക്കാനും പുനത്തിലിനു മടിയുണ്ടായില്ല. സത്യത്തിൽ അന്നോളം മലബാറിലുണ്ടായിരുന്ന എല്ലാ രീതികളോടും വിശ്വാസങ്ങളോടും കലഹിച്ചാണ് പുനത്തിൽ മലയാള സാഹിത്യശാഖയുടെ നെറുകയിലേക്ക് നടന്നു കയറിയത്. നഷ്ടമാണ്. ജാതകപ്രകാരം 86 വയസ്സ് വരെ ജീവിതം ബാക്കിയുണ്ടായിരുന്ന പുനത്തിലിന്റെ മരണം തീർച്ചയായും നികത്താനാവാത്ത ഒരു നഷ്ടമാണ്.

Read More >>