മന്ത്രി സുനിൽകുമാർ പറയുന്നു:ദിലീപിന് സഹായം ചെയ്തിട്ടില്ല; കലാഭവൻ മണിയാണ് സുഹൃത്ത്; കുറ്റവാളിയെ സംരക്ഷിക്കുന്ന നയമല്ല സര്‍ക്കാരിന്റേത്

കുറ്റവാളിയെ സംരക്ഷിക്കുന്ന നയമല്ല ഈ സര്‍ക്കാരിന്റേത്. അതുകൊണ്ട് എന്തു പ്രചരണം ആര് നടത്തിയാലും ആ പ്രചരണം തുറന്നു കാണിക്കപ്പെടുക തന്നെ ചെയ്യും. ഒരിക്കലും സർക്കാരും പൊലീസും സ്വാധീനിക്കപ്പെടുകയില്ല.-മന്ത്രി വി എസ്‌ സുനിൽകുമാറുമായി ദീർഘഭാഷണം.

മന്ത്രി സുനിൽകുമാർ പറയുന്നു:ദിലീപിന് സഹായം ചെയ്തിട്ടില്ല; കലാഭവൻ  മണിയാണ് സുഹൃത്ത്; കുറ്റവാളിയെ സംരക്ഷിക്കുന്ന നയമല്ല സര്‍ക്കാരിന്റേത്

ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയുള്ള ഡി സിനിമാസ് സര്‍ക്കാര്‍ സ്ഥലം കവര്‍ന്നുവെന്ന റിപ്പോര്‍ട്ട് പൂഴ്ത്തിയതിലും അന്വേഷണം മരവിപ്പിച്ചതിലും സിപിഐ മന്ത്രി വി.എസ് സുനില്‍കുമാറിന്റെ പങ്ക് വ്യക്തമാകുന്നുവെന്ന വാര്‍ത്ത നാരദാ ന്യൂസാണ് പുറത്ത് വിട്ടത്. ഇതില്‍ താങ്കളുടെ പ്രതികരണമെന്താണ് ?

2015 -ല്‍ യുഡിഎഫ് ഭരണ കാലത്തെ സംഭവമാണിത്. എനിക്ക് യാതൊരു ബന്ധവും അതിലില്ല. ദിലീപെന്നല്ല ഏതു പ്രമാണിയാണെങ്കിലും ശരി, ഭൂമി കൈയ്യേറിയ കേസില്‍ വി എസ് സുനില്‍കുമാറെന്നല്ല, സിപിഐയിലെ ആരും തന്നെ ഇടപെടുന്ന പ്രശ്‌നമില്ല. യുഡിഎഫ് ഭരിക്കുന്ന കാലത്ത് ഞാന്‍ ഇടപെട്ട് ഒരു റിപ്പോര്‍ട്ട് മുക്കിയെന്ന് പറയുന്നത് നടക്കാത്ത കാര്യമാണ്. ഈ ആരോപണത്തിന് ഒരടിസ്ഥാനവുമില്ല. ഇത്തരത്തില്‍ ഒരു വാര്‍ത്ത വരുന്നത് നിര്‍ഭാഗ്യകരമാണ്. എന്നെപ്പോലെ സത്യസന്ധമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെയുള്ള ഇത്തരം ആരോപണം ശരിയായ രീതിയല്ല. ഞാന്‍ ഒരിക്കലും കയ്യേറ്റക്കാരെ സഹായിക്കുന്ന ആളല്ല. അന്നും ഇന്നും അതിനെതിരെ നില്‍ക്കുന്ന ഒരാളാണ്.

രമേശ് ചെന്നിത്തലയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന അന്‍വര്‍ സാദത്തിന് ബിനാമി ഇടപാട് ഉണ്ടെന്ന് പറയുന്ന വസ്തുവാണ് ഡി സിനിമാസ്. അങ്ങനെയൊരു ആരോപണം നിലനില്‍ക്കെ ഇത്തരം കാര്യത്തില്‍ താങ്കളുടെ ശ്രദ്ധ പതിയേണ്ടതല്ലേ?

എന്റെ ശ്രദ്ധയില്‍പെടാത്തതല്ല. യുഡിഎഫിന്റെ കാലത്ത് നടന്നതാണ്. ആ കാലയളവിലെ റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കാന്‍ ഞാന്‍ വരേണ്ടതുണ്ടോ?

എങ്കില്‍ അവര്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ താങ്കളുടെ അഭിപ്രായം?

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുള്ള സംഭവമല്ലേ അത്? കോണ്‍ഗ്രസ് ചായ്‌വുള്ള നേതാക്കളുമായി ബന്ധമുള്ള നടന്‍ ദിലീപിന്റെ അനധികൃത ഇടപാടുകള്‍ക്ക് അവരാണ് ഉത്തരവാദി. ഇപ്പോള്‍ ഞാനൊരു കാര്യം പറഞ്ഞേക്കാം. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായി അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ദിലീപിന്റെ സ്ഥാപനവും വസ്തുവും കയ്യേറിയ ഭൂമിയിലാണെങ്കില്‍ ശക്തമായ നടപടിയുണ്ടാകും.

നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ താങ്കള്‍ പരിശോധിച്ചിരുന്നോ?

ജില്ലാ കളക്ടറുമായും ബന്ധപ്പെട്ടവരുമായും ഞാന്‍ നേരിട്ട് സംസാരിച്ചിരുന്നു. റവന്യൂ മന്ത്രിയോട് ഞാന്‍ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. അടിയന്തിരമായി നടപടികളിലേക്ക് പോകണമെന്നും റവന്യൂ മന്ത്രിയോട ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടതുപക്ഷ സഹയാത്രികനായിരുന്ന കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്ക് പരാതി ഉണ്ടായിരുന്നല്ലോ. ദിലീപുമായി ബന്ധപ്പെട്ടും മണിയുടെ അനിയന്‍ സംശയം ഉന്നയിച്ചല്ലോ?

അന്വേഷണത്തിലിരിക്കുന്ന കാര്യമാണത്. കലാഭവന്‍ മണി എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. ദിലീപിനെ അറിയും എന്നതല്ലാതെ ബന്ധമില്ല. മണിയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് നമുക്ക് ആര്‍ക്കും ഒന്നും മറച്ചുവയ്ക്കാനില്ല. സിബിഐ അന്വേഷണം നടക്കുകയാണല്ലോ. അതൊക്കെ അന്വേഷണത്തില്‍ തെളിയേണ്ട കാര്യമാണ്.

ദിലീപുമായുള്ള സാമ്പത്തികബന്ധത്തെക്കുറിച്ചോ ഡി സിനിമാസുമായുള്ള ബന്ധത്തെക്കുറിച്ചോ കലാഭവന്‍ മണി താങ്കളുമായി സൗഹൃദവേളയില്‍ എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടോ?

ഇല്ലയില്ല. എന്റടുത്ത് പറഞ്ഞിട്ടില്ല. ഞങ്ങള്‍ തമ്മില്‍ വ്യക്തിപരമായ വളരെ അടുപ്പമുണ്ട്. എന്നാല്‍ ബിസിനസ്പരമായ ഒരു കാര്യവും എന്നോട് സംസാരിച്ചിട്ടില്ല. പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഞങ്ങള്‍ സിനിമാക്കാരെ അങ്ങോട്ട് സമീപിക്കുമെന്നല്ലാതെ അവര്‍ ഇങ്ങോട്ട് കാര്യങ്ങള്‍ പറഞ്ഞ് വരാറില്ല.

എല്‍ഡിഎഫ് ഭരിക്കുമ്പോഴും അവരുടെ പൊലീസിനെ ഉപയോഗിക്കാതെ എന്തുകൊണ്ടാണ് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടേണ്ടിവരുന്നത്?

മണിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. മണിയുടെ വീട്ടുകാര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. കലാഭവന്‍ മണിയുടെ കുടുംബത്തിന് സഹായകരമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയുടെ സ്വദേശം താങ്കളുടെ മണ്ഡലത്തിലാണ്. കേസുമായി ബന്ധപ്പെട്ട് ഇരയുടെ നീതിക്കു വേണ്ടി താങ്കള്‍ എടുത്തിട്ടുള്ള നിലപാടും ഇടപെടലുകളും എന്താണ്?

ഞാന്‍ അന്നും ഇന്നും എന്നും ആ നടിയുടെ ഒപ്പമാണ്. ഞാന്‍ വരുമ്പോഴൊന്നും അവര്‍ ഇവിടെ ഉണ്ടായിരുന്നില്ല. ഞാനവരെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നത് ശരിയാണ്. പക്ഷേ ആ വിഷയത്തില്‍ ശക്തമായ അന്വേഷണം നടത്തണം, സത്യം പുറത്തു കൊണ്ടുവരണം എന്ന നിലപാടാണ് എനിക്കും സര്‍ക്കാരിനും ഉള്ളത്.

തൃശൂരു നിന്ന് ഉണ്ടാകേണ്ട സ്വാഭാവികമായ പ്രതിഷേധം പോലും അവിടെ നിന്ന് ഉണ്ടായില്ല?

തൃശൂരുകാരിയാണോ തിരുവനന്തപുരംകാരിയാണോ എന്നതല്ല പ്രശ്‌നം. ഒരു സഹോദരിക്കുണ്ടായ സംഭവം പോലെ നമ്മളിതിനെ കാണണം. മന്ത്രിയെന്ന നിലയില്‍ ഞാന്‍ തീര്‍ച്ചയായിട്ടും ശക്തമായ നിലപാട് എടുത്തിട്ടുള്ളയാളാണ്.

വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന പോലും ഇതിനെത്തുടര്‍ന്ന് ഉണ്ടാക്കി. ആക്രമിക്കപ്പെട്ട നടിയുടെ സഹൃത്തുക്കളായ ആളുകള്‍ ചേര്‍ന്നാണ് ഈ സംഘടന ഉണ്ടാക്കിയത്. അവര്‍ മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടേണ്ട സാഹചര്യമുണ്ടായി?

എന്നെ സംഘടനയിലുള്ളവർ ബന്ധപ്പെട്ടിട്ടില്ല. അവര്‍ സിനിമാക്കാരുമായി ബന്ധപ്പെട്ടാണ് സംഘടന രൂപീകരിക്കാനുള്ള തീരുമാനമെടുത്തത്. രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ടിട്ടല്ല. അതിനാല്‍ ഞാന്‍ വ്യക്തിപരമായി അതില്‍ ഇടപെടേണ്ട കാര്യം ഉണ്ടായിട്ടില്ല. ഞാന്‍ ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി നിലകൊള്ളുന്ന ആളാണ്. സിനിമാ ഫീല്‍ഡില്‍ മുമ്പും ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് കൊണ്ടാണ് അവര്‍ ഇത്തരത്തില്‍ തീരുമാനമെടുത്തത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. മേലില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കൂട്ടായ്മയാണിത്.

മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. താങ്കള്‍ നേരിട്ട് കണ്ടിട്ടില്ല എന്ന് പറയുന്നുണ്ട്. എന്നാല്‍ വിളിച്ചെങ്കിലും പിന്തുണ അറിയിച്ചിട്ടുണ്ടോ?

ഞാനവരെ വിളിച്ചിരുന്നു അന്ന്. എന്നാല്‍ അവര്‍ക്ക് സംസാരിക്കാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല. ഞാന്‍ അപ്പോള്‍ ആ കുട്ടിയെ ഡിസ്റ്റര്‍ബ് ചെയ്യണ്ട എന്നേ കരുതിയുളളൂ. ഇക്കാര്യത്തില്‍ പ്രചരണപരമായ കാര്യങ്ങള്‍ അല്ല ചെയ്യേണ്ടത്.

ആക്രമിക്കപ്പെട്ട നടിയുടെ കസിന്‍ ബ്രദര്‍ ഇക്കാര്യങ്ങളില്‍ ബന്ധപ്പെടാന്‍ ഉണ്ടായിരുന്നല്ലോ. പ്രതിപക്ഷ എംഎല്‍എയുടെ ഭാഗത്തുനിന്നു ലഭിച്ച പിന്തുണ ഭരണകക്ഷിയില്‍ നിന്ന് ലഭിച്ചില്ല എന്ന് ആരോപണമുണ്ട്?

പിന്തുണ അറിയിക്കാനായി നേരില്‍ കാണേണ്ടതില്ല എന്ന് സിനിമാരംഗത്തെ ചില സുഹൃത്തുക്കള്‍ തന്നെ എന്നോട് ഉപദേശിച്ചിരുന്നു. ഞാന്‍ ഇന്നസെന്റിനെയൊക്കെ വിളിച്ചിരുന്നു. അതുകൊണ്ട് ഞാന്‍ പോകാതിരുന്നതാണ്. അല്ലാതെ അവരെ കാണണ്ട എന്ന് തീരുമാനിച്ച് പോകാതിരുന്നതല്ല. വീട്ടില്‍ പോയി അനുഭാവം പ്രകടിപ്പിക്കേണ്ട കാര്യമല്ലല്ലോ ഇത്. മാത്രമല്ല, ശക്തമായ നിലപാട് സര്‍ക്കാര്‍ എടുത്തിട്ടുമുണ്ട്.

മന്ത്രിയായല്ല, ആക്രമിക്കപ്പെട്ട നടിയുടെ മണ്ഡലത്തിലെ എംഎല്‍എ എന്ന നിലയില്‍ ഇനിയെങ്കിലും കാണാന്‍ പോകുന്നത് നല്ലതാണെന്ന് കരുതുന്നുണ്ടോ?

തീര്‍ച്ചയായും. പെണ്‍കുട്ടിയുടെ പേര് പോലും വെളിപ്പെടുത്താന്‍ പാടില്ലാത്ത കേസാണിത്. എന്റേതായ രീതിയില്‍ ഞാന്‍ അത് കൈകാര്യം ചെയ്യും.

അപ്പോള്‍ കുറ്റം തെളിയിക്കാന്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുക തന്നെ ചെയ്യും?

