ശോഭയുടേയും സ്മിതയുടേയും സഹോദരിമാര്‍ സംഘടിച്ചിരിക്കുന്നു; അവരുടെ 'അമ്മ' റോസിയാണ്!

ആദ്യ സിനിമയില്‍ നായികയായതിന് കല്ലെറിഞ്ഞ് നാടുകടത്തപ്പെട്ട റോസിയുടെ പിന്‍മുറക്കാര്‍ ഇതാ സംഘടിച്ചിരിക്കുന്നു. സ്‌ക്രീനിലെ വെറും ശരീരങ്ങളല്ലെന്ന സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ് ഇന്ത്യന്‍ സിനിമയിലെ ആദ്യ സ്ത്രീ സംഘടനയിലൂടെ കേരളം!

ശോഭയുടേയും സ്മിതയുടേയും സഹോദരിമാര്‍ സംഘടിച്ചിരിക്കുന്നു; അവരുടെ അമ്മ റോസിയാണ്!

പുറത്തേക്കു വരാത്ത അനേകം കരിച്ചിലുകളുണ്ട് സിനിമയില്‍. പ്രത്യേകിച്ച് സ്ത്രീകളുടേത്. കാണാമറയത്തായ റോസിയുടെ കരച്ചില്‍ ഇരുളിന്റെ അങ്ങേക്കരയില്‍ ഇപ്പോഴുമുണ്ട്. മലയാളത്തിന്റെ ആദ്യ നായികയായ ദളിത് സ്ത്രീയെ വേട്ടയാടി തുരത്തി. അവളെവിടേയ്ക്ക് പോയെന്ന് ആര്‍ക്കുമറിയില്ല. അവളെ നായികയാക്കിയ ജെ.സി ഡാനിയേലും അതിക്രൂരമായ അവഹേളനത്തിന് ഇരയായി. നായികയായതിന് നാടുവിട്ടോടേണ്ടി വന്ന റോസിയാണ് മലയാള സിനിമയുടെ 'അമ്മ'. ആ അമ്മയുടെ പെണ്‍മക്കള്‍ സംഘടിച്ചിരിക്കുന്നു- ബീനാപോളിന്റേയും മഞ്ജുവാര്യരുടേയും നേതൃത്വത്തില്‍.


വുമണ്‍ ഇന്‍ കളക്ടീവ് സിനിമ- രാജ്യത്ത് ആദ്യമായി സിനിമാ മേഖലയിലെ സ്ത്രീകളൊന്നിച്ച് സംഘടനയുണ്ടാക്കിയിരിക്കുന്നു. കേരളത്തിലെ സിനിമാ സംഘടനകളുടെ വിത്തു പാകിയസംവിധായകന്‍ വിനയനെ ഈ വാര്‍ത്തയറിഞ്ഞതും വിളിച്ചു. അദ്ദേഹം സൗദിയിലാണ്. എന്തുകൊണ്ടാണ് കേരളത്തില്‍ സിനിമാ സംഘടനകളുണ്ടാക്കിയപ്പോള്‍, സ്ത്രീകള്‍ക്കായി സംഘടന പ്രത്യേകം ഉണ്ടാക്കിയില്ല എന്നാണ് ചോദിച്ചത്. 'സംഘടനകളില്‍ സ്ത്രീകളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതാണ്. അതു സംഭവിക്കാത്തതു കൊണ്ടാണ് ഇപ്പോള്‍ പ്രത്യേക സംഘടന ഉണ്ടാക്കേണ്ടി വന്നത്. ഇത് മുന്നേറ്റമാണ്. നായകന്മാരുടെ മാത്രം അവകാശങ്ങളേ സംരക്ഷിക്കപ്പെടുന്നുള്ളു. വേണ്ടരീതിയില്‍ പരിഗണിക്കപ്പെടുന്നില്ല എന്നത് പരാതിയല്ലല്ലോ. അടുത്തിടെ നടന്ന സംഭവങ്ങള്‍ തന്നെയാണല്ലോ തെളിവ്'- വിനയന്‍ പറഞ്ഞു.

