അസ്തിത്വം ഒരു ചോദ്യമാണ്; ഹൃദ്യമായ ഈ പരസ്യം കാണാം

നീരജ് ഗെയ്വന്‍ സംവിധാനം ചെയ്ത വിക്സിന്റെ പരസ്യം ചില ചിന്തകള്‍ ചര്‍ച്ചയ്ക്കു വയ്ക്കുന്നതാണ് ലോകത്തില്‍ എല്ലാവര്‍ക്കും ഒരു സ്നേഹസ്പര്‍ശം ആവശ്യമുണ്ടെന്നു പറയുന്ന പരസ്യത്തില്‍ ഒപ്പം എല്ലാവര്‍ക്കും ലഭിക്കേണ്ടതായ മാന്യതയും നീതിയും കൂടി ചര്‍ച്ച ചെയ്യുന്നു.

അസ്തിത്വം ഒരു ചോദ്യമാണ്; ഹൃദ്യമായ ഈ പരസ്യം കാണാം

നല്ല സന്ദേശങ്ങള്‍ നല്‍കുന്ന പരസ്യങ്ങള്‍ എവിടെ നഷ്ടമായി പോയി എന്ന് നമ്മള്‍ ചിലപ്പോഴൊക്കെ ചിന്തിച്ചിട്ടില്ലേ? കാലങ്ങള്‍ക്കപ്പുറം നിലനില്‍ക്കുന്ന ചില പരസ്യങ്ങള്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്. ചിലത് നമ്മുടെ കണ്ണ് നനയിക്കുമ്പോള്‍ മറ്റു ചിലത് മൃദുവായി ഹൃദയത്തെ തലോടുകയും ചെയ്തിരുന്നു. ഇപ്പോള്‍ അത്തരത്തിലൊരു പരസ്യം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.

നീരജ് ഗെയ്വന്‍ സംവിധാനം ചെയ്ത വിക്സിന്റെ പരസ്യം ചില ചിന്തകള്‍ ചര്‍ച്ചയ്ക്കു വയ്ക്കുന്നതാണ്. ലോകത്തില്‍ എല്ലാവര്‍ക്കും ഒരു സ്നേഹസ്പര്‍ശം ആവശ്യമുണ്ടെന്നു പറയുന്ന പരസ്യത്തില്‍ ഒപ്പം എല്ലാവര്‍ക്കും ലഭിക്കേണ്ടതായ മാന്യതയും നീതിയും കൂടി ചര്‍ച്ച ചെയ്യുന്നു.

ഹോസ്റ്റലിലേക്ക് പോകുന്ന ഒരു പെണ്‍കുട്ടിയുടെ ചിന്തകളാണ് പരസ്യത്തില്‍ സംവേദനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അമ്മയുടെ ആഗ്രഹം ഗായത്രി ഒരിക്കല്‍ ഡോക്ടര്‍ ആകണമെന്നാണ്. അമ്മയെ പിരിഞ്ഞു നില്‍ക്കാന്‍ ഈ പെണ്‍കുട്ടിക്കു വിഷമമുണ്ട്. പെറ്റമ്മയെ ഒരു ദുരൂഹ സാഹചര്യത്തില്‍ ആംബുലന്‍സില്‍ കയറ്റിക്കൊണ്ടു പോയതിനെ ഓര്‍മ്മിക്കുന്ന പെണ്‍കുട്ടി അമ്മയെ വല്ലാതെ സ്നേഹിക്കുന്നതായി വാക്കുകളില്‍ പ്രകടമാണ്.

ജീവിതത്തിന്റെ എല്ലാ ദുഃഖങ്ങളെയും അതിജീവിച്ച് അവള്‍ക്കു സന്തോഷം പകരുന്നവളാണ് അമ്മ. ഒടുവില്‍ അമ്മ ഭിന്നലിംഗക്കാരിയായ ഒരു സ്ത്രീയാണ് എന്നു കാണിക്കുമ്പോഴാണ് അമ്മ അനുഭവിച്ച ദുഃഖം സ്വന്തം അസ്തിത്വമായിരുന്നു എന്നു പ്രേക്ഷകര്‍ക്ക് അറിയാന്‍ കഴിയുന്നത്.

എല്ലാവര്‍ക്കും തുല്യനീതിയാണ് എന്നു സിവിക്സ്‌ ബുക്കില്‍ പഠിച്ചിരുന്നു..പക്ഷെ അമ്മയ്ക്ക് മാത്രമെന്താണ് ഇങ്ങനെ?

കുഞ്ഞു ഗായത്രിയ്ക്കു ഡോക്ടര്‍ ആകേണ്ട, ഒരു നിയമജ്ഞയായാല്‍ മതി. തന്റെ അമ്മയ്ക്ക് മറ്റുള്ളവരെ പോലെയൊരു ജീവിതം സമൂഹത്തില്‍ ലഭിക്കുന്നതിന് വേണ്ടിയാണത്. വിക്സിന്റെ ഈ പുതിയ പരസ്യം ഭിന്നലിംഗക്കാരോടുള്ള സമൂഹത്തിന്റെ മനോഭാവത്തെ അര്‍ത്ഥഗര്‍ഭമായി ചോദ്യം ചെയ്യുകയാണ്.