നിരാലംബതയുടെ ഇരുളില്‍ നിന്നും സ്വസ്ഥജീവിതത്തിന്റെ വിഹായസ്സിലേക്കു തുറക്കുന്ന സ്‌നേഹ'ജാലകം'

സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള അശരണര്‍ക്ക് മരുന്ന്, പരിചരണം, സൗജന്യ ചികിത്സ, ഭക്ഷണം തുടങ്ങി പല രീതിയില്‍ സ്‌നേഹജാലകം ആശ്വാസമേകുന്നു. തുടക്കത്തില്‍ കേവലം 30 വാളന്റിയര്‍മാരുമായി തുടങ്ങിയ സംരഭത്തില്‍ ഇപ്പോള്‍ 500ഓളം പേരാണ് എന്തിനും ഏതിനും 'സ്വയംസന്നദ്ധത'യര്‍പ്പിച്ച് കൂടെയുള്ളത്. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ എട്ടു വാര്‍ഡുകളും ആര്യാട് ഗ്രാമപഞ്ചായത്തിലെ രണ്ടു വാര്‍ഡുകളും ചേര്‍ന്നതാണ് സ്‌നേഹജാലകത്തിന്റെ പ്രവര്‍ത്തന മേഖല.

നിരാലംബതയുടെ ഇരുളില്‍ നിന്നും സ്വസ്ഥജീവിതത്തിന്റെ വിഹായസ്സിലേക്കു തുറക്കുന്ന സ്‌നേഹജാലകം

പകലിന്റെ അന്ത്യം സന്ധ്യയിലൂടെയാണെങ്കില്‍ ജീവിതത്തിന്റേതു മരണത്തിലൂടെയാണെന്നതാണു വാസ്തവം. എന്നാല്‍ അതിനും മുമ്പു മരണത്തിനു സമാനമായ ചില വേദനകള്‍ പലരും അനുഭവിക്കാറുണ്ട്. ജീവിതത്തിലെ ചില തിരിച്ചടികളാണ് അവ. രോഗങ്ങളായും അപകടങ്ങളായും മനുഷ്യനില്‍ 'എങ്ങനെയെങ്കിലും ഒന്നു മരിച്ചാല്‍ മതി'യെന്ന ഗതികെട്ട ചിന്തയിലേക്കെത്തിക്കുന്നതരം പരീക്ഷണങ്ങള്‍. അത്തരം അവസരങ്ങളില്‍ ആശ്വാസവാക്കുകളും തണലേകുന്ന പ്രവര്‍ത്തനങ്ങളും സഹായങ്ങളുമായി ചിലരുണ്ടെങ്കില്‍ അതവരുടെ പുതുജീവനിലേക്കുള്ള പ്രയാണത്തിനു നാന്ദി കുറിക്കും.

അത്തരത്തിലൊരു തണല്‍മരത്തെ കുറിച്ചാണിവിടെ പറയുന്നത്. ഒറ്റപ്പെടലിന്റെ, നിരാലംബതയുടെ, മരണത്തെ മുഖാമുഖം കണ്ടുകിടക്കുന്ന അവസ്ഥയുടെ ഇരുളില്‍ നിന്നും സ്വസ്ഥ ജീവിതത്തിന്റെ വിഹായസ്സിലേക്ക് ജാലകവാതില്‍ തുറക്കുന്ന 'സ്‌നേഹജാലകം' എന്ന കൂട്ടായ്മയെ കുറിച്ച്. ആലപ്പുഴ പാതിരപ്പള്ളി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ സംരഭമായ സ്‌നേഹ ജാലകം സി ജി ഫ്രാന്‍സിസ് സ്മാരക ട്രസ്റ്റിനു കീഴില്‍ 2013 ജനുവരി ഒന്നിനാണ് പ്രവര്‍ത്തന പഥത്തിലേക്കു സാന്ത്വനത്തിന്റെ ചിറകടിച്ചു തുടങ്ങിയത്.