ദേശീയ പുരസക്കാര ജേതാവായിരുന്ന നടി ശോഭയുടെ ആത്മഹത്യയുടെ കാരണം ഇനിയും കണ്ടെത്തിയിട്ടില്ല. തെന്നിന്ത്യയിലെ ശക്തയായ അഭിനേത്രിയായി ഉയര്‍ന്നു വരുന്നതിനിടയിലായിരുന്നു ശോഭയുടെ ആത്മഹത്യ. സില്‍ക്ക് സ്മിതയും ആത്മഹത്യ ചെയ്തു. 70കളുടെ സ്‌ക്രീനിലെ ജ്വലിക്കുന്ന സാന്നിധ്യമായിരുന്ന വിജയശ്രീയുടെ ആത്മഹത്യയ്ക്ക് കാരണം പ്രമുഖനായി നിര്‍മ്മാതാവാണെന്ന് അമ്മ പൊലീസിനു പരാതി കൊടുത്തു. വിജയശ്രീയ്ക്ക് നീതി കിട്ടിയില്ല. ജീവിതത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന് സഹോദരന് കത്തെഴുതി ആത്മഹത്യ ചെയ്ത മയൂരി... തുടങ്ങി ജീവനുപേക്ഷിച്ച് കടന്നു കളഞ്ഞവരും ജീവനും കൊണ്ട് ഓടിപ്പോയവരുമായ അനേകം സ്ത്രീകളുടെ ഉയിയിരില്‍ നിന്നു തന്നെയാണ് ഈ പുതിയ സ്ത്രീ മുന്നേറ്റത്തിന്റെ പിറവി.

കൊമേഷ്യല്‍ സിനിമയുടെ ഫോര്‍മുല സിനിമയിലെ സ്ത്രീയുടെ ശരീരത്തെ കച്ചവടം ചെയ്യുന്നതാണ്. സിനിമ മാത്രമല്ല, സിനിമാ ലോകവും സ്ത്രീയെ ശരീരം മാത്രമായി കാണുന്നു എന്നത് ഇനി കണ്ടുനില്‍ക്കില്ലെന്ന് അഭിമാനപൂര്‍വ്വം സ്ത്രീകള്‍ പ്രഖ്യാപിക്കുകയാണ് പുതിയ സംഘടനയിലൂടെ. ഒരേ സമയം സംഘടന ഒരു വലിയ പോരാട്ടത്തിന് കൂടി തുടക്കമിടുകയാണ്. സ്ത്രീയുടെ സിനിമയ്ക്കുള്ളിലെ അവകാശത്തിനു വേണ്ടി ശബ്ദമുയരുമ്പോള്‍ പുരുഷ കേന്ദ്രീകൃതമായ ആ സംവിധാനം പലവിധ പ്രതിരോധമുയര്‍ത്തും.


നടി നിത്യമേനോനെ മലയാളത്തില്‍ കണ്ടിട്ട് ഏറെക്കാലമായി. നിര്‍മ്മാതാക്കളുടെ സംഘടനയുടെ അപ്രഖ്യാപിത വിലക്കിനെ നേരിടുകയാണ് നടി. പത്മപ്രിയയ്ക്കും അതേ അവസ്ഥയാണ്. മുഖത്തു നോക്കി അവര്‍ പറയുന്ന 'നോ'കള്‍ അത്രയ്ക്ക് അസഹനീയമാണ് ഇവിടെ തമ്പുരാക്കന്മാര്‍ക്ക്. സിനിമയിലേയ്ക്ക് ഒരു സ്ത്രീ വന്നാല്‍ അതിനര്‍ത്ഥം അവള്‍ ലൈംഗിക ബന്ധത്തിന് തയ്യാറാണെന്നു കരുതുന്ന വിഢികള്‍ സിനിമയിലിന്നുമുണ്ട്. പലപ്പോഴും പുറത്തേയ്ക്കു വരാത്ത കഥകള്‍.

