ഇതില്‍ മാതുവും സുചിത്രയും മാധവിയുമുണ്ട്; സിനിമ വിട്ട നായികമാര്‍ ഇപ്പോള്‍

ഒരുകാലത്ത് യൗവന സ്വപ്നങ്ങളില്‍ നായികമാരായി വന്ന ഒരുപാട് പെണ്‍മുഖങ്ങളുണ്ട്. എന്നാല്‍ വിവാഹ ശേഷം അവരെ കാണാതാവുകയാണ് പതിവ്. കുടുംബവും കുട്ടികളുമെന്ന തിരക്കായ ശേഷം പ്രശസ്തയില്‍ നിന്നു മറഞ്ഞു നില്‍ക്കാനാണ് അവരെപ്പോഴും ശ്രമിക്കാറുള്ളത്. ചിലര്‍ വിവാഹ മോചിതരായും അല്ലാതെയും പുറത്തുവരുന്ന ചരിത്രവുമുണ്ട്. മലയാളത്തില്‍ നായികമാരായി മടങ്ങിപ്പോയ ഒട്ടേറെ അന്യഭാഷ നടിമാരുണ്ട്. അവര്‍ അതതു ഭാഷകളില്‍ സജീവമാകുമ്പോഴും മലയാളത്തില്‍ അവസരം ലഭിക്കാത്ത സാഹചര്യങ്ങളുമുണ്ട്.

ഇതില്‍ മാതുവും സുചിത്രയും മാധവിയുമുണ്ട്; സിനിമ വിട്ട നായികമാര്‍ ഇപ്പോള്‍

സുചിത്ര മുരളി

1990 ല്‍ ജോഷി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ നമ്പര്‍ 20 മദ്രാസ് മെയിലിലാണ് സുചിത്ര ആദ്യം അഭിനയിക്കുന്നത്. തുടര്‍ന്ന് എഴുന്നള്ളത്ത്, ഭരതം, അഭിമന്യു, കടിഞ്ഞൂല്‍ കല്യാണം, മൂക്കില്ലാ രാജ്യത്ത്, മിമിക്സ് പരേഡ്, അതിരഥന്‍, നയം വ്യക്തമാക്കുന്നു തുടങ്ങി മുപ്പതോളം മലയാള സിനിമകളില്‍ സുചിത്ര നായികയായി. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം സുചിത്ര നായിക സ്ഥാനത്ത് നിന്നു മാറി സഹനടികളുടെ വേഷത്തിലേക്കായി. സിദ്ധിഖ് സംവിധാനം ചെയ്ത ഹിറ്റ്ലര്‍, പ്രിയദര്‍ശന്റെ കാക്കക്കുയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുചിത്രയ്ക്കു സിനിമകള്‍ കുറഞ്ഞു. കുറച്ചു തമിഴ് ചിത്രങ്ങളിലും സുചിത്ര പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു. 2002 ല്‍ സുചിത്ര വിവാഹിതയായി.

സുനിത

1986 പുറത്തിറങ്ങിയ കൊടൈ മഴൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുനിതയെന്ന കലാകാരിയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത്. നര്‍ത്തകിയായ സുനിത അക്കാലത്ത് ക്ലാസിക്കല്‍ ഡാന്‍സര്‍ എന്ന രീതിയില്‍ പേരെടുത്തിരുന്നു. മൃഗയ, അപ്പു, നീലഗിരി, പൂക്കാലം വരവായി, മുഖചിത്രം, സ്‌നേഹസാഗരം, മുഖമുദ്ര, മാന്ത്രികപൂച്ച, പൊന്നുരുകും പക്ഷി തുടങ്ങി തൊണ്ണൂറുകളില്‍ ഹിറ്റായ മലയാള ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായ സുനിത. 2002 ല്‍ ദും എന്ന ഹിന്ദി സിനിമയ്ക്കേ ശേഷം സുനിത പിന്നീട് അഭിനയിച്ചിട്ടില്ല. വിദേശ വ്യവസായി രാജിനെ വിവാഹം ചെയ്തതോടെ യു എസില്‍ സ്ഥിര താമസമാക്കി. ഷശാങ്ക് എന്നു പേരുള്ള മകനും ഇവര്‍ക്കുണ്ട്.


കനക

തമിഴ് നടിയായ ദേവികയുടെയും ദേവദാസിന്റെയും മകളായ കനക 1989ല്‍ കരക്കാട്ടുകാരന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. മലയാളത്തില്‍ വിയറ്റ്നാം കോളനി, നരസിംഹം, ഗോളാന്തരവാര്‍ത്ത, ഗോഡ്ഫാദര്‍, കുസൃതിക്കാറ്റ്, വാര്‍ദ്ധക്യപുരാണം തുടങ്ങിയ ചിത്രങ്ങളൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായി. 2004 പുറത്തിറങ്ങിയ കുസൃതിയാണ് കനക അവസാനം അഭിനയിച്ചത്. 2013ല്‍ കനകയ്ക്ക് കാന്‍സറാണെന്നും മരിച്ചെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. താന്‍ മരിച്ചിട്ടില്ലെന്ന് കനക നേരിട്ടു വന്നു പറയേണ്ടി വന്നു.