സിപിഐഎം പാതിരപ്പള്ളി ലോക്കല്‍ കമ്മിറ്റിയുടെ കീഴിലാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനമെങ്കിലും പാലിയേറ്റീവ് കെയര്‍ മേഖലയില്‍ രാഷ്ട്രീയാതീതമായി നിരവധി പേരുടെ സഹകരണമുണ്ട്. മത-ജാതി-രാഷ്ട്രീയ-ആശയ വ്യത്യാസമില്ലാതെ ഈ നാടൊന്നാകെ സ്‌നേഹജാലകത്തിനൊപ്പം നില്‍ക്കുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള അശരണര്‍ക്ക് മരുന്ന്, പരിചരണം, സൗജന്യ ചികിത്സ, ഭക്ഷണം തുടങ്ങി പല രീതിയില്‍ സ്‌നേഹജാലകം ആശ്വാസമേകുന്നു.

തുടക്കത്തില്‍ കേവലം 30 വാളന്റിയര്‍മാരുമായി തുടങ്ങിയ സംരഭത്തില്‍ ഇപ്പോള്‍ 500ഓളം പേരാണ് എന്തിനും ഏതിനും 'സ്വയംസന്നദ്ധത'യര്‍പ്പിച്ച് കൂടെയുള്ളത്. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ എട്ടു വാര്‍ഡുകളും ആര്യാട് ഗ്രാമപഞ്ചായത്തിലെ രണ്ടു വാര്‍ഡുകളും ചേര്‍ന്നതാണ് സ്‌നേഹജാലകത്തിന്റെ പ്രവര്‍ത്തന മേഖല.

സാന്ത്വനത്തിന്റെ വിവിധ ജാലകങ്ങള്‍

പ്രായമായാല്‍ ഒറ്റപ്പെട്ടുപോവുന്ന വയോധിക ജന്മങ്ങള്‍ക്ക് കൈത്താങ്ങാകുന്നതുമുതല്‍ മനോരോഗികളുടെ ചുണ്ടുകളില്‍ മാനസിക സംതൃപ്തിയുടെ പുഞ്ചിരി വിടര്‍ത്തുന്നതുവരെയുള്ള വിവിധ സഹായപ്രവര്‍ത്തനങ്ങളാണ് സ്‌നേഹജാലകം സമ്മാനിക്കുന്നത്. വൃദ്ധ ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിലനിര്‍ത്താനും സമൂഹത്തിനു വഴികാട്ടികളാക്കാനുമുള്ള വയോജാലകം, മാനസിക രോഗികളുടെ ക്ഷേമത്തിനും പരിചരണത്തിനുമായി മനോജാലകം, കിടപ്പുരോഗികള്‍ക്കും ഒറ്റപ്പെട്ടു ജീവിക്കുന്ന മാനസിക രോഗികള്‍ക്കുമായി രണ്ടുനേരത്തെ ഭക്ഷണം പാത്രത്തിലാക്കി വീട്ടിലെത്തിച്ചു നല്‍കുന്ന വിശപ്പില്ലാ സ്‌നേഹ ഗ്രാമം പദ്ധതി, അശരണര്‍ക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍ /സര്‍ക്കാരിതര സേവനങ്ങള്‍ താമസംവിനാ ലഭ്യമാക്കാനുള്ള സഹായജാലകം, മരുന്ന് കച്ചവടത്തിലെ ചൂഷണം അവസാനിപ്പിക്കാനും ജനറിക് മരുന്നുകളുടെ ഉപയോഗവും പ്രചാരണവും പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ജനകീയ ഫാര്‍മസി, നിര്‍ധന രോഗികള്‍ക്കും കിടപ്പുരോഗികള്‍ക്കും സൗജന്യമരുന്നു വിതരണം, എല്ലാവിധ ആധുനിക സൗകര്യങ്ങളുടേയും അകമ്പടിയോടെ പുറത്തെ പരിശോധനാ നിരക്കില്‍ നിന്നും 70 ശതമാനം കുറഞ്ഞ നിരക്കില്‍ സേവനം ലഭ്യമാക്കുന്ന ജനകീയ ലബോറട്ടറി, സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ നിര്‍ധനരോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും വീടുവച്ചുകൊടുക്കല്‍ എന്നിങ്ങനെ പോകുന്നു സ്‌നേഹജാലകത്തിന്റെ സഹായഹസ്തങ്ങള്‍.

