അയ്യേ എന്നു പറഞ്ഞില്ല, സർക്കാർ സ്കൂളിൽ മകനെ ചേർത്ത് ബൽറാമിന്റെ ഹായ്!

പരിഷ്കാരികളാകാൻ മക്കളെ ഇം​ഗ്ലീഷ് മീഡിയം സ്കൂളുകളിൽ ചേർക്കുന്ന ജനപ്രതിനിധികളിൽ നിന്നും വ്യത്യസ്തനായി വി ടി ബൽറാം. മകൻ അദ്വൈത് മാനവിനെ അയലത്തെ സർക്കാർ എൽപി സ്കൂളിൽ ചേർത്ത് ബൽറാമിന്റെ കിടിലൻ മാതൃക

അയ്യേ എന്നു പറഞ്ഞില്ല, സർക്കാർ സ്കൂളിൽ മകനെ ചേർത്ത് ബൽറാമിന്റെ ഹായ്!

അയ്യേ, സര്‍ക്കാര്‍ സ്‌കൂളെന്നു പറയുന്ന കൂട്ടത്തിലല്ല തൃത്താല എംഎല്‍എ വി ടി ബല്‍റാം. രക്ഷിതാക്കളെല്ലാം മക്കളെ സ്വകാര്യ സ്‌കൂളില്‍ ചേര്‍ക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു ജനപ്രതിനിധികള്‍ക്കു മാതൃകയാവുകയാണ് വി ടി ബല്‍റാം. തൃത്താലയില്‍ തന്റെ വീടിനു സമീപത്തെ അരിക്കാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലാണ് മകന്‍ അദ്വൈത് മാനവിനെ ചേര്‍ത്തത്.

വിവാഹം കഴിക്കുന്നതിനെ കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിച്ച കാലത്തു തന്നെ വി ടി ബല്‍റാം തീരുമാനിച്ചിരുന്നു. കുഞ്ഞുങ്ങളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കണം. ഭാര്യ അനുപമയും ബല്‍റാമുമെല്ലാം സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചവരാണ്. ആറുവരെ നാട്ടിലെ യുപിയിലും പിന്നെ നവോദയയിലുമായിരുന്നു ബല്‍റാമിന്റെ സ്‌കൂള്‍ കാലം. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചു എന്നതുകൊണ്ട് തനിക്ക് ഗുണമേ ഉണ്ടായിട്ടുള്ളു എന്നാണ് ബല്‍റാമിന്റെ പക്ഷം. എന്നാല്‍ അനുപമയ്ക്ക് അതിനോട് അല്‍പ്പം അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സര്‍ക്കാര്‍ സ്‌കൂളിന്റെ ഒരു കുഴപ്പം ഇംഗ്ലീഷ് അത്ര ഈസിയാവില്ല എന്നതാണത്.


ജാതിയും മതവും മതവും ചോദിക്കുന്ന കോളത്തില്‍ മതമില്ല എന്ന് രേഖപ്പെടുത്തിയാണ് അദ്വൈതിന്റെ അധ്യയന പ്രവേശനം. പ്രായപൂര്‍ത്തിയായതിനും ശേഷം അവന് ഇഷ്ടപ്പെട്ട മതം വേണമെങ്കില്‍ തെരഞ്ഞെടുക്കാമല്ലോ എന്നാണ് ബല്‍റാം പറയുന്നത്.

അരിക്കാട് സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം ഫേസ്ബുക്ക് ലൈവില്‍ വന്നാണ് ബല്‍റാമിത് എല്ലാവരേയും അറിയിച്ചത്. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ ജനപ്രതിനിധികള്‍ അടക്കമുള്ള മുഴുവന്‍ ആളുകളും സ്വന്തം മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ തയ്യാറാകണമെന്ന് ബല്‍റാം വീഡിയോയില്‍ ആവശ്യപ്പെട്ടു. എന്നത്തേയും പോലെ ഉദ്ഘാടനകനായെത്തുന്ന ജനപ്രതിനിധിയെന്ന നിലയ്ക്കല്ല, ഒരു രക്ഷിതാവായും കൂടിയാണ് ഇത്തവണ ബല്‍റാം അരിക്കാട് സ്‌കൂളിലെത്തിയത്.

അദ്വൈത് അല്‍പ്പം നാണം കുണുങ്ങിയാണ്. കുട്ടികളുമായി നന്നായി ഇടപെട്ടാലേ അവനൊരു കരുത്തനാകു. സര്‍ക്കാര്‍ സ്‌കൂള്‍ അവന് ഗുണമാവുകയേയുള്ളു. ജീവിതത്തിന്റെ എല്ലാ തലങ്ങളിലുമുള്ള കുഞ്ഞുങ്ങളുമായി ഇടപെടുന്നത് അദ്വൈതിന് ഒരുപാട് ഗുണകരമാകും. ബല്‍റാമിലെ രക്ഷിതാവിന്റെ മനസില്‍ അദ്വൈതിന്റ നല്ല ഭാവി തന്നെയാണ്.