സലീമ

പ്രശസ്ത തെലുങ്ക് നടി ഗിരിജയുടെ മകളാണ് സലീമ. നഖക്ഷതങ്ങള്‍, ആരണ്യകം എന്നി ചിത്രങ്ങള്‍ അഭിനേത്രിയെന്ന രീതിയില്‍ സലീമയ്ക്ക് പ്രശസ്തി നേടിക്കൊടുത്തു. 1989 ല്‍ പുറത്തിറങ്ങിയ മഹായാനത്തിലാണ് സലീമ ഒടുവില്‍ വേഷമിട്ടത്.
ഇപ്പോള്‍ സലീമ വീണ്ടും മലയാള സിനിമയിലേക്ക് വരികയാണ്. തന്റെ പഴയ നായകന്‍ വിനീതിനെ വിളിച്ചാണ് സലീമ തന്റെ മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ച് വരവിനെ കുറിച്ച് പറഞ്ഞത്.തനിക്ക് വ്യത്യസ്തമായ ഒരു പാട് വേഷങ്ങള്‍ ചെയ്യാന്‍ താല്പര്യമുണ്ടെന്നും സലീമ പറയുന്നു. തന്റെ തിരിച്ചു വരവ് സിനിമയില്‍ അഭിനയിക്കാന്‍ മാത്രമല്ല കേരളത്തിന്റെ സൗന്ദര്യമാസ്വദിക്കാന്‍ കൂടിയാണെന്നും സലീമ പറയുന്നുവെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗിരിജ ഷെട്ടാര്‍


വന്ദനത്തിലെ ഗാഥയെ അനശ്വരമാക്കിയ ഗിരിജ ഷെട്ടാര്‍ വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. നാഗാര്‍ജുനയോടൊപ്പം മണിരത്നത്തിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്ന ഗീതാഞ്ജലിയില്‍, പിന്നെ തെലുങ്കു ചിത്രമായ ഹൃദയാഞ്ജലിയില്‍ അവിസ്മരണീയമായ അഭിനയമുഹൂര്‍ത്തങ്ങള്‍ പകര്‍ന്നു നല്‍കി ഗാഥ മടങ്ങി. എടുത്തു പറയാവുന്ന അനേകം അനേകം അവസരങ്ങള്‍ വേണ്ടെന്നു വച്ച് നല്ല പ്രായത്തില്‍ ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയമായ സ്ഥാനം വേണ്ടെന്നു വച്ചു ഗിരിജ പോയത് വേറൊരു മേഖലയിലേക്കാണ്. എഴുത്തുകാരി, പത്രപ്രവര്‍ത്തക, ബ്ലോഗര്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ഗിരിജി സിനിമയിലേക്ക് മടങ്ങി വന്നിട്ടില്ല.

മാതു

തമിഴ്നാട്ടില്‍ ജനിച്ച മാതു കന്നഡ സിനിമകളില്‍ ബാലതാരമായാണ് അഭിനയരംഗത്ത് എത്തുന്നത്. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെയാണ് മാതു മലയാളത്തിലേക്ക് എത്തുന്നത്. അമരം, സദയം, ഏകലവ്യന്‍, ആയുഷ്‌കാലം തുടങ്ങിയവയാണ് മാതുവിന്റെ ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മാതു ഇപ്പോള്‍ അമേരിക്കയിലാണ്. പതിനഞ്ച് വര്‍ഷം മുന്‍പ് ഡോ. ജേക്കബിനെ വിവാഹം കഴിച്ചതോടെയാണ് മാതു അമേരിക്കയിലേക്ക് കുടിയേറിയത്.


എന്നാല്‍ 2012ല്‍ മാതു വിവാഹമോചിതരായി. വിവാഹമോചിതയായെങ്കിലും അമേരിക്കയില്‍ തുടരുന്ന മാതു അവിടെ നൃത്തവിദ്യാലയം നടത്തുകയാണ്. 12, 9 വയസുള്ള രണ്ട് മക്കളും മാതാപിതാക്കളും ന്യൂയോര്‍ക്കില്‍ മാതുവിനൊപ്പമാണ്.


മാധവി1976 ല്‍ തൂര്‍പ്പ് പടമാരയെന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മാധവി ചലച്ചിത്ര രംഗത്തെത്തുന്നത്. 80 ല്‍ ലാവ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ മാധവി 1996 വരെ മലയാളത്തില്‍ സജീവമായിരുന്നു. നവംബറിന്റെ നഷ്ടം, ഒരു വടക്കന്‍ വീരഗാഥ, ആകാശ ദൂത് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ പ്രശംസ നേടി. റാല്‍ഫ് ശര്‍മ എന്ന നടനെ വിവാഹം കഴിച്ച് ന്യു ജേഴ്സിയിലാണ് മാധവി ഇപ്പോള്‍. തെലുങ്ക്, മലയാളം, കന്നട, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി മുന്നോറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


പ്രിയാ രാമന്‍1990ല്‍ രജനീകാന്ത് നിര്‍മ്മിച്ച വല്ലി എന്ന ചിത്രത്തിലൂടെയാണു സിനിമയിലെത്തിയത്. 1993ല്‍ ഐ വി ശശി സംവിധാനം ചെയ്ത അര്‍ത്ഥമായിരുന്നു ആദ്യ മലയാള ചിത്രം. തമിഴിലും മലയാളത്തിലും സജീവമായിരുന്ന നടന്‍ രഞ്ജിത്തിനെ വിവാഹം കഴിച്ച പ്രിയ പിന്നീട് വിവാഹ മോചനം നേടി. ഒരു മകനുണ്ട്. സിനിമയും സീരിയലും നിര്‍മിച്ച പ്രിയാരാമന്‍ സീരിയിലിലും അഭിനിയിച്ചിട്ടുണ്ട്. സൈന്യം, ആറാംതമ്പുരാന്‍, കാശ്മീരം, നമ്പര്‍ വണ്‍ സ്‌നേഹതീരം, ബാംഗളൂര്‍ നോര്‍ത്ത്, മാന്ത്രികം തുടങ്ങിയവയാണ് പ്രധാന മലയാള ചിത്രങ്ങള്‍.