സാന്ത്വന സ്പര്‍ശനങ്ങളുടെ ഭാഗമായി നാല്‍പ്പതോളം കിടപ്പുരോഗികള്‍ക്കാണ് വീടുകളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തിയുള്ള പരിചരണം നല്‍കിവരുന്നത്. കൂടാതെ, 120ലേറെ നിര്‍ധനരായ രോഗികള്‍ക്ക് പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വില വരുന്ന തുടര്‍ച്ചയായി കഴിക്കുന്ന മരുന്നുകള്‍ സൗജന്യമായി നല്‍കിവരുന്നു. നിര്‍ധനരായ ഫിസിയോതെറാപ്പി ആവശ്യമുള്ള നാല്‍പ്പതോളം രോഗികളെ വീടുകളില്‍ ഡോക്ടറെ എത്തിച്ചു ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നു. മുപ്പതോളം മാനസിക രോഗികള്‍ക്ക് എല്ലാ ആഴ്ചയിലും ആറു ഡോക്ടര്‍മാരുടെ സേവനം, സൗജന്യ ചികിത്സയും പുനരധിവാസ പരിപാടികളും ലഭ്യമാക്കിവരുന്നു. നാടിനു മുഴുവന്‍ പ്രയോജനകരമാവുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ജനകീയ ലബോറട്ടറിയില്‍ സ്‌നേഹജാലകത്തിന്റെ പരിചരണം ലഭിക്കുന്നവര്‍ക്ക് തികച്ചും സൗജന്യമായാണ് പരിശോധനയടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നത്. മറ്റെല്ലാവര്‍ക്കും 70 ശതമാനം വരെ സൗജന്യ നിരക്കുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിര്‍ധനരായ രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് സൗജന്യ വാഹനസൗകര്യവും സ്‌നേഹജാലകം സജ്ജീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ കിടപ്പുരോഗികള്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും വേണ്ട ചികിത്സ /ചലന ഉപകരണങ്ങള്‍ സര്‍ക്കാര്‍ /സര്‍ക്കാരിതര ഏജന്‍സികളില്‍ നിന്നും ലഭ്യമാക്കുന്നു. ആരോഗ്യരംഗത്തെ സമഗ്രമായ ഇടപെടലുകള്‍ക്കായി സമഗ്ര കുടുംബ ആരോഗ്യ സര്‍വേയാണ് മറ്റൊന്ന്. എല്ലാ വാര്‍ഡുകളിലും എന്തിനും സജ്ജരായ സന്നദ്ധസേനയോടൊപ്പം പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കാന്‍ 11 പേരടങ്ങുന്ന വാര്‍ഡ് സമിതികളും നിലവിലുണ്ട്. പങ്കുവയ്ക്കലിന്റെ മഹാത്മ്യം വിളിച്ചോതി ജീവിത ചെലവുകളില്‍ നിന്ന് മിച്ചംപിടിച്ച് എല്ലാ മാസവും കൃത്യമായി തങ്ങളുടെ വിഹിതം ഏല്‍പ്പിച്ച് ഈ സംരഭത്തെ താങ്ങി നിര്‍ത്തുന്ന അഞ്ഞൂറില്‍ പരം കുടുംബങ്ങളാണ് സ്‌നേഹജാലകത്തിന്റെ മറ്റൊരു ശക്തി. ഇങ്ങനെ പറഞ്ഞാല്‍ത്തീരാത്ത സാന്ത്വനപ്പെയ്ത്താണ് പരീക്ഷണങ്ങളുടെ വേനലിലും മഴയിലും നിരവധി കുടുംബങ്ങളുടെ മേല്‍ വര്‍ഷിക്കപ്പെടുന്നത്.

സ്‌നേഹക്കുടയുടെ തണല്‍ ലഭിക്കുന്ന ചിലര്‍

മാരാരിക്കുളം തെക്ക് 14 ാം വാര്‍ഡ് ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന വിന്‍സന്റ് മത്സ്യത്തൊഴിലാളി ആയിരുന്നു. ഭാര്യ നേരത്തെ തന്നെ മരിച്ചു. ഏക ആശ്രയമായിരുന്ന മകന്‍ ആത്മഹത്യ ചെയ്തതോടെ ഒറ്റപ്പെട്ട വിന്‍സന്റ് പ്രായാധിക്യം മൂലം ജോലിയൊന്നും ചെയ്യാന്‍ കഴിയാതെ ഒറ്റപ്പെട്ടു കഴിയുകയാണ്. അദ്ദേഹത്തിന് ഇപ്പോള്‍ സാന്ത്വനക്കുട ചൂടുന്നത് സ്‌നേഹജാലകമാണ്.