പിമ്പിങ്ങ് മാത്രം വാസനയുള്ള പലരും നിര്‍മ്മാണ നിയന്ത്രണക്കാരായി വാഴുന്നു. അഭിനയിക്കാനെത്തുന്ന സ്ത്രീകളോട് മേലാളരുടെ താല്‍പ്പര്യം അറിയിക്കുന്നു. അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ആ രോഗത്തിന്റെ അവസാനത്തെ ഇരയാണ് കാറിനുള്ളില്‍ പീഡിപ്പിക്കപ്പെട്ട നടി. അവളുടെ പോരാട്ടത്തിന്റെ തുടര്‍ച്ചയിലാണ് ഈ സ്ത്രീ സംഘട രൂപീകരിക്കപ്പെടുന്നതും. അവളടക്കമുണ്ട് സംഘടനയുടെ നേതൃത്വത്തില്‍.

നടി നേരിട്ട പീഡനത്തില്‍ നീതി ലഭിച്ചില്ല. അന്വേഷണം പൊലീസിന് തോന്നിയിടത്ത് അവസാനിപ്പിച്ചു. ഷൂട്ട് ചെയ്ത വീഡിയോ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതേ അനീതിയാണ് തങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നേരിടേണ്ടി വരുന്നതെന്ന സ്വയം പ്രതിരോധത്തില്‍ നിന്നല്ല, സര്‍ക്കാരില്‍ നിന്നും സിനിമയിലെ പുരുഷ സംഘടനകളില്‍ നിന്നും തങ്ങള്‍ക്കൊരു സംരക്ഷണവും കിട്ടില്ലെന്ന തിരിച്ചറിവില്‍ നിന്നു തന്നെയാകും പുതിയ സംഘടനയ്ക്കുള്ള ആഹ്വാനമുണ്ടായത്. ആ ആഹ്വാനം മുഴങ്ങിയത്, കൊച്ചിയുടെ നഗരരാത്രിയിലൂടെ കടന്നു പോയ ആ മഹീന്ദ്ര എക്‌സയുവിയില്‍ നിന്നാണ്.

ആര്‍ക്കോ വേണ്ടി നടത്തപ്പെട്ട ബലപ്രയോഗമാണെന്ന് നടി ആവര്‍ത്തിച്ചു പറഞ്ഞിട്ടും സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്ന് പറയുന്ന അധികാരത്തോടുള്ള രോഷം- സംഘടനകള്‍ പെട്ടെന്നുണ്ടാകാന്‍ ഇങ്ങനെ ജീവന്‍ പിടയുന്ന കാരണങ്ങള്‍ എപ്പോഴുമുണ്ടാകും.

നടികള്‍ മാത്രമുണ്ടായിരുന്ന സിനിമയല്ല ഇന്നത്തേത്. ബീനപോളെന്ന എഡിറ്റര്‍ മാത്രമായിരുന്നു ഒരുകാലത്ത് ഉണ്ടായിരുന്നതെങ്കില്‍ ആ ചിത്രം മാറി. ഗീതു മോഹന്‍ദാസും അഞ്ജലിയും ശ്രീബാലയും വിധുവിന്‍സെന്റും അടക്കമുള്ള സംവിധായകര്‍. സാന്ദ്രയും സോഫിയ പോളുമടങ്ങിയ നിര്‍മ്മാതാക്കള്‍ കോസ്റ്റിയൂം ഡിസൈനേഴ്‌സും സൗണ്ട് എഞ്ചിനീയര്‍മാരും തുടങ്ങി സിനിമയുടെ സര്‍വ്വ മേഖലയിലും സ്ത്രീയുണ്ട്.

സ്‌കൂള്‍ കലാതിലകമായാല്‍ അപ്പോള്‍ തന്നെ സിനിമയിലേയ്ക്ക് കണ്ടെത്തുന്ന പഴയരീതിയല്ല. വിദ്യാഭ്യാസവും നേടുകയും സഞ്ചരിക്കുകയും ചെയ്ത പ്രതിഭകളായ സ്ത്രീകള്‍. അവര്‍ അവരില്‍ അഭിമാനമുള്ളവരാണ്. അവരെ ശരീരങ്ങളായി കാണുന്നതിനോട് അവരെതിര്‍പ്പ് പ്രകടിപ്പിക്കും.മഞ്ജുവാര്യരും ഭാവനയും പാര്‍വ്വതിയും റിമയുമെല്ലാം നാണിച്ച് തലപൂഴ്ത്തുന്നില്ല. അവര്‍ അതിശക്തമായി സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്നു. ഇടപെടുന്നു.

