സോഷ്യൽ മീഡിയ തിരഞ്ഞ ആ കൊച്ചു പാട്ടുകാരൻ ഇതാ ഇവിടെ!

മകന്റെ പാട്ട് ഒരു രസത്തിന് മൊബൈലിൽ പകർത്തി സുഹൃത്തുക്കളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടതാണ് രാഘവൻ. എന്നാൽ ഇതത്ര വൈറലാവുമെന്ന് അദ്ദേഹവും വിചാരിച്ചില്ല

സോഷ്യൽ മീഡിയ തിരഞ്ഞ ആ കൊച്ചു പാട്ടുകാരൻ ഇതാ ഇവിടെ!

"വാതിൽ തുറക്കു നീ കാലമേ" എന്ന പാട്ട് മനം കുളിർക്കെ പാടിയ ആ കൊച്ചു പാട്ടുകാരന് മുന്നിൽ ഇനി കാലം വാതിൽ തുറക്കും. ഒറ്റപാട്ടിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ, സോഷ്യൽ മീഡിയ അന്വേഷിച്ച ആ പാട്ടുകാരൻ ഇതാ ഇവിടെ. പേര് വൈശാഖ്. ആറ് വയസ്സ്!

കാസർഗോഡ് ബളാൽ പഞ്ചായത്തിൽ ബിന്ദുവിന്റേയും രാഘവന്റേയും ഇളയമകനായ വൈശാഖ് സെന്റ് ജ്യൂഡ് എഎൽപി സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. ജന്മനാ കാഴ്ച്ച ശക്തി ഇല്ലാത്ത വൈശാഖിന് പാട്ടാണ് എല്ലാം. ആറാം മാസം മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്ന വൈശാഖിന്റെ ഇരു കണ്ണിനും നിരവധി ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ട്. വലത്തെ കണ്ണിന് ചെറുതായി കാഴ്ച്ച ലഭിച്ചെങ്കിലും ഇടത്തെ കണ്ണ് ഇപ്പോഴും പൂർണമായും കാണാത്ത അവസ്ഥയിലാണ്.

അമ്മയും അച്ചനും വലിയ പാട്ടുകാരല്ലെങ്കിലും വൈശാഖിനെ പാട്ടിന്റെ ലോകത്തേക്ക് എത്തിച്ചത് ഇവരാണ്. മൊബൈലിൽ നിന്ന് പാട്ട് കേട്ട് തനിയെ പഠിക്കുന്ന വൈശാഖിന് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതും ഇവർ തന്നെ. വൈശാഖിന്റെ ചേച്ചി മൂന്നാംക്ലാസുകാരി ആവണിയും നല്ല പാട്ടുകാരി തന്നെ പാട്ടിനും ഡാൻസിനുമൊക്കെ നിരവധി സമ്മാനങ്ങൾ നേടിയ ആവണി സ്കൂളിലെ താരമാണ്.

മകന്റെ പാട്ട് ഒരു രസത്തിന് മൊബൈലിൽ പകർത്തി സുഹൃത്തുക്കളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ ഇട്ടതാണ് രാഘവൻ. എന്നാൽ ഇതത്ര വൈറലാവുമെന്ന് അദ്ദേഹവും വിചാരിച്ചില്ല. എന്നാലും പാചക ജോലിക്കാരനായ രാഘവന് മക്കളുടെ ഭാവി തന്നെയാണ് ലക്ഷ്യം. തന്റെ ചെറിയ വരുമാനം കൊണ്ട് പാട്ട് പഠിപ്പിക്കാൻ ആവില്ലെങ്കിലും മകൻ നല്ല പാട്ടുകാരനാവുമെന്ന ഉറച്ച വിശ്വാസമുണ്ട് ആ അച്ഛനും അമ്മയ്ക്കും

Read More >>