മാരാരിക്കുളം തെക്ക് 14 ാം വാര്‍ഡില്‍ തന്നെയുള്ള മക്കളില്ലാത്ത ദമ്പതികള്‍ ആയിരുന്നു വര്‍ഗീസ് ചേട്ടനും മറിയാമ്മ ചേച്ചിയും. നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ഗീസ് ചേട്ടന്‍ മരിച്ചു. ഇതോടെ വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോയ മറിയാമ്മ ചേടത്തിക്ക് ഇപ്പോള്‍ സ്‌നേഹജാലകത്തിന്റെ തണലുണ്ട്.

ചെട്ടികാട് നിന്നു തൊണ്ണൂറുകളില്‍ മത്സ്യബന്ധനത്തിനു പോയി കാണാതായ മകനെയും കാത്തിരിക്കുകയാണ് മൈക്കിളും ഭാര്യയും. ചെട്ടിക്കാട് കടപ്പുറത്തെ ചെറ്റക്കുടിലില്‍ താമസിക്കുന്ന ആ അമ്മയ്ക്കും അച്ഛനും ആരും തുണയില്ല. മകന്റെ തിരോധാനം അമ്മയുടെ മനസ്സിന്റെ താളം തെിച്ചു. ഇപ്പോഴും ആരു ആ വീട്ടിലേക്കു കയറിച്ചെന്നാലും 'മകനേ' എന്ന് വിളിച്ചുവരുന്ന അമ്മയും അച്ചനും ഭക്ഷണം എത്തിക്കുന്നതും മറ്റാരുമല്ല.

ഒരുകാലത്ത് തുമ്പോളി പ്രദേശത്തെ ജന്മികുടുംബം. ഇപ്പോള്‍ വിറ്റും പെറുക്കിയും ക്ഷയിച്ചുതീര്‍ന്നിരിക്കുന്നു. കുടുംബത്ത് അവശേഷിക്കുന്നത് ഒരേയൊരാള്‍. അയാളാവട്ടെ മാനസിക ദൗര്‍ബല്യം മൂലം ചുറ്റിത്തിരിയുന്നു. തുമ്പോളിയിലെ വായനശാലത്തിണ്ണയില്‍ മിക്കവാറും കാണാം അയാളെ. ആരും തിരിഞ്ഞുനോക്കാനില്ലാത്ത യുവാവിനും ഇപ്പോള്‍ സ്‌നേഹജാലകമാണ് ഭക്ഷണം നല്‍കുന്നത്.

ചെട്ടികാട് ഒരു വീട്ടില്‍ ചേട്ടനും അനുജനും- മാനസിക ദൗര്‍ബല്യം മൂലം വീടിനുപുറത്തേക്ക് ഇറങ്ങാറില്ല. വീടും പരിസരവും കാടുപിടിച്ച് അയല്‍ക്കാര്‍ക്കുപോലും എത്തിപ്പെടാന്‍ കഴിയാതായിരിക്കുന്നു. രണ്ടു പേരെയും ഇപ്പോള്‍ സ്‌നേഹജാലകം സംരക്ഷിക്കുന്നു. ഇവയൊക്കെ കേവലം ഉദാഹരണങ്ങള്‍ മാത്രമാണ്.