നായകന്മാര്‍ ചെയ്യുന്ന അതേ ജോലി ചെയ്തിട്ടും കൂലി കുറച്ചു കൊടുക്കുന്നതിനെതിരെ അവര്‍ പ്രതീകരിക്കുന്നു. ശക്തമായ സിനിമകള്‍ തിരഞ്ഞെടുക്കുന്നു. സിനിമയുടെ ആണ്‍കോയ്മ ഓരോ ദിവസവും തകരുകയാണ്. പ്രൊഫഷണലായ ജോലി സ്ഥലം എന്ന നിലയില്‍ സ്ത്രീകള്‍ക്ക് ഏതു നേരവും സുരക്ഷിതവും സ്വതന്ത്രവുമായി ജോലി ചെയ്യാന്‍ സാധിക്കുന്ന സ്ഥലമായി സിനിമ മാറേണ്ടതുണ്ട്. ഒരു പ്രൊഡക്ഷന്‍ ഹൗസ് അയച്ചു കൊടുത്ത കാറില്‍ സഞ്ചരിച്ചപ്പോഴാണ് നടി ആക്രമിക്കപ്പെട്ടത്. ഇതെന്ത് സുരക്ഷിതത്വം.

ഗുണ്ടകളും ക്രിമിനലുകളും നിറഞ്ഞ ഒരു സിനിമ ലോകത്തിനുള്ളില്‍ നിന്ന് പുറത്തേയ്ക്ക് വന്ന ധീര സ്വരമായിരുന്നു നടിയുടേത്. ഈ സംഘടനയുടെ പിറവിയിലേയ്ക്ക് ആ ധീരത കാരണമായി എന്നു കരുതണം.നിലവില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ സിനിമയില്‍ ഒരു പ്രശ്‌നമുണ്ടായാല്‍, അത് നിയമപരമായി മറച്ചു വെയ്‌ക്കേണ്ടതല്ലെങ്കിലും സംഘടനാ പ്രശ്‌നമായി പരിഹരിക്കുകയാണ് രീതി. സിനിമയെ ഓര്‍ത്ത് ക്ഷമിക്കും. പരാതി പുറത്തു പറഞ്ഞാല്‍ പിന്നെ അവസരം ലഭിക്കില്ലെന്ന ഭീഷണി വേറെ. സ്ത്രീയുടെ പ്രശ്‌നങ്ങള്‍ ചെന്നു പറയേണ്ടത് പുരുഷന്മാരായ നേതാക്കളോടുമാണ്. ഇപ്പോള്‍ അതിനൊരു മാറ്റമാണുണ്ടാകുന്നത്.

സിനിമയിലെ സ്ത്രീയ്ക്ക് ചോദിക്കാനും പറയാനും സംഘടനയുണ്ടായിരിക്കുന്നു; സ്ത്രീകള്‍ ധൈര്യമായി സിനിമയിലേയ്ക്ക് പ്രവേശിക്കുവാന്‍ ഇത് ഇടമൊരുക്കും.മലയാളത്തില്‍ ആരംഭിച്ച സംഘടനയുടെ പ്രതിഫലനം മറ്റു ഭാഷകളിലുമുണ്ടാകും. ദേശീയതലത്തില്‍ സംഘടന ശക്തമാകും. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ത്രീ സംഘടനകളടക്കം കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, സ്ത്രീയുടെ അവകാശങ്ങള്‍ക്കായി സിനിമയിലെ സ്ത്രീകള്‍ സംഘടനയുണ്ടാക്കിയത് വലിയ പ്രചോദനം സമൂഹമാകെ സൃഷ്ടിക്കും.

Read More >>