ആറാം ക്ലാസു വരെ ബല്‍റാമും സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. പിതാവും സ്‌കൂള്‍ അധ്യാപകനാണ്. ഇതും സ്വന്തം മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കാനുള്ള പ്രേരണയായി. വിവാഹത്തോടനുബന്ധിച്ചു തന്നെ മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. ഭാര്യയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഭാര്യയെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ കുറച്ചു സമയമെടുത്തു. സ്വാശ്രയവിദ്യാഭ്യാസം പൂര്‍ണമായും ഒഴിവാക്കണമെന്ന അഭിപ്രായമില്ലെങ്കിലും അതിന്റെ ഫീസ് നിര്‍ണയിക്കുന്നതിലും പ്രവേശനത്തിലുമൊക്കെ ഒരു സുതാര്യതയും നിയന്ത്രണവും വേണമെന്ന അഭിപ്രായക്കാരനാണ് ബല്‍റാം.

ഇംഗ്ലീഷ് വിദ്യാഭ്യാസം അനിവാര്യമാണ്. അതിനായി സംസ്ഥാനത്ത് ഹലോ ഇംഗ്ലീഷ് എന്നൊരു പദ്ധതി തുടങ്ങിയിട്ടുണ്ടെന്നു ബല്‍റാം പറയുന്നു. അതിനൊപ്പം ഈ പ്രദേശത്ത് മറ്റു ചില പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ലാംഗ്വേജ് ലാബുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അച്ഛനെന്ന നിലയില്‍ മകനു ലഭ്യമാക്കണമെന്നു ആഗ്രഹിക്കുന്ന സൗകര്യങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കേണ്ട ചുമതല എംഎല്‍എ എന്ന നിലയില്‍ തനിക്കുണെന്നും ബല്‍റാം ചൂണ്ടിക്കാട്ടുന്നു.


തന്നെ കൂടാതെ പ്രദേശത്തെ വാര്‍ഡ് മെംബര്‍ ശശിയുടെ മകളും അരിക്കാട് സ്‌കൂളില്‍ പഠിക്കാന്‍ ചേര്‍ന്നിട്ടുണ്ട്. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ പൊതുവെ കുറവാണെന്നും അത് പരിഹരിക്കപ്പെടേണ്ടതു തന്നെയാണെന്നും ബല്‍റാം പറയുന്നു. അതിനായി ഈ സ്‌കൂള്‍ അടക്കം തൃത്താല മണ്ഡലത്തിലെ എല്ലാ പ്രാഥമിക സര്‍ക്കാര്‍ സ്‌കൂളുകളേയും അടുത്ത നാലുവര്‍ഷത്തിനകം സമഗ്രമായി പുനരുദ്ധരിക്കാനുള്ള കര്‍മപദ്ധതികള്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ബല്‍റാം ആവിഷ്‌കരിച്ചിട്ടുണ്ട്.

അതിന്റെ ഭാഗമായി ഈ വര്‍ഷം മൂന്നു സ്‌കൂളുകളാണ് ഏറ്റെടുക്കുന്നത്. വരും വര്‍ഷങ്ങളില്‍ മൂന്നോ നാലോ അഞ്ചോ സ്‌കൂളുകള്‍ ഏറ്റെടുത്ത് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളേയും സമഗ്രമായി പരിഷ്‌കരിക്കാനാണ് ഉദ്ദേശിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമെല്ലാം പരിഹരിച്ച് പൊതുവിദ്യാഭ്യാസത്തെ ആകര്‍ഷണീയമാക്കുക എന്നതാണ് ലക്ഷ്യം.

അദ്വൈതിന് ഒരു അനുജത്തി കൂടിയുണ്ട്. മൂന്നര വയസുള്ള അവന്തിക. സര്‍ക്കാര്‍ സ്‌കൂളില്‍ മക്കളെ ചേര്‍ക്കാന്‍ തീരുമാനിച്ച പതിനായിരക്കണക്കിനു രക്ഷിതാക്കള്‍ക്ക് ബല്‍റാമിന്റെയും അനുപമയുടേയും തീരുമാനം പകരുന്ന ഊര്‍ജം വളരെ വലുതാണ്. ബല്‍റാമിനും കുടുംബത്തിനും അവരുടെ തീരുമാനത്തിനും നാരദയുടെ സല്യൂട്ട്!


Read More >>