വിശപ്പില്ലാ സ്‌നേഹഗ്രാമം പദ്ധതിയുടെ മടുപ്പില്ലാ സഞ്ചാരം

കഴിഞ്ഞ നാലുവര്‍ഷമായുള്ള സ്‌നേഹജാലകത്തിന്റെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കിടെ പലപ്പോഴും ഭക്ഷണം കഴിക്കാന്‍ വകയില്ലാത്തവരെ കുറിച്ച് വോളന്റിയര്‍മാര്‍ പറഞ്ഞുകേട്ടപ്പോഴാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ഭാരവാഹികള്‍ ആലോചിക്കുന്നത്. തുടര്‍ന്ന് വാര്‍ഡ് പ്രവര്‍ത്തകര്‍ വഴി പലര്‍ക്കും അരിയും സാധനങ്ങളും എത്തിച്ചെങ്കിലും അടുത്ത ആഴ്ച പോയിനോക്കുമ്പോള്‍ അവ അതേപടി ഇരിക്കുന്നതാണ് കണ്ടതെന്നും മാനസിക ദൗര്‍ബല്ല്യമോ കിടപ്പുരോഗിയോ ആയിട്ടുള്ളവര്‍ക്കു അവ പാചകം ചെയ്തു കഴിക്കാന്‍ സാധിക്കാത്തതിനാലായിരുന്നു അതെന്നും സ്‌നേഹജാലകം എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബര്‍ ജോയ് സെബാസ്റ്റിയന്‍ നാരദാ ന്യൂസിനോടു പറഞ്ഞു. അങ്ങനെയാണ് അവര്‍ക്കു പാചകം ചെയ്തു ഭക്ഷണം എത്തിക്കുക എന്ന രീതിയിലേക്കു മാറാന്‍ സ്‌നേഹജാലകം പ്രവര്‍ത്തകരെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒറ്റപ്പെട്ടു താമസിക്കുന്നവര്‍, മാനസിക രോഗമോ മറ്റോ മൂലം പൊതുജനങ്ങളുമായി ബന്ധമില്ലാത്തവര്‍ എന്നിവര്‍ക്കും സ്‌നേഹജാലകത്തിന്റെ ഭക്ഷണമെത്തുന്നു. പ്രദേശത്തെ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കുമാരന്റെ ഭാര്യ വത്സലയ്ക്കാണ് 'വിശപ്പില്ലാ സ്‌നേഹഗ്രാമം' പദ്ധതിയുടെ മുഖ്യ പാചക ചുമതല. മകന്‍ സുരേന്ദ്രലാലിനും മരുന്നു ഫാക്ടറിയില്‍ ആയിരുന്നു ജോലി. മൂന്നു വര്‍ഷം മുമ്പ് സ്‌ട്രോക്ക് ഉണ്ടായതിനെ തുടര്‍ന്ന് പണിക്കുപോവാനാകാതെ ഇപ്പോള്‍ വീട്ടിലിരിക്കുകയാണ്. പ്രതിമാസം കിട്ടുന്ന ചെറിയൊരു പെന്‍ഷന്‍ മാത്രമാണ് ഏക വരുമാനം. ആ സാഹചര്യത്തിലാണ് അമ്മ വത്സല സ്‌നേഹജാലകത്തിനൊപ്പം ചേര്‍ന്നത്. വത്സലയും രണ്ടു സഹായികളും ചേര്‍ന്നാണ് ദിവസവും ഭക്ഷണം പാകം ചെയ്യുന്നത്. അത് കാസറോളുകളില്‍ നിറച്ചുകൊടുക്കാന്‍ സഹായികളും ഉണ്ട്.

അന്നത്തിനു വകയില്ലാത്ത, കെല്‍പ്പില്ലാത്ത 31 പേര്‍ക്കാണ് നിലവില്‍ സ്‌നേഹജാലകം പാകം ചെയ്ത ഭക്ഷണം പാത്രത്തിലാക്കി വീട്ടിലെത്തിച്ചുനല്‍കുന്നത്. ഒന്നരമാസമായി ഈ പദ്ധതി ആരംഭിച്ചിട്ട്. ഉച്ചയ്ക്ക് 12.30ഓടെ ഓട്ടോറിക്ഷയില്‍ മഹീധരന്‍ എന്നയാള്‍ ഓരോ വീടുകളിലും ഭക്ഷണം എത്തിക്കും. ഗള്‍ഫ് വാസത്തിനു ശേഷം നാട്ടിലെത്തി കൃഷിയുമായി കൂടിയ മഹീധരനാണ് സ്‌നേഹജാലകത്തിന്റെ ഭക്ഷണ വിതരണ ചുമതല. ഉച്ചയ്ക്കും വൈകീട്ടും കഴിക്കാനുള്ള ഭക്ഷണമായിരിക്കും പാത്രത്തിലുണ്ടാവുക. അരിയും സാധനങ്ങളുമെന്നല്ല, പൊതിയായി കൊടുത്താല്‍പ്പോലും പലപ്പോഴും ഈ ആഹാരം അവര്‍ കഴിക്കാന്‍ മെനക്കെടാറില്ല. ഈ സാഹചര്യത്തിലാണ് പാത്രത്തിലാക്കി ഭക്ഷണം നല്‍കാന്‍ ഇവര്‍ തീരുമാനിച്ചത്. അതാവുമ്പോള്‍ പാത്രം കഴുകിയാല്‍ മാത്രം മതിയല്ലോ എന്നാണ് സ്‌നേഹജാലകം പ്രവര്‍ത്തകര്‍ പറയുന്നത്. ഒരു ദിവസം ഏകദേശം 2000 രൂപയാണ് ഇത്തരത്തില്‍ ഭക്ഷണത്തിനായി ചെലവു വരുന്നത്.