അതെ. നമ്മുടെയൊക്കെ മുന്നില്‍ ഏറ്റവും മാന്യനായി ചമഞ്ഞ് നിന്നിട്ട് വൃത്തികെട്ട ഇടപാടുകള്‍ ചെയ്യുന്നവരോട് പ്രതിഷേധമുള്ളവരാണ് നാം. മാത്രമല്ല, ഒരു പെണ്‍കുട്ടിയ്ക്ക് ഇങ്ങനെയൊരു ദുരനുഭവമുണ്ടായതില്‍ വിഷമിക്കുന്നവരുമാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ സഹായിക്കുന്നു എന്ന് കേള്‍ക്കുന്നത് പോലും ഇഷ്ടപ്പെടാത്ത ആളാണ് ഞാന്‍.

ആക്രമിക്കപ്പെട്ട നടിക്കെതിരായി, പതിനൊന്നാം പ്രതി ദിലീപിനെ അറസ്റ്റ് ചെയ്തത് തെറ്റായിരുന്നു എന്ന് പെയ്ഡ് ക്യാംപെയ്ന്‍ നടക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തെ സര്‍ക്കാര്‍ എങ്ങനെയായിരിക്കും നേരിടുക?

ഒരു കാര്യം ഞാന്‍ പറയാം. എന്ത് ക്യാംപയിന്‍ നടത്തിയാലും എന്ത് പ്രചരണം നടത്തിയാലും ശരി, ഈ സര്‍ക്കാര്‍ അതിനൊന്നും വഴങ്ങുന്നവരല്ല. ഒരു രീതിയിലും കുറ്റവാളികള്‍ക്ക് അനുകൂലമായ ഒരു നിലപാട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ പൊലീസിന്റെ ഭാഗത്തു നിന്നോ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നോ ഉണ്ടാകില്ല. അത്രയും കര്‍ശനമായ നിലപാടുകളും നിർദ്ദേശങ്ങളും ആണുള്ളത്.

സര്‍ക്കാരിന്റെ നിയമപരമായ നിലപാടിനെതിരെ പണം മുടക്കിയുള്ള പ്രചരണമുണ്ടെന്ന് പൊലീസ് തന്നെ പറയുകയാണ്?

പൊലീസ് അത് കണ്ടെത്തി എന്ന് പറയുന്നത് തന്നെ കര്‍ശനമായ നിര്‍ദ്ദേശങ്ങളുള്ളതിനാലാണ്. പ്രതി ജയിലിനുള്ളില്‍ ഇരിക്കെ ഇത്തരം ക്യാംപയിന്‍ ഉണ്ടാകുകയാണെങ്കില്‍ പുറത്തിറങ്ങിയാല്‍ എന്തായിരിക്കും സ്ഥിതി?

പണം,രാഷ്ട്രീയബന്ധങ്ങള്‍ എന്നിവ കുറ്റകൃത്യം നടത്തുന്നതിനായി ഉപയോഗിക്കുന്നുണ്ടോ? സർക്കാർ നയം കുറ്റകൃത്യം തെളിയിക്കപ്പെടാൻ എത്ര മാത്രം സഹായകരമാണ്?

എല്ലാ സര്‍ക്കാരും ഒരേപോലെയല്ല. ഒരു ക്രിമിനല്‍ കുറ്റവാളിക്കും പിണറായി സര്‍ക്കാരിനെ പണം കൊണ്ടും സ്വാധീനം കൊണ്ടും നേരിടാന്‍ പറ്റില്ല. ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര വലിയ പ്രമാണിയാണെങ്കിലും പ്രഗത്ഭനാണെങ്കിലും ശരി അവരെ വച്ച് കൊണ്ട് സ്വാധീനം ചെലുത്താനും കഴിയില്ല. അതിന് വഴങ്ങുന്ന ഒരാളും ഈ ഗവണ്‍മെന്റിലില്ല. ഈ സര്‍ക്കാര്‍ അല്ലായിരുന്നെങ്കില്‍ താങ്കള്‍ ആദ്യം പറഞ്ഞതുപോലെ ഈ അറസ്റ്റ് നടത്തുമായിരുന്നില്ല. നമ്മള്‍ മനസ്സിലാക്കേണ്ട കാര്യം കുറ്റവാളിയെ സംരക്ഷിക്കുന്ന നയമല്ല ഈ സര്‍ക്കാരിന്റേത്. അതുകൊണ്ട് എന്തു പ്രചരണം ആര് നടത്തിയാലും ആ പ്രചരണം തുറന്നു കാണിക്കപ്പെടുക തന്നെ ചെയ്യും. അതിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും സർക്കാരും പൊലീസും സ്വാധീനിക്കപ്പെടുകയില്ല. മുഖ്യമന്ത്രി ഈ കേസിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം വളരെ ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. പഴുതടച്ചുള്ള അന്വേഷണവുമായി മുന്നോട്ട് പോകണമെന്ന അഭി പ്രായമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എല്ലാ ഘട്ടത്തിലും.

Read More >>