പൊതു ഭക്ഷണശാലയെന്ന മഹത്തായ ലക്ഷ്യം

ഭക്ഷണത്തിനു വകയില്ലാത്തവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ അവര്‍ക്കെല്ലാവര്‍ക്കും ആശ്വാസമാവുന്ന രീതിയില്‍ പാതിരപ്പള്ളി ദേശീയപാതയ്ക്കു സമീപം ഒരു പൊതുഭക്ഷണശാല എന്ന സംരഭത്തിനു തുടക്കം കുറിക്കാനൊരുങ്ങുകയാണ് സ്‌നേഹജാലകം പ്രവര്‍ത്തകര്‍. ഏപ്രലില്‍ പകുതിയോടെ ഇതിന്റെ ഉദ്ഘാടനം നടത്താനാണ് തീരുമാനമെന്ന് ജോയ് സെബാസ്റ്റിയന്‍ പറഞ്ഞു. ഇവിടെ പാചകം ചെയ്ത് അഗതികളുടെ വീട്ടില്‍ ഭക്ഷണം എത്തിക്കുകയാണ് പരിപാടി. മാത്രമല്ല, പുറത്തുനിന്നുള്ളവര്‍ക്കും ഭക്ഷണം കഴിക്കാന്‍ വരാവുന്ന തരത്തിലുള്ള ഒരു ഭക്ഷണശാലയാണിത്.

അങ്ങനെയാവുമ്പോള്‍ മറ്റൊരാള്‍ക്കു കൂടിയുള്ള ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാന്‍ അവരോടു പറയാന്‍ കഴിയും. അങ്ങനെ ഓരോരുത്തര്‍ മറ്റൊരാള്‍ക്കുള്ള ഭക്ഷണംകൂടി സ്‌പോണ്‍സര്‍ ചെയ്യുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് വിശപ്പില്ലാ ഗ്രാമം പദ്ധതിയുടെ ഗുണം എത്തും എന്നാണ് കരുതുന്നത്. നിലവില്‍ പാതിരപ്പള്ളി ദേശീയപാതയ്ക്കു പടിഞ്ഞാറുവശത്തുള്ള 10 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന തീരപ്രദേശത്തെ 31 പേര്‍ക്കാണ് ഇപ്പോള്‍ ഭക്ഷണം എത്തിക്കുന്നത്. പൊതുഭക്ഷണശാല യാഥാര്‍ത്ഥ്യമായാല്‍ കിഴക്കുഭാഗത്തുള്ളവരെ കൂടി ഇതില്‍ ഉള്‍പ്പെടുത്താനാവും എന്നാണ് സ്‌നേഹജാലകം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

പാര്‍പ്പിടപദ്ധതി മറ്റൊരു തണല്‍ജാലകം

വീടില്ലാത്ത നിര്‍ധനരും രോഗികളുമായവര്‍ക്ക് സ്നേഹജാലകം മുന്‍കൈയെടുത്തു വീടു വച്ചുകൊടുക്കുന്നുണ്ട്. ആലപ്പുഴ മണ്ഡലത്തില്‍ ഇതുവരെ ആറു കുടുബങ്ങള്‍ക്കാണ് ഇത്തരത്തില്‍ വീടുവച്ചുനല്‍കിയത്. പ്രവാസികളും നാട്ടുകാരുമായ സഹായമനസ്‌കരുടെ സഹായം മുന്‍നിര്‍ത്തിയാണ് സ്‌നേഹജാലകം പ്രവര്‍ത്തകര്‍ ഈ ഉദ്യമത്തിനു നേതൃത്വം നല്‍കുന്നത്. നിലവില്‍ ഏഴു വീടുകളുടെ പണി പുരോഗമിക്കുകയാണ്.

കഴിഞ്ഞ നാലു വര്‍ഷമായി ശയ്യാവലംബനായ രാജേഷ് ഇത്തരത്തില്‍ സ്‌നേഹജാലകത്തിന്റെ ഭവനപദ്ധതിയുടെ ഗുണഭോക്താവില്‍ ഒരാളാണ്. കിഡ്‌നി രോഗമായിട്ടായിരുന്നു തിരിച്ചടിയുടെ തുടക്കം. ഇപ്പോഴും ഡയാലിസിസിന് വിധേയനാണ്. എന്നാല്‍ അസ്തി ദുര്‍ബലമായി പൊടിയുകയും പൊട്ടുകയും ചെയ്യുന്നതാണ് രാജേഷിന്റെ ഇപ്പോഴത്തെ ദുരവസ്ഥ. ഡയാലിസിസിന് ആശുപത്രിയില്‍ കൊണ്ടുപോവുന്നതിനു മറ്റുമുള്ള ബുദ്ധിമുട്ടുകളും ചെലവുകളും വേറെ. രാജേഷിനു വേണ്ടിയുള്ള വീടിന്റെ അടിത്തറയുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. വാഷിങ്ടണില്‍ നിന്നുള്ള കേരള കള്‍ച്ചറല്‍ സൊസൈറ്റിയാണ് വീടിന്റെ സ്‌പോണ്‍സര്‍.

മന്ത്രിയും ആലപ്പുഴ എംഎല്‍എയുമായ തോമസ് ഐസക് സ്‌നേഹജാലകത്തിന്റെ രക്ഷാധികാരി എന്ന നിലയില്‍ ഇവര്‍ക്കൊപ്പമുണ്ട്. അദ്ദേഹത്തിന്റെ എല്ലാവിധ സഹായങ്ങളും പിന്തുണയും സ്‌നേഹജാലകത്തിനുണ്ടെന്നും പ്രവര്‍ത്തകര്‍ പറയുന്നു. സ്‌നേഹജാലകത്തിനാവശ്യമായ ഉപദേശനിര്‍ദേശങ്ങളും അദ്ദേഹത്തില്‍ നിന്നും ലഭിക്കുന്നു. മാത്രമല്ല, 'ഫേസ്ബുക്ക് ഡയറി' എന്ന അദ്ദേഹത്തിന്റെ ബുക്ക് പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്റെ 1.5 ലക്ഷം രൂപയുടെ റോയല്‍റ്റി നല്‍കിയത് സ്‌നഹജാലകത്തിനാണ്. കൂടാതെ സ്‌നേഹജാലകത്തിന്റെ എല്ലാ പരിപാടികളും പദ്ധതികളും അദ്ദേഹം ഫേസ്ബുക്കിലൂടെ മാലോകരെ കൃത്യമായി അറിയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.
പ്രസിഡന്റ് സജിത്ത് രാജിന്റേയും സെക്രട്ടറി വി കെ സാനുവിന്റേയും നേതൃത്വത്തിലുള്ള 15 എക്‌സിക്യൂട്ടീവ് കമ്മിറ്റിയും 45 അംഗ ഗവേണിങ് ബോഡിയുമാണ് സ്‌നേഹജാലകത്തെ നയിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാനും സഹായങ്ങള്‍ ഉറപ്പുവരുത്താനുമായി 'SnehaJalakam' എന്ന പേരിലുള്ള ഫേസ്ബുക്ക് പേജും സനേഹജാലകത്തിന്റേതായി പ്രവര്‍ത്തിച്ചുവരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കൂടുതല്‍ പേരുടെ പിന്തുണയോടെയും സഹായസഹകരണത്തോടെയും കൂടുതല്‍ പേര്‍ക്ക് ആശ്വാസവും സാന്ത്വനവും പകരാനുള്ള സഞ്ചാരത്തിലാണ് സ്‌നേഹജാലകത്തിന്റെ ഉറച്ചകൈകളും മനസ്സുകളും.